ചെന്നൈ: കേന്ദ്ര സർക്കാറിെൻറ സമ്മർദത്തെ തുടർന്ന് കേരള-തമിഴ്നാട് അതിർത്തി ജില്ലയായ തേനിയിലെ നിർദിഷ്ട ഭൂഗർഭ കണിക പരീക്ഷണ ശാലക്കെതിരായ എതിർപ്പ് പുഃനപ്പരിശോധിക്കാൻ തമിഴ്നാട്ടിലെ അണ്ണാ ഡി.എം.കെ സർക്കാർ നിർബന്ധിതരാകുന്നു. അണ്ണാ ഡി.എം.കെയിലെ പിളർപ്പിനെ തുടർന്ന് നിയമസഭയിലെ ഭൂരിപക്ഷ പ്രതിസന്ധിയിൽ പിടിച്ചുനിൽക്കാൻ കേന്ദ്രത്തിെൻറ അകമഴിഞ്ഞ സഹായം ലഭിക്കുന്ന സാഹചര്യത്തിലാണ് കടുംപിടിത്തത്തിൽ അയവുവരുത്താൻ തയാറാകുന്നത്.
പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നൽകാൻ കേന്ദ്രത്തിൽനിന്ന് സമ്മർദമുള്ളതായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി. നിശ്ചിത സമയപരിധിക്കുള്ളിൽ അനുമതി ലഭ്യമാക്കാനാണ് സംസ്ഥാനത്തിനുമേൽ സമ്മർദം ശക്തമാക്കിയിരിക്കുന്നത്. തേനി ജില്ല പരിസ്ഥിതി വകുപ്പ് എൻജിനീയറോട് പദ്ധതി പ്രദേശം സന്ദർശിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നിർദേശിച്ച വ്യവസ്ഥകൾ പാലിക്കുന്നോയെന്നും പദ്ധതിക്കനുകൂലമായ പ്രദേശമാണോയെന്നും റിപ്പോർട്ട് നൽകാൻ ബോർഡ് നിർദേശിച്ചിട്ടുണ്ട്. ജില്ലതല റിപ്പോർട്ട് അനുകൂലമാണെങ്കിൽ സംസ്ഥാന പരിസ്ഥിതി നിയന്ത്രണ ബോർഡും പച്ചക്കൊടി കാട്ടും.
കേന്ദ്ര സർക്കാറിെൻറ സമ്മർദമുള്ള പശ്ചാത്തലത്തിൽ ജില്ലാതലത്തിൽനിന്ന് എതിർ റിപ്പോർട്ട് വരാനുള്ള സാധ്യതയില്ല. അതേസമയം ഭൂഗർഭ പദ്ധതിക്ക് നേതൃത്വം നൽകുന്ന ഇന്ത്യാ ബേസ്ഡ് ന്യൂട്രിനോ ഒബ്സർവേറ്ററി അധികൃതർ പാരിസ്ഥിതിക അനുമതിക്ക് തമിഴ്നാട്-കേരള അധികൃതർക്ക് അപേക്ഷ നൽകിയിട്ടില്ല. കേന്ദ്ര അനുമതി ലഭിച്ച സാഹചര്യത്തിൽ ഉത്തരവിൽ സൂചിപ്പിച്ചിരിക്കുന്ന വ്യവസ്ഥകൾ പാലിക്കാനായി നടപടി പൂർത്തിയാക്കാനാണ് സമയം എടുക്കുന്നത്. ദേശീയ പ്രധാന്യമുള്ള വിഷയമായി പരിഗണിച്ച കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിെൻറ വിദഗ്ധ സമിതി പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നൽകാൻ കേന്ദ്ര സർക്കാറിന് ശിപാർശ ചെയ്തിരുന്നു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിെൻറ അനുമതി ഉൾപ്പെടെ 17 വ്യവസ്ഥകൾ വാങ്ങണമെന്ന നിർദേശവും ഇതിനൊപ്പം സമിതി മുന്നോട്ടു വെച്ചിരുന്നു. സംസ്ഥാന സർക്കാറിെൻറ എതിർപ്പിനെ തുടർന്ന് കഴിഞ്ഞ 10 വർഷമായി പദ്ധതി മുടങ്ങിക്കിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.