ഗയ (ബിഹാർ): ഗ്രാമത്തിലെ മുക്കിലും മൂലയിലും വിവാഹ ക്ഷണക്കത്തുകൾ വിതരണം ചെയ്തു. വരനും വധുവിനും പോകാനുള്ള കാറുകളും ബന്ധുക്കൾക്കുള്ള ബസുകളും റെഡി. രുചിയൂറും കല്യാണ സദ്യക്കായി തീൻമേശകളും വിരുന്നിനുള്ള വിഭവങ്ങളൊരുക്കാൻ പാചകക്കാരും തയാർ. മാർച്ച് 30ന് നിക്കാഹ് നടത്താൻ ഖാദിയും സമ്മതം മൂളിയതോടെ സർവാഭരണ വിഭൂഷിതയായി കല്യാണപ്പെണ്ണും ഒരുങ്ങി. എല്ലാവരും ആഘോഷത്തിമിർപ്പിലാകുമ്പോൾ പക്ഷേ, വരൻ മാത്രം സ്ഥലത്തില്ല. പശ്ചിമേഷ്യൻ യുദ്ധത്തിനിടയിൽ കുവൈത്തിൽനിന്ന് വരാൻ സാധിക്കാത്ത നിർഭാഗ്യകരമായ അവസ്ഥയിലാണ് വരൻ മിൻഹാസ്.
പശ്ചിമേഷ്യയിലെ യുദ്ധം ബിഹാറിലെ ഗയ ജില്ലയിലെ ഷേർഘാട്ടി ബ്ലോക്കിൽ ഖണ്ഡൈൽ എന്ന ഗ്രാമത്തിന്റെ ഉറക്കം കെടുത്തിയിരിക്കുകയാണ്. ഡസൻ കണക്കിന് യുവാക്കളുടെ വിവാഹമാണ് ഈ മാർച്ചിൽ നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ, മിക്കവരും ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. വിമാനങ്ങൾ റദ്ദാക്കിയതും ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നതും ഇവരുടെ മടക്കയാത്ര അസാധ്യമാക്കിയതാണ് കാരണം.
ഗൾഫ് പണംകൊണ്ട് പടുത്തുയർത്തിയ ഗ്രാമമാണ് ഖണ്ഡൈൽ. ഓരോ വീട്ടിലും ചുരുങ്ങിയത് ഒരാളെങ്കിലും പ്രവാസിയാണ് ഈ ഗ്രാമത്തിൽ. ഖണ്ഡൈൽ ഗ്രാമത്തിൽനിന്നും ഇംലിതാൻ, ജയ്പൂർ, രത്തൻപൂർ, പാണ്ഡൗൾ എന്നീ സമീപ ഗ്രാമങ്ങളിൽ നിന്നുമുള്ള 400ലധികം യുവാക്കൾ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നു. ഈദ്, ബക്രീദ് ആഘോഷങ്ങൾക്കും വിവാഹങ്ങൾക്കുമായി നാട്ടിലെത്തുന്നവരാണ് ഇവർ. എന്നാൽ, ഇത്തവണ മിസൈൽ ആക്രമണങ്ങളും ഡ്രോൺ ആക്രമണങ്ങളും ഇവരുടെ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തി.
ജലീൽ ഷായുടെ മകന്റെ വിവാഹം മാർച്ച് 30നാണ് നിശ്ചയിച്ചിരുന്നത്. ഖത്തറിൽ ജോലി ചെയ്യുന്ന മകൻ മാർച്ച് 26ന് വരാനിരുന്നതുമാണ്. എന്നാൽ, മകന്റെ വിമാന ടിക്കറ്റ് രണ്ട് തവണ റദ്ദാക്കിയതിനാൽ വിവാഹത്തിന് എത്താൻ ഇതുവരെ സാധിച്ചില്ല. "ഞങ്ങൾ എല്ലാ ഒരുക്കവും പൂർത്തിയാക്കി. അവൻ എത്തുകയാണെങ്കിൽ മാത്രം വിവാഹയാത്രയുമായി മുന്നോട്ട് പോകും. എങ്കിലും ഇപ്പോഴും പ്രതീക്ഷയിലാണ്," ജലീൽ ഷാ പറയുന്നു.
ഇതിനിടെ, പാചകവാതക ക്ഷാമവും കുടുംബങ്ങളെ വലക്കുന്നുണ്ട്. ഹോട്ടലുകൾ ഒഴിവാക്കി വിറകടുപ്പിൽ ഭക്ഷണം പാകം ചെയ്യാനാണ് അവസാനത്തെ തീരുമാനം. എങ്ങനെയെങ്കിലും വിവാഹം നടന്നാൽ മതിയെന്ന അവസ്ഥയിലാണ് എല്ലാവരും.
സാഹചര്യം വഷളായതോടെ ഓൺലൈൻ നിക്കാഹ് എന്ന പുതിയ പോംവഴി തേടുകയാണ് ഗ്രാമവാസികൾ. വരൻ എത്തിയില്ലെങ്കിൽ നിക്കാഹ് 'ഓൺലൈൻ' വഴി നടത്താനുള്ള ആലോചനയിലാണ് പലരും. "എന്റെ കുടുംബത്തിൽ തന്നെ രണ്ട് വിവാഹങ്ങളുണ്ട്. ഒരു വരൻ ബഹ്‌റൈനിലും മറ്റൊരാൾ ഖത്തറിലുമാണ്. ഇതുവരെ എത്താൻ കഴിഞ്ഞിട്ടില്ല. ഓൺലൈൻ നിക്കാഹ് അല്ലാതെ വേറെ വഴിയില്ല" എന്നാണ് പഞ്ചായത്ത് തലവനായ ജാവേദ് ഖാൻ പറയുന്നത്. 60000 രൂപ മുടക്കി ടിക്കറ്റെടുത്ത് കഷ്ടപ്പെട്ട് നാട്ടിലെത്തിയ നസീർ ഖാന്റെ വാക്കുകൾ പ്രവാസികൾ അനുഭവിക്കുന്ന ഭീതിയുടെ ആഴം വ്യക്തമാക്കുന്നു.
വിദേശരാജ്യങ്ങളിലെ ആഭ്യന്തര പ്രശ്നമായതിനാൽ സർക്കാറിന് പരിമിതികളുണ്ടെന്ന് മനസ്സിലാക്കുന്നുവെന്ന് ഗ്രാമവാസികൾ പറയുന്നു. എങ്കിലും ഇന്ത്യൻ എംബസി ഇടപെട്ട് തങ്ങളുടെ പ്രിയപ്പെട്ടവരെ സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഈ ബിഹാറി ഗ്രാമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.