എഥനോൾ പെട്രോൾ സുരക്ഷിതം; ഇൻഷുറൻസിനെ ബാധിക്കില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: എഥനോൾ കലർത്തിയ പെട്രോൾ വാഹനങ്ങൾ സുരക്ഷിതമാണെന്നും ഇവ ഉപയോഗിച്ചതുകൊണ്ട് മോട്ടോർ ഇൻഷുറൻസ് പോളിസികളുടെ സാധുതയെയോ ക്ലെയിമുകളെയോ ബാധിക്കില്ലെന്നും കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം.

എഥനോൾ കലർന്ന ഇന്ധനം ഉപയോഗിക്കുന്നത് വാഹനങ്ങളുടെ പ്രവർത്തനക്ഷമതയെ ബാധിക്കുമെന്നും ഇൻഷുറൻസ് തുക നിഷേധിക്കപ്പെടുമെന്നും പലരും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രാലയം വിശദീകരണവുമായി രംഗത്തുവന്നത്.

അമേരിക്ക, ബ്രസീൽ, ജപ്പാൻ തുടങ്ങിയ നിരവധി രാജ്യങ്ങളിൽ വർഷങ്ങളായി എഥനോൾ കലർന്ന ഇന്ധനം വിജയകരമായി ഉപയോഗിച്ചു വരുന്നുണ്ടെന്നും ഇന്ത്യയിൽ ഇ20 ഇന്ധനം അവതരിപ്പിച്ചശേഷം എഞ്ചിൻ തകരാറുകളോ വാഹനങ്ങൾ വഴിയിലാകുന്നതോ ആയ വലിയ തോതിലുള്ള പരാതികളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെന്നുമാണ് കേന്ദ്ര സർക്കാർ പറയുന്നത്.

എഥനോളിന്റെ സാന്നിധ്യം കാരണം ഇന്ധന ടാങ്കിൽ ഈർപ്പവും വെള്ളവും അടിഞ്ഞുകൂടുമെന്ന പ്രചാരണം തെറ്റാണെന്നും, ആധുനിക വാഹനങ്ങളിൽ വെള്ളം കയറുന്നത് തടയാനുള്ള പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ ഉണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

വാഹന നിർമാതാക്കളുമായും മറ്റ് വിദഗ്ധരുമായും വിപുലമായ സാങ്കേതിക മൂല്യനിർണയം നടത്തിയ ശേഷമാണ് രാജ്യത്ത് 80 ശതമാനം ഇന്ധനവും 20 ശതമാനം എഥനോളും കലർത്തിയുള്ള ഇ 20 പദ്ധതി നടപ്പിലാക്കിയത്. ഗ്രാമീണ സമ്പദ്‌വ്യവസ്ഥക്കും കർഷകർക്കും വലിയ പിന്തുണ നൽകുന്നതിനൊപ്പം കാർബൺ പുറന്തള്ളൽ കുറച്ച് പരിസ്ഥിതി സംരക്ഷണത്തിനും സഹായിക്കുന്നുവെന്നും മന്ത്രാലയം വിശദീകരിച്ചു.

Tags:    
News Summary - Ethanol-Blended Petrol Safe, Won't Affect Insurance Claims: Centre Clarifies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.