ന്യൂഡൽഹി: മൺസൂൺ വൈകുന്നതിനും ദുർബലമാകുന്നതിനും കാരണമാകുന്ന എൽ നിനോ പ്രതിഭാസം രാജ്യത്തെ കാർഷിക മേഖലയെ വൻ പ്രതിസന്ധിയിലെത്തിക്കുമെന്ന് ആശങ്ക. 315 ജില്ലകളിൽ പ്രതിസന്ധി ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
ഇതിൽ 12 സംസ്ഥാനങ്ങളിലെ, ജലസേചന സൗകര്യങ്ങൾ തീർത്തും അപര്യാപ്തമായ 111 ജില്ലകളിലെ സാഹചര്യം ആശങ്ക ഉളവാക്കുന്നതാണെന്ന് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന കൃഷിമന്ത്രിമാരുടെ യോഗം വിലയിരുത്തി.
മൺസൂൺ വൈകുന്നതിനും ദുർബലമാകുന്നതിനും കാരണമാകുന്ന എൽ നിനോ പ്രതിഭാസം വിലയിരുത്താൻ സംസ്ഥാന കൃഷിമന്ത്രിമാരുടെ യോഗം കഴിഞ്ഞ ദിവസമാണ് ചേർന്നത്. രാജ്യത്ത് ഇതുവരെയുള്ള മഴലഭ്യത സാധാരണയിലും 43 ശതമാനം കുറവാണ്. വരും ആഴ്ചകളിലും മഴലഭ്യതയിൽ കുറവുണ്ടാകും. മഴക്കുറവു മൂലം കന്നുകാലികൾക്ക് തീറ്റപ്പുല്ല് ക്ഷാമവും രൂക്ഷമാകും.
പ്രതിസന്ധി സംജാതമാകുന്നതുവരെ കാത്തുനിൽക്കില്ലെന്നും, മുൻകൂട്ടി തയാറെടുപ്പുകൾ നടത്തുന്നുണ്ടെന്നും യോഗത്തിനുശേഷം ശിവരാജ് സിങ് ചൗഹാൻ മാധ്യമങ്ങളോട് പറഞ്ഞു. ആശങ്ക ഉയർന്ന 315 ജില്ലകളിൽ ഓരോന്നിനും വേണ്ടി കാലാവസ്ഥാ പ്രത്യാഘാതം നേരിടാൻ അടിയന്തര പദ്ധതി ആവിഷ്കരിക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാന കൃഷിമന്ത്രിമാർക്കു പുറമെ, ആഘാത സാധ്യതയുള്ള മേഖലകളിലെ ജില്ല കലക്‌ടർമാർ, മുതിർന്ന ഉദ്യോഗസ്ഥർ, ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിലെ വിദഗ്‌ധർ, കേന്ദ്ര കൃഷി മന്ത്രാലയ ഉദ്യോഗസ്ഥർ, കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ഉന്നതതല യോഗത്തിൽ പങ്കെടുത്തു.
മഴലഭ്യതയെ പൂർണമായും ആശ്രയിക്കുന്ന കൃഷിയെയും വിളകളെയും മഴക്കുറവ് ദോഷകരമായി ബാധിക്കുമെന്നും എന്നാൽ, സർക്കാർ ശാസ്ത്രീയമായ ഇടപെടലുകൾ നടത്തി ആഘാതം കഴിയുന്നത്ര കുറച്ച് കർഷകരുടെ ജീവനോപാധി സംരക്ഷിക്കാൻ ശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.