'ഇത് നിലനിൽപ്പിന്റെ പ്രശ്നം'; മസ്ജിദ് പൊളിക്കലുകൾക്കെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങി എ.പി.സി.ആർ

ന്യൂഡൽഹി:രാജ്യത്ത് വർദ്ധിച്ചുവരുന്ന മസ്ജിദ് പൊളിക്കലുകൾക്കെതിരെയും മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റങ്ങൾക്കെതിരെയും ശക്തമായ നിയമപോരാട്ടത്തിനൊരുങ്ങി അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (APCR). നിയമവിരുദ്ധമായി പള്ളികൾ പൊളിച്ചുനീക്കുന്ന ഉദ്യോഗസ്ഥരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും അവർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ഡൽഹി പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച ദേശീയ വാർത്താസമ്മേളനത്തിലാണ് മനുഷ്യാവകാശ പ്രവർത്തകരും നിയമജ്ഞരും ആശങ്കകൾ പങ്കുവെച്ചത്.

മുതിർന്ന അഭിഭാഷകനും മുൻ കേന്ദ്രമന്ത്രിയുമായ സൽമാൻ ഖുർഷിദ്, മുൻ എം.പി മുഹമ്മദ് അദീബ്, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് പ്രസിഡന്റ് മാലിക് മുഅ്തസിം ഖാൻ, ഡോ. സെയ്ദ ഹമീദ് തുടങ്ങി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ഇത് നീണ്ട നിയമപോരാട്ടമാണെന്നും ലഭ്യമായ എല്ലാ ഭരണഘടനാ മാർഗ്ഗങ്ങളും കമ്മ്യൂണിറ്റി ഉപയോഗിക്കണമെന്നും സൽമാൻ ഖുർഷിദ് ഓർമ്മിപ്പിച്ചു. അനധികൃതമായി കെട്ടിടങ്ങൾ പൊളിക്കുന്ന ഉദ്യോഗസ്ഥരെ വ്യക്തിപരമായി ഉത്തരവാദികളാക്കണമെന്ന് വാർത്താസമ്മേളനത്തിൽ ആവശ്യമുയർന്നു.

ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ വെറും 15 ദിവസത്തിനിടയിൽ ഇരുപതോളം മസ്ജിദുകളാണ് തകർക്കപ്പെട്ടതെന്ന് എ.പി.സി.ആർ നാഷണൽ സെക്രട്ടറി നദീം ഖാൻ ചൂണ്ടിക്കാട്ടി. രാജസ്ഥാനിലെ ബാർമർ ജില്ലയിൽ മാത്രം മുന്നൂറോളം പള്ളികൾക്ക് പൊളിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ജയ്‌പൂരിൽ 1981 മുതൽ നിലവിലുള്ളതും വഖഫ് പോർട്ടലിൽ രേഖപ്പെടുത്തിയതുമായ നൂറാനി മസ്ജിദ് യാതൊരു മുൻകൂർ നോട്ടീസും നൽകാതെയാണ് അധികൃതർ ഇടിച്ചുനിരത്തിയത്.

ഇത്തരം ആസൂത്രിത നീക്കങ്ങൾ ഒരു പ്രത്യേക ജനവിഭാഗത്തെ മാനസികമായി തളർത്താൻ ലക്ഷ്യമിട്ടുള്ളതാണെന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്തവർ ആരോപിച്ചു. ക്രൈസ്തവ സ്ഥാപനങ്ങൾക്ക് നേരെയും സമാനമായ രീതിയിൽ സമ്മർദ്ദങ്ങളുണ്ടാകുന്നുണ്ടെന്ന് മനുഷ്യാവകാശ പ്രവർത്തകൻ ജോൺ ദയാൽ പറഞ്ഞു. ഇന്ത്യയുടെ ബഹുസ്വരത നിലനിർത്താൻ എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടണമെന്നും, ഭരണകൂട നടപടികൾ സുതാര്യവും വിവേചനരഹിതവുമായിരിക്കണമെന്നും എ.പി.സി.ആർ ആവശ്യപ്പെട്ടു.

Tags:    
News Summary - 'This is a matter of survival'; APCAR prepares for legal battle against mosque demolitions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.