സാന്‍റി​യാ​ഗോ മാർട്ടിനെ 'മാഫിയ' എന്ന്​ വിശേഷിപ്പിച്ചതിൽ അതൃപ്തി പ്രകടിപ്പിച്ച്​ സുപ്രീംകോടതി

ന്യൂഡല്‍ഹി: ലോട്ടറി വ്യാപാരി സാന്‍റി​യാ​ഗോ മാർട്ടിനെ മാതൃഭൂമി ദിനപത്രത്തിൽ 'മാഫിയ' എന്ന്​ വിശേഷിപ്പിച്ചതിൽ സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചു. സാന്‍റിയാഗോ മാര്‍ട്ടിന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ മാതൃഭൂമി മാനേജിങ്​ ഡയറക്ടര്‍ ഹാജരാകണം എന്ന കീഴ്​കോടതി ഉത്തരവ്​ ശരിവെച്ച​ സിക്കിം ഹൈകോടതി വിധിക്കെതിരെ നൽകി ഹരജി പരിഗണിച്ചപ്പോഴാണ്​ അത്തരം പ്രയോഗങ്ങൾ ​​പ്രോത്സാഹിപ്പിക്കാനാകില്ലെന്ന്​ ജസ്റ്റിസുമാരായ എസ്​.കെ. കൗൾ, എ.എസ്​. ഓഖ എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ച്​ പറഞ്ഞത്​​.

മാപ്പുപറയാന്‍ തയാറാണെന്നും കേസ് തീര്‍പ്പാക്കുന്നതിന് പുറമേ വിശദീകരണം കൂടി നല്‍കാമെന്നും മാതൃഭൂമിക്ക്​ വേണ്ടി അഭിഭാഷകൻ വ്യക്തമാക്കി. മാപ്പുപറയാന്‍ തയാറാണെന്ന പത്രത്തിന്‍റെ നിലപാട് ഉത്തരവിൽ ഉള്‍ക്കൊള്ളിക്കണമെന്നും ഒന്നാം പേജില്‍ മാപ്പ് പ്രസിദ്ധീകരിക്കണമെന്നും സാന്‍റിയാഗോ മാര്‍ട്ടിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇക്കാര്യം നിര്‍ബന്ധിക്കാനാകില്ലെന്നും നാളെ അവര്‍ കോടതി തങ്ങളോട് മാപ്പുപറയാന്‍ ആവശ്യപ്പെട്ടു എന്ന് പറയില്ലേ എന്നും ബെഞ്ച്​ ചോദിച്ചു.

അന്നത്തെ കേരള ധനമന്ത്രിയായിരുന്ന ഡോ. ടി.എം. തോമസ് ഐസക്കിന്‍റെ പ്രസ്താവന അതേപടി പ്രസിദ്ധീകരിക്കുകയായിരുന്നു എന്ന് മാതൃഭൂമിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പത്രം മാഫിയ എന്ന വാക്ക് തലക്കെട്ട് ആയിത്തന്നെ കരുതിക്കൂട്ടി ഉപയോഗിച്ചു എന്നും തന്‍റെ കക്ഷി നിയമപ്രകാരമുള്ള വ്യവസായം ചെയ്യുന്ന ഒരാളാണെന്നും സാന്‍റിയാഗോ മാർട്ടിന്‍റെ അഭിഭാഷകൻ വാദിച്ചു. മാഫിയ എന്ന് വാക്ക് കൂട്ടിച്ചേര്‍ത്തില്ലായിരുന്നു എങ്കില്‍ പ്രസ്താവനക്ക് കുഴപ്പമില്ലായിരുന്നു എന്നും ആവ​ശ്യമില്ലാത്ത വാക്കുകൾ കൂട്ടിച്ചേര്‍ത്ത് കുഴപ്പമുണ്ടാക്കുന്നതെന്തിന്​ എന്തിനാണെന്നും കോടതി ചോദിച്ചു. കേസില്‍ ഡിസംബര്‍ ഒമ്പതിനു വീണ്ടും വാദം കേള്‍ക്കും.

Tags:    
News Summary - The Supreme Court expressed its displeasure at calling Santiago Martin a 'mafia'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.