ന്യൂഡൽഹി : ഏഷ്യ കപ്പ് 20 ടൂർണമെന്റിൽ ഇന്ത്യ- പാകിസ്താൻ മത്സരം ഒരുക്കിയതിനെതിരെ രാജ്യ തലസ്ഥാനത്ത് പ്രതിഷേധങ്ങളുടെ വേലിയേറ്റം. ആം ആദ്മി പാർട്ടി ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ കോലം കത്തിച്ച് പ്രതിഷേധിച്ചപ്പോൾ കളിക്കാനുള്ള തീരുമാനത്തെ അതിരൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നു.
പഹൽഗാം ഭീകരാക്രമണത്തിന്റെ മുറിവുണങ്ങുംമുമ്പ് പാകിസ്താനുമായി ക്രിക്കറ്റ് കളിക്കാൻ തീരുമാനിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും മകൻ ജെയ് ഷായെയും പ്രതിപക്ഷം കടന്നാക്രമിച്ചു. പഹൽഗാമിലെ ഇരകളുടെ വേദനകളെക്കാൾ പണമാണ് അവർക്ക് വലുതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ശിവസേന ഉദ്ധവ് താക്കറെ വിഭാഗം, ആം ആദ്മി പാർട്ടി എന്നിവരടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. പഹൽഗാമിലെ ഇരകളെക്കാളും അവരുടെ കുടുംബങ്ങളെക്കാളും ബി.ജെ.പിക്ക് പരമപ്രധാനം പണമാണെന്ന് കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയി കുറ്റപ്പെടുത്തി.
ഡൽഹിയിൽ ഉടനീളം മത്സരത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച ആം ആദ്മി പാർട്ടി ബി.ജെ.പിയുടെ കാപട്യം ചോദ്യംചെയ്തു.പാകിസ്താനുമായുള്ള മത്സരം രാജ്യദ്രോഹമാണെന്നും ഓരോ ഇന്ത്യക്കാരനും ഇതിൽ രോഷത്തിലാണെന്നും ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു.
യഥാർഥ ദേശസ്നേഹി സ്റ്റേഡിയത്തിൽ പോയോ ടി.വി ചാനലിലൂടെയോ ഈ കളി കാണില്ലെന്നും എന്നാൽ, ബി.ജെ.പി നേതാക്കൾ ഈ കളി കാണുമെന്നും ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത് വിമർശിച്ചു. ജെയ് ഷായും അനുരാഗ് ഠാകൂറിന്റെ മക്കളും എന്തായാലും പോയി കളി കാണുമെന്നും രാജ്യസ്നേഹത്തിന്റെ അവരുടെ നിർവചനം വ്യത്യസ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ബി.സി.സി.ഐ മുൻ ചെയർമാനും കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാകൂർ ഭീകരാക്രമണത്തിനു ശേഷവും പാകിസ്താനുമായി ക്രിക്കറ്റ് കളിക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ചു. അന്തർദേശീയ ക്രിക്കറ്റ് കൗൺസിലും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലും ടൂർണമെന്റുകൾ നടത്തുമ്പോൾ അതിൽ പങ്കെടുക്കാൻ നിർബന്ധിതമാകുമെന്നും അല്ലെങ്കിൽ ടൂർണമെന്റിൽനിന്ന് പുറത്താകുമെന്നും അനുരാഗ് ഠാകൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.