എസ്.പി ബാലസുബ്രമണ്യത്തിൻെറ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ചെന്നൈ: കൊവിഡ് ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ്.പി ബാലസുബ്രമണ്യത്തിൻെറ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ്​ അദ്ദേഹം വെൻറിലേറ്ററില്‍ കഴിയുന്നത്​.

ഹൃദയമിടിപ്പും രക്തസമ്മര്‍ദവും തൃപ്തികരമാണെന്നും വിദഗ്ധ ആരോഗ്യ സംഘത്തിൻെറ സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും ചെന്നൈ എം.ജി.എം ആശുപത്രി അധികൃതര്‍ അറിയിച്ചു.

കൊവിഡ് ലക്ഷണങ്ങളെ തുടർന്ന് ആഗസ്​റ്റ്​ അഞ്ചിനാണ് എസ്.പി. ബാലസുബ്രമണ്യത്തെ ചെന്നൈയിലെ എം.ജി.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം സ്​ഥിരീകരിച്ചിരുന്നെങ്കിലും ആദ്യ ഘട്ടത്തിൽ കോവിഡ്​ ലക്ഷണങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. ഉടൻ ആശുപത്രി വിടാൻ സാധിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുന്ന വിഡിയോയും തൻെറ ഫേസ്ബുക്ക് പേജിൽ എസ്.പി.ബി പോസ്റ്റ് ചെയ്തിരുന്നു. പിന്നീട്​ രോഗലക്ഷണങ്ങൾ കണ്ടതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക്​ മാറ്റുകയായിരുന്നു.

തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണെങ്കിലും എസ്.പി ബാലസുബ്രമണ്യത്തിൻെറ ആരോഗ്യ നിലയിൽ കാര്യമായ പുരോഗതി ഉണ്ടെന്ന്​ മകനും ഗായകനുമായ എസ്​.പി ചരൺ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, രണ്ടു ദിവസം മുമ്പ്​ ആരോഗ്യ നില വശളായതായി റിപ്പോർട്ടുകൾ പുറത്തുവന്നു.

എസ്.പി.ബിക്ക് വേണ്ടി സിനിമ മേഖലയില്‍ ഉള്ളവര്‍ പ്രാര്‍ഥന ചടങ്ങ് നടത്തുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു. വ്യാഴാഴ്​ച വൈകീട്ട് ആറിന് നടക്കുന്ന പ്രാര്‍ഥനയില്‍ എ.ആര്‍ റഹ്മാന്‍, ഭാരതിരാജ, കമല്‍ഹാസന്‍, രജനികാന്ത്, ഇളയരാജ തുടങ്ങിയവര്‍ പങ്കെടുക്കും. ഓരോരുത്തരും അവരുടെ വീടുകളില്‍ നിന്ന് ഓണ്‍ലൈന്‍ വഴിയാണ് പ്രാർഥന ചടങ്ങില്‍ പങ്കെടുക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.