പാസ്‌പോർട്ട് യാത്രാരേഖ മാത്രം, പൗരത്വ രേഖയല്ല -വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: പാസ്‌പോർട്ട് എന്നത് കേവലം ഒരു യാത്രാരേഖ മാത്രമാണെന്നും അത് പൗരത്വം തെളിയിക്കുന്നതിനുള്ള അന്തിമ രേഖയല്ലെന്നും വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇന്ത്യൻ പൗരന്മാർക്ക് മാത്രമാണ് പാസ്‌പോർട്ട് അനുവദിക്കുന്നതെങ്കിലും, അത് പൗരത്വത്തിന്റെ നിർണായക തെളിവായി കണക്കാക്കാനാകില്ലെന്നാണ് മന്ത്രാലയത്തിന്റെ പുതിയ വിശദീകരണം. പതിനാലാമത് ‘പാസ്‌പോർട്ട് സേവാ ദിവസി’നോട് അനുബന്ധിച്ചാണ് മന്ത്രാലയം ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.

ഇന്ത്യയിൽ പൗരത്വം തെളിയിക്കുന്നതിനുള്ള കൃത്യമായ രേഖ ഏതാണെന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ വ്യക്തത വരുത്താത്ത സാഹചര്യത്തിൽ, വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ നിലപാട് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.

അന്താരാഷ്ട്ര യാത്രകൾ സുഗമമാക്കുന്നതിന് സർക്കാർ നൽകുന്ന പ്രാഥമിക രേഖ മാത്രമാണ് പാസ്‌പോർട്ടെന്നാണ് വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ പൗരനല്ലാത്ത ഒരാൾക്ക് പാസ്‌പോർട്ട് ലഭിക്കില്ലെന്നിരിക്കെ, അത് പൗരത്വ രേഖയല്ലെന്ന ഔദ്യോഗിക നിലപാട് വിരോധാഭാസമാണെന്നാണ് ഉയരുന്ന വിമർശനം. കൂടാതെ, പാസ്‌പോർട്ട് കൈവശം വെക്കുന്ന വ്യക്തിക്ക് അതിന്മേൽ പൂർണ ഉടമസ്ഥാവകാശമില്ല. പാസ്‌പോർട്ടിന്റെ പിൻഭാഗത്ത് വ്യക്തമാക്കുന്നത് പോലെ, ഇത് പൂർണമായും ‘ഇന്ത്യൻ സർക്കാരിന്റെ സ്വത്ത്’ ആണ്. സർക്കാർ ആവശ്യപ്പെടുന്ന പക്ഷം ഇത് തിരികെ സമർപ്പിക്കാൻ കൈവശക്കാരൻ ബാധ്യസ്ഥനാണ്.

ആധാറും വോട്ടർ ഐഡിയും പൗരത്വ രേഖയല്ല

വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട കേസിൽ, ആധാർ കാർഡ് പൗരത്വം തെളിയിക്കുന്നതിനുള്ള രേഖയല്ലെന്ന് ഈ വർഷം ആദ്യം സുപ്രീം കോടതിയും വ്യക്തമാക്കിയിരുന്നു. ആധാർ കേവലം ഒരു വ്യക്തിഗത തിരിച്ചറിയൽ രേഖ മാത്രമാണ്. സമാനമായി, വോട്ടർ ഐഡി കാർഡും പൗരത്വ രേഖയായി കണക്കാക്കുന്നില്ല. വോട്ടവകാശം വിനിയോഗിക്കുന്നതിനുള്ള ഒരു തിരിച്ചറിയൽ-മേൽവിലാസ രേഖ മാത്രമായാണ് വോട്ടർ ഐഡിയെ കാണുന്നത്.

ഇന്ത്യൻ പൗരത്വ നിയമങ്ങൾ ഇങ്ങനെ

നിലവിലെ പൗരത്വ നിയമപ്രകാരം ഇന്ത്യയിൽ ജനിച്ച ഒരാൾക്ക് പൗരത്വത്തിനുള്ള യോഗ്യതകൾ താഴെ പറയുന്നവയാണ്.

1950 ജനുവരി 26നും 1987 ജൂലൈ ഒന്നിനും ഇടയിൽ: ഈ കാലയളവിൽ ഇന്ത്യയിൽ ജനിച്ച ഏത് വ്യക്തിയും ജനനം കൊണ്ട് ഇന്ത്യൻ പൗരനാണ്.

1987 ജൂലൈക്ക് ശേഷം: മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ ഇന്ത്യൻ പൗരനായിരിക്കണം

2004 ഡിസംബർ മൂന്നിന് ശേഷം: മാതാപിതാക്കൾ രണ്ടുപേരും ഇന്ത്യൻ പൗരന്മാരായിരിക്കണം. അല്ലെങ്കിൽ ഒരാൾ ഇന്ത്യൻ പൗരനും മറ്റേയാൾ രാജ്യത്തെ നിയമവിരുദ്ധ കുടിയേറ്റക്കാരൻ ആകാനും പാടില്ല.

രാജ്യത്തെ പാസ്‌പോർട്ട് സേവന ശൃംഖലയുടെ വിപുലീകരണവും ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോർട്ടുകളുടെ വിജയകരമായ വിതരണവും ഉൾപ്പെടെയുള്ള നേട്ടങ്ങൾ വിദേശകാര്യ മന്ത്രാലയം പങ്കുവെച്ചു. 2025ൽ ആകെ 1.5 കോടി പാസ്‌പോർട്ട് അനുബന്ധ സേവനങ്ങൾ നൽകിയതിൽ 1.39 കോടിയും പുതിയ പാസ്‌പോർട്ടുകളായിരുന്നു.

പൊലീസ് വെരിഫിക്കേഷൻ സമയമൊഴിച്ച്, നിലവിൽ വെറും ആറ് പ്രവൃത്തിദിനങ്ങൾക്കുള്ളിൽ പാസ്‌പോർട്ടുകൾ വിതരണം ചെയ്യുന്നുണ്ട്. പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിൽ എത്തുന്ന പൗരന്മാർക്ക് ശരാശരി 45 മിനിറ്റിൽ താഴെ സമയം മാത്രമേ ഇപ്പോൾ ചിലവഴിക്കേണ്ടി വരുന്നുള്ളു​വെന്നും അധികൃതർ വ്യക്തമാക്കി.

ഒരു പതിറ്റാണ്ട് മുമ്പ് രാജ്യത്ത് ആകെ 77 പാസ്‌പോർട്ട് കേന്ദ്രങ്ങൾ മാത്രമാണുണ്ടായിരുന്നത്. എന്നാൽ നിലവിൽ ഇത് ആറിരട്ടി വർദ്ധിച്ച് 545 പാസ്‌പോർട്ട് കേന്ദ്രങ്ങളായി മാറിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ അറിയിച്ചു. ഇതാണ് സേവനങ്ങൾ വേഗത്തിലാക്കാൻ സഹായിച്ചത്.

Tags:    
News Summary - Passport is Only a Travel Document, Not Proof of Citizenship: MEA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.