ന്യൂഡൽഹി: വിയോജിക്കുന്നവരെ ശിക്ഷിക്കുകയല്ല സംരക്ഷിക്കുകയാണ് വേണ്ടതെന്ന് ജസ്റ്റിസ് ഉജ്ജൽ ഭുയാൻ. ഭരണകൂടത്തിന്‍റെ പ്രതികാര നടപടിയിൽനിന്നു മാത്രമല്ല മതഭ്രാന്ത് പ്രചരിപ്പിക്കുന്ന സംഘടനകളുടെ എതിർപ്പുകളിൽ നിന്നും അവർക്ക് സംരക്ഷണം ലഭിക്കണമെന്നും ജസ്റ്റിസ് ഭുയാൻ പറഞ്ഞു. ഇന്ദോർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോ സംഘടിപ്പിച്ച പരിപാടിയുടെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭിന്നാഭിപ്രായങ്ങളെയും കാഴ്ചപ്പാടുകളെയും സഹിഷ്ണുതയോടെ കാണാനാണ് നിയമം എപ്പോഴും പഠിപ്പിക്കുക. ചിന്തകൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും വിശ്വാസങ്ങൾക്കും ആരാധനക്കുമുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. അതുകൊണ്ടുതന്നെ ഭിന്നാഭിപ്രായങ്ങളോടും വീക്ഷണങ്ങളോടുമുള്ള സഹിഷ്ണുതക്കും ആദരവിനും സുപ്രധാന സ്ഥാനമാണുള്ളതെന്ന് ജസ്റ്റിസ് ഭുയാൻ ചൂണ്ടിക്കാട്ടി.
പൗരന്മാർക്കിടയിൽ സാഹോദര്യം വളർത്തണമെന്നാണ് ഭരണഘടനയുടെ ആമുഖത്തിൽ തന്നെ പ്രതിപാദിക്കുന്നത്. സാഹോദര്യം ഇല്ലെങ്കിൽ എല്ലാവരുടെയും മേൽ ചുരുക്കം ചിലരുടെ ആധിപത്യമാണ് വളരുകയെന്ന് ഡോ. ബി.ആർ. അംബേദ്‍കർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭിന്നാഭിപ്രായങ്ങൾക്കും ഇടം നൽകുന്നതാണ് സാഹോദര്യം. എല്ലാത്തരം വിശ്വാസങ്ങൾക്കും ആശയങ്ങൾക്കും അത് ഇടം നൽകുന്നു. മറ്റുള്ളവരുടെ വിശ്വാസങ്ങളോടും ആശയങ്ങളോടുമുള്ള വിയോജിപ്പ് അത് പ്രകടിപ്പിക്കുന്നവരെ അടിച്ചമർത്താനുള്ള കാരണമാക്കാൻ പാടില്ല. സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങളാണ് സാമൂഹിക പരിവർത്തനങ്ങൾക്ക് നാന്ദി കുറിച്ചിട്ടുള്ളതെന്ന് ചരിത്ര സംഭവങ്ങളിൽ ആവർത്തിച്ച് കാണാനാകുമെന്ന് ജസ്റ്റിസ് ഭുയാൻ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.