മല്ലികാർജുൻ ഖാർഗെ

'ലക്ഷക്കണക്കിന് യുവാക്കളുടെ ജീവിതം തകരുമ്പോഴും വിദ്യാഭ്യാസ മന്ത്രി കസേരയിൽ കടിച്ചുതൂങ്ങുന്നു'; ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന് ഖാർഗെ

ന്യൂഡൽഹി: നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേന്ദ്രമന്ത്രിയുടെ നിലപാട് ലക്ഷക്കണക്കിന് യുവാക്കളുടെ ഭാവിയെ തകർക്കുന്നതാണെന്ന് ഖാർഗെ ആരോപിച്ചു. ബി.ജെ.പി ഭരണകാലത്ത് രാജ്യത്ത് തൊണ്ണൂറോളം പരീക്ഷാ പേപ്പറുകൾ ചോർന്നതായും, നീറ്റ് വിവാദത്തെത്തുടർന്ന് ഇരുപതോളം വിദ്യാർത്ഥികൾ ജീവനൊടുക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ജീവിതം തകരുമ്പോഴും വിദ്യാഭ്യാസ മന്ത്രി കസേരയിൽ കടിച്ചുതൂങ്ങുകയാണെന്ന് ഖാർഗെ എക്സിൽ കുറിച്ചു. പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ വിനാശകാരികളുടെ 'ബി ടീം' എന്നും രാജ്യദ്രോഹികളെന്നും വിളിച്ച മന്ത്രിയുടെ നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. സർക്കാരിനെ ചോദ്യം ചെയ്യുന്നവരെയെല്ലാം രാജ്യവിരുദ്ധരായി ചിത്രീകരിക്കുന്നത് ബി.ജെ.പിയുടെ പതിവാണെന്നും, കർഷക സമരകാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി കർഷകരെ 'ആന്ദോളൻ ജീവികൾ' എന്ന് വിളിച്ച് അധിക്ഷേപിച്ചത് രാജ്യം മറന്നിട്ടില്ലെന്നും ഖാർഗെ കൂട്ടിച്ചേർത്തു. വിദ്യാർത്ഥികളുടെ ശബ്ദം രാജ്യത്തുടനീളം ശക്തമായി മുഴങ്ങുമെന്നും കേന്ദ്രമന്ത്രിക്ക് രാജി വെക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്‌രിവാളും രംഗത്തെത്തി. നീറ്റ് ക്രമക്കേടുകൾക്കെതിരെ സമരം ചെയ്യുന്ന നിരപരാധികളായ കുട്ടികളാണോ രാജ്യം തകർക്കാൻ നോക്കുന്നതെന്ന് കെജ്‌രിവാൾ ചോദിച്ചു. കുട്ടികളുടെ ഭാവി തകർത്താണോ ധർമേന്ദ്ര പ്രധാൻ രാജ്യം രക്ഷിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

Tags:    
News Summary - Even as the lives of lakhs of youth are ruined, the Education Minister clings to his chair; Kharge demands Dharmendra Pradhan's resignation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.