ഹൈദരാബാദ്: 15 മാസം മരണത്തിനും ജീവിതത്തിനുമിടയിലെ നൂൽപ്പാലത്തിനിടയിലായിരുന്നു ആ മാതാപിതാക്കൾ. വെന്റിലേറ്ററിന്റെ സഹായത്തോടെയെങ്കിലും മകൻ തിരികെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന ആ മാതാപിതാക്കളുടെ പ്രാർഥനകൾ വിഫലമായി. തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ടു വയസ്സുകാരൻ മണിതേജ ഒടുവിൽ മരണത്തിന് കീഴടങ്ങി. തെലങ്കാനയിലെ ജഗ്തിയാൽ സ്വദേശികളായ മഞ്ചിക്കട് ലയിൽ ശ്രീനിവാസിന്റെയും മാധവിയുടെയും ഏക പ്രതീക്ഷയായിരുന്നു മണിതേജ.
2024 ഡിസംബർ 26നായിരുന്നു ആ ദാരുണ സംഭവം. ജഗ്തിയാലിലെ സ്വന്തം നാട്ടിൽ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു മണിതേജയും കുടുംബവും. കല്യാണവീടിന്റെ ആനന്ദത്തിനിടയിൽ പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു മകനെ പെട്ടെന്നാണ് തെരുവുനായ ആക്രമിച്ചത്. കഴുത്തിലും തോളിലും മാരകമായി പരിക്കേറ്റ മണിതേജയെ ഉടൻതന്നെ ജഗ്തിയാലിലെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് ആ കുഞ്ഞുശരീരം എഴുന്നേറ്റില്ല. തുടർന്ന് വിദഗ്ധ ചികിത്സക്കായി ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
തെരുവുനായയുടെ ആക്രമണത്തിൽ മണിതേജയുടെ നട്ടെല്ലിൽനിന്ന് തലച്ചോറിലേക്കുള്ള നാഡികൾക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. ശരീരം തളർന്നുപോയ കുഞ്ഞ് മാസങ്ങളായി വെന്റിലേറ്ററിന്റെ സഹായത്തിലായിരുന്നു ജീവിച്ചത്. ആശുപത്രിയിലെ ചികിത്സക്കുശേഷം, വീട്ടിൽ തന്നെ എയർകണ്ടീഷണർ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഒരുക്കി ആ മാതാപിതാക്കൾ മകനെ പരിചരിച്ചു. ചികിത്സയ്ക്കായി ഏകദേശം 50 ലക്ഷം രൂപയോളം കുടുംബം ചെലവാക്കി.
നിസ്സാരമായ ശരീരചലനങ്ങൾ അല്ലാതെ മകന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. എങ്കിലും എന്നെങ്കിലും മകൻ എഴുന്നേറ്റ് വരുമെന്ന പ്രതീക്ഷയിലായിരുന്നു അവർ. എന്നാൽ, മാതാപിതാക്കളുടെയും ഉറ്റവരുടെയും കണ്ണുനീർ ബാക്കിയാക്കി മണിതേജ ഈ ലോകത്തോട് വിടപറഞ്ഞു. തെരുവുനായ്ക്കളുടെ ഭീതി നിലനിൽക്കുന്ന നാട്ടിൽ മറ്റൊരു പിഞ്ചുജീവൻ കൂടി ബലിയായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.