സ്ത്രീധനം നൽകിയതുകൊണ്ട് കുടുംബ സ്വത്തിലുള്ള പെൺമക്കളുടെ അവകാശം ഇല്ലാതാകുന്നില്ലെന്ന് കോടതി

മുംബൈ: വിവാഹ സമയത്ത് സ്ത്രീധനം നൽകിയതുകൊണ്ട് കുടുംബ സ്വത്തിലുള്ള പെൺമക്കളുടെ അവകാശം ഇല്ലാതാകുന്നില്ലെന്ന് കോടതി. ബോംബെ ഹൈകോടതിയിലെ ഗോവ ബെഞ്ചിന്റേതാണ് സുപ്രധാന വിധി.

നാല് പെൺമക്കളും നാല് ആൺമക്കളുമടങ്ങിയ പത്തംഗ കുടുംബത്തിലെ മൂത്ത മകളാണ് കോടതിയിൽ ഹരജി നൽകിയത്. ഇവരുടെ കുടുംബസ്വത്തായിരുന്ന സ്ഥാപനം സഹോദരന്മാരും അമ്മയും ചേർന്ന് രണ്ട് സഹോദരന്മാർക്ക് കൈമാറിയിരുന്നു. ഇത് അസാധുവാക്കണമെന്ന് വാദിച്ച ഹരജിക്കാരി, തന്റെ രേഖാമൂലമുള്ള സമ്മതമില്ലാതെ സ്വത്ത് കൈമാറ്റം ചെയ്യുന്നതിൽനിന്ന് സഹോദരങ്ങളെ സ്ഥിരമായി വിലക്കണമെന്നും ആവശ്യപ്പെട്ടു.

എന്നാൽ, വിവാഹ സമയത്ത് നാല് സഹോദരിമാർക്കും മതിയായ സ്ത്രീധനം നൽകിയിട്ടുണ്ടെന്നും അതിനാൽ ഹരജിക്കാരിക്കോ മറ്റു മൂന്ന് സഹോദരിമാർക്കോ സ്ഥാപനത്തിന്റെ ആസ്തിയിൽ അവകാശമില്ലെന്നുമായിരുന്നു സഹോദരങ്ങളുടെ വാദം.

ഹരജിക്കാരിക്ക് കൂടി അവകാശപ്പെട്ട സ്വത്ത് അവരുടെ സമ്മതമില്ലാതെ സഹോദരന്മാർക്ക് കൈമാറിയ രേഖ ജസ്റ്റിസ് എം.എസ് സോനക് റദ്ദാക്കി. “വീട്ടിലെ പെൺമക്കൾക്ക് മതിയായ സ്ത്രീധനം നൽകിയതിന് തെളിവുകളൊന്നുമില്ല. പെൺമക്കൾക്ക് സ്ത്രീധനം നൽകിയിട്ടുണ്ടെന്ന് അനുമാനിക്കുകയാണെങ്കിലും അതിന്റെ അർഥം പെൺമക്കൾക്ക് കുടുംബ സ്വത്തിൽ അവകാശമില്ലെന്നല്ല”, കോടതി പറഞ്ഞു.

Tags:    
News Summary - The court held that the right of the daughters in the family property is not lost because of the payment of dowry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.