സുനിൽ ലാംസൽ, നിഷ മേത്ത, പ്രതിഭ റാവൽ
ന്യൂഡൽഹി: നേപ്പാളിൽ പുതുതായി അധികാരമേറ്റ 15 അംഗ മന്ത്രിസഭയിലെ പ്രധാനമന്ത്രിയും മറ്റ് മൂന്ന് മന്ത്രിമാരും പഠിച്ചത് ഇന്ത്യയിൽ. പ്രധാനമന്ത്രി ബാലേന്ദ്ര ഷാ എന്ന ബാലൻ ബംഗളൂരുവിലെ നിറ്റെ മീനാക്ഷി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്. സ്ട്രക്ചറൽ എൻജിനീയറും റാപ്പറുമായ ബാലൻ ഷാ 2018ലാണ് എം.ടെക് ബിരുദം നേടുന്നത്. 2016-18 കാലയളവിലായിരുന്നു അദ്ദേഹത്തിന്റെ ഇന്ത്യയിലെ പഠനം.
ഷായെ കൂടാതെ ഭൗതിക അടിസ്ഥാന സൗകര്യം, ഗതാഗതം, നഗരവികസനം എന്നീ വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രി സുനിൽ ലാംസൽ, ആരോഗ്യ മന്ത്രി നിഷ മേത്ത, പൊതുഭരണ മന്ത്രി പ്രതിഭ റാവൽ എന്നിവരാണ് ഇന്ത്യയിലെ വിവിധ സർവകലാശാലകളിൽ നിന്ന് ബിരുദം നേടിയവർ.
കാഠ്മണ്ഡുവിന്റെ മുൻ മേയറായ ബാലേന്ദ്ര ഷാ വെള്ളിയാഴ്ചയാണ് നേപ്പാളിന്റെ പ്രധാനമന്ത്രിയായി അധികാരമേൽക്കുന്നത്. ബാലൻ ഷായുടെ പാർട്ടിയായ രാഷ്ട്രീയ സ്വതന്ത്ര്യ പാർട്ടി പൊതുതെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയതിന് പിന്നാലെയായിരുന്നു ഇത്. നേപ്പാളിൽ സെപ്റ്റംബറിൽ നടന്ന വിദ്യാർഥി പ്രക്ഷോഭമായ ജെൻസി പ്രക്ഷോഭത്തിന് പിന്നാലെയായിരുന്നു പൊതുതെരഞ്ഞെടുപ്പ്.
കാലങ്ങളായി അടുത്ത വിദ്യാഭ്യാസ ബന്ധം പുലർത്തുന്ന രാജ്യങ്ങളാണ് നേപ്പാളും ഇന്ത്യയും. നേപ്പാളിന്റെ മുൻ പ്രധാനമന്ത്രിയായ ബാബുറാം ഭട്ടറായി അദ്ദേഹത്തിന്റെ ഉന്നതവിദ്യാഭ്യാസം മുഴുവൻ പൂർത്തിയാക്കിയത് ഇന്ത്യയിലായിരുന്നു. ന്യൂഡൽഹിയിലെ സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചർ, ഛണ്ഡീഗഡ് കോളജ് ആർക്കിടെക്ചർ എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം ജവഹർലാൽ നെഹ്റു സർവകലാശാലയിൽനിന്ന് പി.എച്ച്ഡിയും നേടി. നേപ്പാളിന്റെ ആദ്യ വനിത ചീഫ് ജസ്റ്റിസും ഇടക്കാല പ്രധാനമന്ത്രിയുമായിരുന്ന സുശീല കർക്കി ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്നാണ് 1975ൽ പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.