മരിച്ച ദമ്പതികളും രണ്ട് പെൺമക്കളും
മുംബൈ: മുംബൈയിലെ പൈധുനിയിൽ ഒരു കുടുംബത്തിലെ നാലുപേർ ദുരൂഹസാഹചര്യത്തിൽ മരിച്ചു. വീട്ടിൽ നിന്നും തണ്ണിമത്തൻ കഴിച്ചതിന് ശേഷം ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൈധുനിയിൽ താമസിക്കുന്ന അബ്ദുല്ല ദൊകാഡിയ (40), ഭാര്യ നസ്രിൻ (35), മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് മരിച്ചത്. ഏപ്രിൽ 25 ശനിയാഴ്ച രാത്രി വീട്ടിൽ ബന്ധുക്കളെ വിളിച്ച് ബിരിയാണി വിരുന്ന് നൽകിയതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.
മരണത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രി ബന്ധുക്കൾ ഉൾപ്പടെ ഒമ്പതു പേർ ചേർന്നാണ് ഭക്ഷണം കഴിച്ചത്. എന്നാൽ, ബന്ധുക്കൾക്ക് ആർക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. ഇതിനുശേഷം കുടുംബം മാത്രം തണ്ണിമത്തൻ കഴിച്ചതാണ് സംശയങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്. തണ്ണിമത്തൻ കഴിച്ചതാണോ അതോ ഭക്ഷണത്തിൽ വിഷാംശം കലർന്നതാണോ മരണകാരണമെന്ന് വ്യക്തമല്ല.
അവശരായ ഇവരെ ഉടൻ അടുത്തുള്ള ക്ലിനിക്കിലും പിന്നീട് നില വഷളായതോടെ സർ ജെ.ജെ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ആരെയും രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ പന്ത്രണ്ട് വയസ്സുകാരി സൈനബ് ആണ് ആദ്യം മരിച്ചത്. രാത്രിയിൽ അബ്ദുല്ലയും മരണത്തിന് കീഴടങ്ങി. നസ്രിനും ആയിഷയും ഇതിനിടെ മരണപ്പെട്ടിരുന്നു.
ഭക്ഷണത്തിൽ നിന്നുള്ള വിഷബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ബന്ധുക്കളും ഭക്ഷണം കഴിച്ചിരുന്നെങ്കിലും അതിനുശേഷം കുടുംബം മാത്രം കഴിച്ച തണ്ണിമത്തനാണോ വില്ലനായതെന്ന സംശയം ശക്തമാണ്. രാത്രി പത്തരയോടെ ബന്ധുക്കൾ മടങ്ങിയിരുന്നു. പിന്നീട് പുലർച്ച ഒരു മണിയോടെയാണ് ഇവർ തണ്ണിമത്തൻ കഴിച്ചത്. ശേഷം നാലുപേർക്കും കഠിനമായ ഛർദിയും വയറിളക്കവും അനുഭവപ്പെട്ടു -ഡി.സി.പി പ്രവീൺ മുണ്ടെ വ്യക്തമാക്കി.
മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടത്തിയതായും ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും ആന്തരിക അവയവങ്ങളുടെ സാമ്പിളുകളും വിദഗ്ധ പരിശോധനക്കായി ലാബിലേക്ക് അയച്ചതായും പൊലീസ് അറിയിച്ചു. ഫോറൻസിക് റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ബിരിയാണിയിലോ തണ്ണിമത്തനിലോ വിഷാംശം ഉണ്ടായിരുന്നോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്ന് ഉറപ്പിക്കാൻ കഴിയൂ എന്ന് പൊലീസ് വ്യക്തമാക്കി.സംഭവത്തിൽ ജെ.ജെ മാർഗ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.