നാഗ്പൂർ: ആന്ധ്രാപ്രദേശിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ പ്രമുഖ മാവോയിസ്റ്റ് നേതാവ് മാദ്‍വി ഹിഡ്മ കൊല്ലപ്പെട്ടതോടെ, നേരത്തെ കീഴടങ്ങിയ മുതിർന്ന നേതാവ് മല്ലോജുല വേണുഗോപാല റാവു പാർട്ടി കേഡർമാരോട് മാവോയിസ്റ്റ് ദൗത്യമുപേക്ഷിച്ച് കീഴടങ്ങാൻ ആവശ്യപ്പെട്ടതായി മഹാരാഷ്ട്രയിലെ ഗഡ്ചിറോളി പൊലീസ്.
ഭൂപതി എന്നാണ് വേണുഗോപല റാവു അറിയപ്പെടുന്നത്. വേണുഗോപാല റാവു പാർട്ടി കേഡർമാരോട് കീഴടങ്ങാൻ ഒരു വീഡിയോ സ്റ്റേറ്റ്മെന്റിലൂടെ ആവശ്യപ്പെടുന്നതായാണ് പൊലീസ് വെളിപ്പെടുത്തിയത്. ഇദ്ദേഹത്തിന്റെ വീഡിയോ പ്രസ്താവന ഇവർ പുറത്തുവിട്ടിട്ടുണ്ട്. എഴുപതുകാരനായ ഭൂപതി 60 കേഡർമാരുമായാണ് ഒക്ടോബറിൽ പൊലീസിന് കീഴടങ്ങിയത്.
‘രാവിലെ മുതൽ ഞാൻ പൊലീസുമായുള്ള ഏറ്റുമുട്ടലിന്റെ വാർത്തകൾ കേട്ടുകൊണ്ടിരിക്കുകയാണ്. ഹിഡ്മ ഉൾപ്പെടെ ആറുപേരാണ് ഈ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഇത് ആശങ്കയുളവാക്കുന്ന കാര്യമാണ്. ഈ സാഹചര്യത്തിൽ എനിക്ക് പറയാനുള്ളത് ഒന്നര മാസം മുമ്പ് നമ്മൾ ആയുധം താഴെവെച്ചതാണ്. ഇത് സാഹചര്യങ്ങൾ മാറ്റിമറിച്ചതായി നാം അറിയണം. ഇനി നമുക്ക് ആയുധങ്ങളുമായി മുന്നോട്ടു പോകാൻ കഴിയല്ല. ഇനി നമുക്ക് ജനാധിപത്യപരമായ മാർഗത്തിലൂടെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കാം’-അദ്ദേഹം വീഡിയോയിൽ പറയുന്നു.
നമുക്ക് വലിയ നഷ്ടങ്ങളുണ്ടായി. ഒരുപാട്പേരുടെ ജീവൻ നഷ്ടമായി.ഇന്ന് ലോകം മാറിയിരിക്കുന്നു. രാജ്യം മാറിയിരിക്കുന്നു. അതിനാൽ ആയുധങ്ങളുമായി സമരം ചെയ്യുന്നതിനു പകരം നമുക്ക് ആയുധം ഉപേക്ഷിച്ച് വെളിച്ചത്തുവരാം എന്നും അദ്ദേഹം പറയുന്നതായ വീഡിയോ ആണ് പൊലീസ് പുറത്തുവിട്ടത്.
തന്റെ ഈ സന്ദേശം ആരും അവഗണിക്കരുതെന്നും ഇനി ഭരണഘടനക്ക് അനുസൃതമായി പ്രവർത്തിക്കുകയാണ് നമ്മുടെ മുന്നിലുള്ള ഏക മാർഗമെന്നും അദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.