‘വർഷങ്ങൾ ഒന്നിച്ചു കഴിഞ്ഞു, കുട്ടിയുമായി; എന്നിട്ടിപ്പോൾ ബലാത്സംഗമെന്ന് പറയുന്നോ?'; ലിവിങ്-ടുഗദർ ബന്ധങ്ങളിലെ വിള്ളലുകൾ ചൂണ്ടിക്കാട്ടി സുപ്രീം കോടതി

ന്യൂഡൽഹി: വിവാഹബന്ധത്തിന് പുറത്തുള്ള ലിവിങ്-ടുഗദർ ബന്ധങ്ങൾ തകരുന്നത് ക്രിമിനൽ കുറ്റമായി കാണാൻ കഴിയില്ലെന്ന് സുപ്രീം കോടതി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് യുവതി നൽകിയ ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് ബി.വി. നാഗരത്നയുടെ നിരീക്ഷണം. ഇത്തരം ബന്ധങ്ങളിലെ അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ കോടതി, പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങൾ എങ്ങനെയാണ് പിന്നീട് ബലാത്സംഗ കുറ്റമായി മാറുന്നതെന്നും ചോദിച്ചു.

വിവാഹം കഴിക്കാതെ വർഷങ്ങളോളം ഒന്നിച്ചു താമസിക്കുകയും ആ ബന്ധത്തിൽ ഒരു കുട്ടിയുണ്ടാവുകയും ചെയ്ത ശേഷം ബലാത്സംഗം, മർദനം എന്നീ പരാതികളുമായി വരുന്നത് കോടതി ചോദ്യം ചെയ്തു. ‘ഇതൊരു ലിവിങ്-ടുഗദർ ബന്ധമാണ്. വിവാഹം കഴിക്കാതെ ആ പുരുഷനോടൊപ്പം കഴിയാൻ അവർ തീരുമാനിച്ചു. ആ ബന്ധത്തിൽ അവർക്ക് ഒരു കുട്ടിയുമുണ്ടായി. ഇപ്പോൾ അവർ പറയുന്നത് ബലാത്സംഗം എന്നാണ്. ഇതെന്താണ്?" - ജസ്റ്റിസ് നാഗരത്ന ചോദിച്ചു. 

ഇക്കാര്യങ്ങൾ ചോദിച്ചാൽ ഇരയെ അപമാനിക്കുന്നതായി വ്യാഖ്യാനിക്കപ്പെടാറുണ്ട്. എന്നാൽ, പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളിൽ ക്രിമിനൽ കുറ്റം എവിടെയാണ് വരുന്നത് എന്നത് പ്രധാനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വിവാഹമെന്ന നിയമപരമായ കെട്ടുറപ്പില്ലാതെ ഒന്നിച്ചു താമസിക്കാൻ തീരുമാനിക്കുമ്പോൾ അതിൽ സ്വാഭാവികമായും ചില അപകടസാധ്യതകൾ ഉണ്ടെന്നും കോടതി ഓർമിപ്പിച്ചു.

എന്നാൽ, ഹരജിക്കാരിക്ക് 18 വയസ്സുള്ളപ്പോഴാണ് കുറ്റാരോപിതൻ വിവാഹ വാഗ്ദാനം നൽകി ഒപ്പം കൂട്ടിയതെന്നും, ആ സമയത്ത് തന്നെ ഇയാൾക്ക് മറ്റ് നാല് ഭാര്യമാരുണ്ടായിരുന്നുവെന്ന കാര്യം യുവതിക്ക് അറിയില്ലായിരുന്നുവെന്നും ഹരജിക്കാരുടെ അഭിഭാഷകൻ വാദിച്ചു. സമാനമായ രീതിയിൽ ഇയാൾ മറ്റ് സ്ത്രീകളെയും കബളിപ്പിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ ആരോപിച്ചു.

എങ്കിൽ വിവാഹം കഴിക്കുന്നതിന് മുമ്പേ എന്തിനാണ് ആ പുരുഷനോടൊപ്പം താമസിക്കാനും കുട്ടിക്ക് ജന്മം നൽകാനും തീരുമാനിച്ചതെന്ന് കോടതി തിരിച്ചുചോദിച്ചു. മറ്റ് കേസുകളെക്കുറിച്ചല്ല, ഹരജിക്കാരിയുടെ കേസിലെ വസ്തുതകളെക്കുറിച്ചാണ് കോടതിക്ക് ആശങ്കയെന്നും ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി.

ഹരജിക്കാരിയോട് സഹതപിക്കുന്നുവെന്ന് വ്യക്തമാക്കിയ കോടതി, കുട്ടിയുടെ സംരക്ഷണത്തിനായി അവർക്ക് നിയമത്തെ സമീപിക്കാമെന്നും അറിയിച്ചിട്ടുണ്ട്. ‘ബന്ധങ്ങൾ നിയമവിരുദ്ധമാകാം. എന്നാൽ, ആ ബന്ധത്തിലുണ്ടായ കുട്ടികൾ ഒരിക്കലും അവിഹിതമല്ല. വിവാഹിതരായിരുന്നുവെങ്കിൽ ആ സ്ത്രീയുടെ അവകാശങ്ങൾ കൂടുതൽ ശക്തമാകുമായിരുന്നു’ - കോടതി നിരീക്ഷിച്ചു. ബന്ധം വേർപിരിയുന്നത് ക്രിമിനൽ കുറ്റത്തിന് അടിസ്ഥാനമാകില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, മധ്യസ്ഥതയിലൂടെ പ്രശ്നം പരിഹരിക്കാൻ ഇരുഭാഗത്തോടും നിർദേശിച്ചു. 

Tags:    
News Summary - They Had Child Together, Now She Says Rape?" Supreme Court On Live-In Relationship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.