രാജ്യത്ത് നിയമവിരുദ്ധമായി ആരാധനാലയങ്ങൾ പൊളിച്ചു നീക്കുന്നതിനെതിരെ അടിയന്തരമായി ഇടപെടണം: അമിത് ഷാക്ക് കത്തയച്ച് ഹാരിസ് ബീരാൻ എം.പി

ന്യൂഡൽഹി: രാജ്യത്ത് ഭരണഘടനാ മൂല്യങ്ങളും നിയമവാഴ്ചയും കാറ്റിൽപ്പറത്തിക്കൊണ്ട് നടക്കുന്ന നിയമവിരുദ്ധമായി ആരാധനാലയങ്ങൾ പൊളിച്ചു നീക്കുന്നത് തടയാനും സാമുദായിക സൗഹാർദ്ദം നിലനിർത്താനും അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് രാജ്യസഭാംഗം അഡ്വ. ഹാരിസ് ബീരാൻ എം.പി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തയച്ചു.

രാജ്യത്തെ പൊതുസമാധാനത്തെയും ജനാധിപത്യ സ്ഥാപനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസത്തെയും തകർക്കുന്ന രീതിയിലുള്ള അതീവ ഗുരുതരമായ സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിലൂടെ പുറത്തുവന്നതെന്ന് എം.പി. കത്തിൽ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ 45 ദിവസത്തിനുള്ളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 23-ലധികം ആരാധനാലയങ്ങളാണ് തകർക്കപ്പെട്ടതെന്നും ഡൽഹി മംഗോൾപുരിയിലെ 200 വർഷം പഴക്കമുള്ള 'ദർഗ പാഞ്ച് പീരാൻ' മസ്ജിദ് പൊളിച്ചുനീക്കിയതും ഇതിൽ ഉൾപ്പെടുന്നുവെന്നും ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ ആയിരം വർഷത്തോളം പഴക്കമുള്ള 'മസ്ജിദ് ഗഞ്ച് ഷഹീദ' ഉൾപ്പെടെയുള്ള ആരാധനാലയങ്ങളും നിരവധി സാധാരണക്കാരുടെ പാർപ്പിടങ്ങളും ഇത്തരത്തിൽ പൊളിച്ചുനീക്കപ്പെട്ടുവെന്നും എം പി കത്തിൽ ചൂണ്ടിക്കാട്ടി.

ഭരണഘടന ഉറപ്പുനൽകുന്ന സമത്വവും ജീവിക്കാനുള്ള സ്വാതന്ത്ര്യവും ലംഘിച്ചുകൊണ്ട്, യാതൊരുവിധ നിയമപരമായ നടപടിക്രമങ്ങളും പാലിക്കാതെയാണ് ഇത്തരം അതിക്രമങ്ങൾ നടക്കുന്നത്. ഏതെങ്കിലും സ്വകാര്യ വ്യക്തികൾക്കോ സംഘടനകൾക്കോ നിയമം കൈയിലെടുക്കാനോ അധികാരം പ്രയോഗിക്കാനോ അവകാശമില്ല. ഇത്തരം സംഭവങ്ങൾ സാമൂഹിക അന്തരീക്ഷം വഷളാക്കാൻ കാരണമാകുമെന്നതിനാൽ കേന്ദ്ര സർക്കാർ ഇതിനെതിരെ ശക്തമായ രീതിയിൽ ഇടപെടണമെന്ന് ഹാരിസ് ബീരാൻ എം.പി. ആവശ്യപ്പെട്ടു.

Tags:    
News Summary - MP Haris Beeran writes to Amit Shah by requesting Urgent intervention needed against the illegal demolition of places of worship in the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.