വിജയ് മുഖ്യമന്ത്രി പദവിയുടെ മാന്യത കാക്കണം, സഭയുടെ അന്തസ്സ് കളങ്കപ്പെടുത്തരുത്': വിമർശനവുമായി വി.സി.കെ

ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ പരോക്ഷമായി പരിഹസിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നടത്തിയ പരാമർശങ്ങളും ആംഗ്യങ്ങളും മുഖ്യമന്ത്രി പദവിക്ക് നിരക്കാത്തതാണെന്ന് വിടുതലൈ ശിറുതൈകൾ കക്ഷി (വി.സി.കെ) നേതാവ് തൊൽ തിരുമാവളവൻ. നിയമസഭയുടെ പാരമ്പര്യവും അന്തസ്സും കാത്തുസൂക്ഷിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിജയ്‌യുടെ പരാമർശങ്ങൾക്കെതിരെ സി.പി.എമ്മും രംഗത്തെത്തിയിട്ടുണ്ട്.

ഗവർണറുടെ പ്രസംഗത്തിൻമേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിനിടെയാണ് പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിനെ ലക്ഷ്യമിട്ട് വിജയ് പരിഹാസത്തോടെ ഒരു കുട്ടിക്കഥ പറഞ്ഞത്. 'പാടത്ത് ഒറ്റയ്ക്ക് നിൽക്കുന്ന മുതിർന്നയാളോട് ഒരു കുട്ടി എന്താണ് തിരയുന്നതെന്ന് ചോദിച്ചപ്പോൾ, നിന്റെ പിതാവിനെയാണെന്നായിരുന്നു മറുപടി' എന്നായിരുന്നു വിജയ്‌യുടെ കഥ. ഡി.എം.കെയിലെ കുടുംബവാഴ്ചയെയും തെരഞ്ഞെടുപ്പ് പരാജയത്തെയും ലക്ഷ്യമിട്ടായിരുന്നു വിജയ്‌യുടെ ഈ ആംഗ്യത്തോടെയുള്ള പരിഹാസം.

ഇത്തരം സരസമായ പരിഹാസങ്ങളും കഥകളും പാർട്ടി വേദികളിൽ പോലും ഒഴിവാക്കേണ്ടതാണെന്നും നിയമസഭ പോലുള്ള ജനാധിപത്യ വേദികളിൽ ഇവ തികച്ചും അനുചിതമാണെന്നും തിരുമാവളവൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. സഭയുടെ മര്യാദകൾ വരുംദിവസങ്ങളിലെങ്കിലും പാലിക്കാൻ മുഖ്യമന്ത്രി ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഉദയനിധിയുടെ തിരിച്ചടി

വിജയ്‌യുടെ പരിഹാസത്തിന് തൊട്ടുപിന്നാലെ സഭയിൽ ശക്തമായ ഭാഷയിലാണ് ഉദയനിധി സ്റ്റാലിൻ മറുപടി നൽകിയത്. 'ചെങ്കൽപ്പെട്ട് കോടതിയിൽ ഭർത്താവിനെ തേടുന്ന ഭാര്യയുടെ കഥയും ഇവിടെയുണ്ട്' എന്ന് ഓർമ്മിപ്പിച്ചായിരുന്നു ഉദയനിധിയുടെ തിരിച്ചടി. വിജയ്‌യും ഭാര്യയും തമ്മിൽ ചെങ്കൽപ്പെട്ട് കുടുംബ കോടതിയിൽ നടക്കുന്ന വിവാഹമോചനക്കേസിനെ പരോക്ഷമായി പരാമർശിച്ചുകൊണ്ടായിരുന്നു ഉദയനിധിയുടെ ഈ പ്രതികരണം.

രാഷ്ട്രീയത്തിൽ വിജയവും പരാജയവും സ്വാഭാവികമാണെന്നും നാളെ വിജയ്‌ക്കും പരാജയം രുചിക്കേണ്ടി വന്നേക്കാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം. വീരപാണ്ഡ്യൻ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ പരാമർശങ്ങളും ആംഗ്യങ്ങളും അംഗീകരിക്കാനാകില്ലെന്നും ഉന്നത പദവികൾ അലങ്കരിക്കുന്നവർ സഭാ മര്യാദകൾ പാലിക്കാൻ ബാധ്യസ്ഥരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ, വിജയ്‌യുടെ കൈയംഗ്യം സഭാനടപടികളുടെ ലംഘനമല്ലെന്നായിരുന്നു സ്പീക്കർ ജെ.സി.ഡി. പ്രഭാകറിന്റെ പ്രതികരണം.

വിജയ് സർക്കാരിന്റെ പുതിയ പ്രഖ്യാപനങ്ങൾക്കെതിരെയും തിരുമാവളവൻ വിമർശനമുന്നയിച്ചു. സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുട്ടികൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം നൽകുന്ന 'തായ്മാമൻ തങ്ക മോതിര പദ്ധതി'യെ അദ്ദേഹം ചോദ്യം ചെയ്തു. ടിവികെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാൻ പ്രതിവർഷം 755 കോടി രൂപ ചെലവഴിക്കുന്ന ഈ പദ്ധതിക്ക് പകരം സർക്കാർ ആശുപത്രികളിലെ പ്രസവവാർഡുകൾ നവീകരിക്കാനും ആധുനിക സൗകര്യങ്ങളും ആവശ്യത്തിന് ജീവനക്കാരെയും ഉറപ്പാക്കാനുമാണ് ഈ തുക വിനിയോഗിക്കേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തമിഴ്‌നാട്ടിൽ 56 ശതമാനം പ്രസവങ്ങളും സർക്കാർ ആശുപത്രികളിലാണ് നടക്കുന്നത്. മികച്ച ചികിത്സ ലഭ്യമാകുമോ എന്ന ആശങ്കയിലാണ് പാവപ്പെട്ട കുടുംബങ്ങൾ പോലും ലക്ഷങ്ങൾ കടം വാങ്ങി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നത്. പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്തുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും തിരുമാവളവൻ പറഞ്ഞു.

മുനിസിപ്പൽ കോർപറേഷനുകളിലെ ശുചീകരണ പ്രവൃത്തികൾ സ്വകാര്യവത്കരിക്കാനുള്ള സർക്കാർ നീക്കത്തെയും വിസികെ ശക്തമായി എതിർത്തു. മുൻപ് ഡിഎംകെ ഭരണകാലത്ത് ചെന്നൈയിൽ കൊണ്ടുവന്ന ഈ നീക്കം വി.സി.കെയുടെ ശക്തമായ എതിർപ്പിനെ തുടർന്നാണ് പിൻവലിച്ചതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ജീവൻ പണയപ്പെടുത്തി ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളികളുടെ ക്ഷേമത്തിന് വിരുദ്ധമായ ഈ തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.

Tags:    
News Summary - "Maintain Dignity of the House": VCK Slams Tamil Nadu CM Vijay for Sarcastic Remarks Against MK Stalin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.