'പ്രേതമുണ്ട്, ശാസ്ത്രത്തിന് വിശദീകരിക്കാൻ കഴിയില്ല'; ഹരേ രാമ ചൊല്ലി പ്രേതത്തെ ഓടിച്ചതായി ​ഐ.ഐ.ടി ഡയരക്ടർ​

ന്യൂഡൽഹി: ഹരേ രാമ ഹരേ കൃഷ്ണ മന്ത്രം ചൊല്ലി താൻ ഭൂത പ്രേത പിശാചുക്കളെ ഓടിച്ചതായി മാണ്ഡി ഐ.ഐ.ടി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) യുടെ പുതിയ ഡയറക്ടർ ലക്ഷ്മി ധർ ബെഹ്‌റ. തന്റെ സുഹൃത്തിന്റെ കുടുംബത്തെയും അപ്പാർട്ട്‌മെന്റിനെയും ബാധിച്ച ഭൂത, പ്രേത​ങ്ങളെ വിശുദ്ധ മന്ത്രങ്ങൾ ജപിച്ച് ഉച്ചാടനം ചെയ്തതായി ബെഹ്‌റ പറയുന്ന വിഡിയോ ആണ് ഇപ്പോൾ വൈറലായത്. ഇക്കാര്യം അദ്ദേഹം ഇന്ത്യൻ എക്സ്പ്രസിനോട് സ്ഥിരീകരിക്കുകയും ചെയ്തു.

പ്രേതങ്ങൾ ഉണ്ടെന്നും എന്നാൽ, ഇത്തരം കുറേ കാര്യങ്ങൾ ആധുനിക ശാസ്ത്രത്തിന് വിശദീകരിക്കാൻ കഴിയില്ലെന്നും മാധ്യമപ്രവർത്തകരോട് ബെഹ്‌റ പറഞ്ഞു. ഏഴ് മാസം മുമ്പാണ് "ലേൺ ഗീത ലൈവ് ഗീത" എന്ന തലക്കെട്ടിൽ തന്റെ യൂട്യൂബ് ചാനലിൽ വീഡിയോ പോസ്റ്റ് ചെയ്തത്. വിവാദം ഉയർന്നതിന് തൊട്ടുപിന്നാലെ വീഡിയോ ചാനലിൽ പ്രൈവറ്റാക്കി മാറ്റി.

നേരത്തെ ഐഐടി കാൺപൂരിൽ സേവനമനുഷ്ഠിച്ച ബെഹ്‌റയെ ജനുവരി 13നാണ് മാണ്ഡി ഐഐടിയിൽ നിയമിച്ചത്. ഇലക്ട്രിക്കൽ എഞ്ചിനീയറിങ് പ്രഫസറാണ് ഇദ്ദേഹം. ഡൽഹി ഐഐടിയിൽ നിന്ന് പി.എച്ച്‌.ഡിയും ജർമ്മൻ നാഷനൽ സെന്റർ ഫോർ ഇൻഫർമേഷൻ ടെക്‌നോളജിയിൽ നിന്ന് പോസ്റ്റ് ഡോക്ടറൽ ബിരുദവും നേടിയിട്ടുണ്ട്.

1993ൽ നടന്ന സംഭവമാണ് അ​ദ്ദേഹം അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള വിഡി​യോയിൽ വിവരിക്കുന്നത്. ചെന്നൈയിലുള്ള സുഹൃത്തിന്റെ കുടുംബത്തെ പ്രേതബാധയിൽനിന്ന് രക്ഷിച്ചതായാണ് ഇദ്ദേഹം അവകാശപ്പെടുന്നത്. 'ഹരേ രാമ ഹരേ കൃഷ്ണ' മന്ത്രവും ഭഗവദ് ഗീതയിലെ ശ്ലോകങ്ങളും ജപിച്ചാണ് ഇത് സാധ്യമാക്കിയതത്രെ.

സംഭവം വിവരിച്ചുകൊണ്ട് ബെഹ്‌റ പറയുന്നതിങ്ങനെ: "ഞാൻ എന്റെ രണ്ട് സുഹൃത്തുക്കളോടൊപ്പം 7 മണിക്ക് അവിടെ എത്തി. റിസർച്ച് സ്‌കോളർ അപ്പാർട്ട്‌മെന്റിലായിരുന്നു അവർ താമസിച്ചിരുന്നത്. 10-15 മിനിറ്റ് ഉച്ചത്തിലുള്ള മന്ത്രോച്ചാരണം നടത്തി. പെട്ടെന്ന് അവന്റെ പിതാവ് - വളരെ ഉയരം കുറഞ്ഞ, നല്ല പ്രായമുള്ള, നടക്കാൻ പ്രയാസമുള്ള ആളായിരുന്നു അദ്ദേഹം- കൈയും കാലും ഭയാനകമായ രീതിയിൽ ചലിപ്പിച്ച് നൃത്തം ചെയ്തു. അദ്ദേഹത്തിന്റെ തല ഏതാണ്ട് മേൽക്കൂരയിൽ മുട്ടുന്നുണ്ടായിരുന്നു. അദ്ദേഹത്തെ ദുരാത്മാവ് പൂർണ്ണമായും വിഴുങ്ങിയിരുന്നതായി മനസ്സിലായി. സുഹൃത്തിന്റെ അമ്മയും ഭാര്യയും ദുരാത്മാവ് ബാധിച്ചവരായിരുന്നു. 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ ഉച്ചത്തിലുള്ള മന്ത്രം ജപിച്ചാണ് അതിനെ അകറ്റിയത്''

ഐ.ഐ.ടി ഹൈദരാബാദ് ചെയർമാൻ ബി.വി.ആർ മോഹൻ റെഡ്ഡി, കേന്ദ്ര പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസർ കെ. വിജയ് രാഘവൻ, ഐ.ഐ.ടി മാണ്ഡി ചെയർമാൻ പ്രേം വ്രത്, ഐഐടി കൗൺസിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. രാധാകൃഷ്ണൻ എന്നിവരടങ്ങിയ പാനലാണ് ബെഹ്റയെ ഐ.ഐ.ടി മാണ്ഡി ഡയരക്ടറായി നിർദേശിച്ചത്. 

Tags:    
News Summary - The director of IIT Mandi said, “I chased away evil spirits with mantras, the video went viral.”

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.