കൊലപാതകത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ

ക്ലാസ് മുറിയിൽ സഹപാഠിയെ വെടിവച്ചു കൊന്ന ശേഷം വിദ്യാർഥി സ്വയം വെടിവെച്ചു -VIDEO

ന്യൂഡൽഹി: സഹപാഠിയെ വെടിവച്ചു കൊന്ന ശേഷം വിദ്യാർഥി സ്വയം വെടിവെച്ചു. പഞ്ചാബിലെ തർൺ തരൺ ജില്ലയിലെ ഉസ്മ ഗ്രാമത്തിലാണ് ഈ ദാരുണ സംഭവം നടന്നത്. ഒന്നാം വർഷ നിയമ വിദ്യാർഥിയായ പെൺകുട്ടിയെ വെടിവെച്ചു കൊന്ന ശേഷം അതേ തോക്കുപയോഗിച്ച് മൂന്ന് സെക്കൻഡ് വ്യത്യാസത്തിലാണ് വിദ്യാർഥി സ്വയം വെടിവെച്ചത്. ആക്രമണത്തിൽ പെൺകുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു. വെടിയേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ജലന്ധർ ജില്ലയിലെ മല്ലിയൻ സ്വദേശി പ്രിൻസ് രാജാണ് സഹപാഠിയായ സന്ദീപ് കൗറിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ക്ലാസ് മുറിയിലെ സി.സി.ടി.വി കാമറയിൽ പൂർണ്ണമായും പതിഞ്ഞിട്ടുണ്ട്.

പ്രതിയായ പ്രിൻസ് രാജ് ക്ലാസ് മുറിയിൽ സന്ദീപ് കൗറിനെ മറികടന്ന് പോയെങ്കിലും സന്ദീപ് പറഞ്ഞ ചില കാര്യങ്ങളോട് പ്രിൻസ് പ്രതികരിച്ചില്ല. തുടർന്ന് സന്ദീപ് ക്ലാസിന് പുറത്തേക്ക് പോയി. പിന്നാലെ പ്രിൻസും പോയി. ഈ സമയം മറ്റൊരു സഹപാഠി ഇവർക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം. മൂവരും സംസാരം പിന്നീട് ക്ലാസ് മുറിയുടെ പിൻഭാഗത്തെ ബെഞ്ചുകളിലേക്ക് മാറ്റി. പെൺകുട്ടികൾ അവസാന ബെഞ്ചിലും പ്രിൻസ് അവർക്ക് തൊട്ടു മുമ്പിലുള്ള ബെഞ്ചിലുമാണ് ഇരുന്നത്. ക്ഷുപിതനായ പ്രിൻസ് തന്റെ ബാഗിൽ നിന്ന് പിസ്റ്റൾ പുറത്തെടുക്കുകയും എഴുന്നേറ്റ് നിന്ന് സന്ദീപ് കൗറിന്റെ തലയ്ക്ക് വെടിവെക്കുകയുമായിരുന്നു. മുന്നോട്ട് നീങ്ങിയ പ്രിൻസ് സ്വന്തം തലയിലേക്കും വെടിയുതിർക്കുന്നതും വിഡിയോയിൽ കാണാം.

സംഭവം നടക്കുമ്പോൾ കൂടെയുണ്ടായിരുന്ന മറ്റൊരു സഹപാഠി നടുക്കത്തോടെ ഓടി മാറുന്നതും പിന്നീട് തിരിച്ചുവന്ന് സന്ദീപിനെ പരിശോധിച്ച ശേഷം സഹായത്തിനായി നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടുന്നതും ദൃശ്യങ്ങളിൽ കാണാം. കൊലപാതകത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പ്രണയപ്പകയാണോ അതോ മറ്റെന്തെങ്കിലും തർക്കങ്ങളാണോ ഇതിലേക്ക് നയിച്ചതെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. ഇരുവരുടെയും മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. സന്ദീപ് കൗറിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ട നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. 

Tags:    
News Summary - Student shoots classmate dead in classroom, then shoots himself -VIDEO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.