ന്യൂഡൽഹി: പാർലമെന്‍റ് മൺസൂൺ കാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) - നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (ശരദ്ചന്ദ്ര പവാർ) (എൻ.സി.പി-എസ്.പി) ലയന നീക്കങ്ങൾ സജീവമാക്കി ബി.ജെ.പി. പാർലമെന്‍റിൽ എൻ.ഡി.എയുടെ (NDA) കരുത്ത് വർധിപ്പിക്കാനാണ് എൻ.സി.പി വിഭാഗങ്ങളുടെ ലയനത്തിന് ബി.ജെ.പി മുൻകൈയെടുക്കുന്നത്. നിലവിൽ, എൻ.സി.പി എൻ.ഡി.എയുടെ ഭാഗമാണ്; എൻ.സി.പി (എസ്.പി) പ്രതിപക്ഷത്തിന്റെ ഇന്ത്യാ (INDIA) സഖ്യത്തിന്റെ ഭാഗവുമാണ്.
എന്നാൽ, ലയനത്തോട് എൻ.സി.പി അധ്യക്ഷ സുനേത്ര പവാറും മകൻ രാജ്യസഭ എം.പി പാർത്ഥ് പവാറും യോജിക്കുന്നില്ലെന്ന് സുനേത്ര പവാറിന്റെ അടുത്ത വൃത്തങ്ങൾ അറിയിച്ചു. അതേസമയം, പാർട്ടിയുടെ ഭൂരിഭാഗം എം.എൽ.എമാരുടെയും പിന്തുണയോടെ ലയനം സാധ്യമാക്കാൻ എൻ.സി.പിയിലെ ചില നേതാക്കൾ ശ്രമിക്കുന്നുണ്ട്.
"പാർട്ടിയിലും എൻ.സി.പി (എസ്.പി) അധ്യക്ഷൻ ശരദ് പവാറിന്റെയും മകൾ സുപ്രിയ സുലെയുടെയും മേൽനോട്ടത്തിൽ അധികാരം വീണ്ടും വരാൻ അവർ ആഗ്രഹിക്കാത്തതിനാൽ, എൻ.സി.പി അധ്യക്ഷയും മകനും ലയനത്തെ ശക്തമായി എതിർക്കുകയാണ്," സുനേത്ര പവാറിന്റെ അടുത്ത വൃത്തങ്ങൾ പറഞ്ഞു. വ്യാഴാഴ്ച വൈകീട്ട് പാർത്ഥ് പവാർ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ലയനം അനിവാര്യമായിത്തീരുകയാണെങ്കിൽ, സുനേത്ര പവാർ ഉപമുഖ്യമന്ത്രിയായും പാർട്ടി അധ്യക്ഷയായും തുടരണമെന്ന് അമ്മയും മകനും ആവശ്യപ്പെട്ടേക്കാമെന്ന് മേൽ സൂചിപ്പിച്ച വൃത്തങ്ങൾ പറഞ്ഞു. ഇരു വിഭാഗങ്ങളെയും ഒന്നിപ്പിക്കാൻ, ബി.ജെ.പി ഓരോ പാർട്ടികൾക്കും കേന്ദ്ര മന്ത്രിസഭയിൽ ഓരോ സ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് വിവരം. തിങ്കളാഴ്ച ആരംഭിക്കുന്ന മൺസൂൺ സമ്മേളനത്തിൽ ഭരണഘടനാ ഭേദഗതി ബിൽ അവതരിപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നതിനാലാണ് പാർട്ടിയെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങൾ വേഗത്തിലാക്കിയത്. കഴിഞ്ഞ സമ്മേളനത്തിൽ ഈ ബില്ലിന് ആവശ്യമായ പിന്തുണ ലഭിച്ചിരുന്നില്ല. അതിനാൽ ഏതുവിധേനയും ബില്ല് പാസാക്കുന്നതിനാവശ്യമായ പിന്തുണ ഒപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.
"അധികാര പങ്കിടലിനെയും ആർക്ക് ഏത് സ്ഥാനം ലഭിക്കണം എന്നതിനെയും ചൊല്ലിയുമാണ് അഭിപ്രായവ്യത്യാസങ്ങൾ. അന്തരിച്ച അജിത് പവാറിന്റെ മകൻ പാർത്ഥ് പവാറിനെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ അമ്മ ഉപമുഖ്യമന്ത്രി സ്ഥാനം, മഹാരാഷ്ട്ര സർക്കാരിലെ നിലവിലെ വകുപ്പുകൾ, എൻ.സി.പി ദേശീയ അധ്യക്ഷ സ്ഥാനം എന്നിവ നിലനിർത്തണമെന്ന് പാർത്ഥ് താല്പര്യപ്പെടുന്നുണ്ടെന്ന് ബി.ജെ.പിയെ അറിയിച്ചിട്ടുണ്ട്. ഇരുപക്ഷവും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ടതുണ്ട്," എന്ന് ചർച്ചയ്ക്ക് നേതൃത്വം വഹിക്കുന്ന ബി.ജെ.പി നേതാക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശരദ് പവാർ എൻ.ഡി.എയിൽ ചേരുകയാണെങ്കിൽ ലയനത്തെ അനുകൂലിക്കുമെന്ന് പല എം.എൽ.എമാരും പറഞ്ഞിട്ടുണ്ടെന്നും ബി.ജെ.പി വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
ലോക്‌സഭയിലെ നിലവിലെ അംഗബലം 540 ആണ്. മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാൻ 360 വോട്ടുകൾ വേണം. ഏപ്രിലിൽ, സർക്കാരിന് 298 വോട്ടുകളും പ്രതിപക്ഷത്തിന് 230 വോട്ടുകളും ലഭിച്ചു. അതിനുശേഷം എൻ.ഡി.എയുടെ അംഗബലം 319 ആയി ഉയർന്നു. എൻ.സി.പി (എസ്.പി) ബില്ലിനെ പിന്തുണയ്ക്കുകയാണെങ്കിൽ, എൻ.ഡി.എയുടെ വോട്ടുകൾ 327 ആയി ഉയരും. എങ്കിലും അത് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് 33 വോട്ടുകൾ കുറവാണ്. ബില്ലിനെതിരെ വോട്ട് ചെയ്യുന്നതിന് പകരം ചില പാർട്ടികൾ വിട്ടുനിൽക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. എന്നാൽ രണ്ട് പാർട്ടികളും ലയന ചർച്ചകൾ ഔദ്യോഗികമായി നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.