പ്രിയപ്പെട്ടവർ കൺമുന്നിൽ മരിച്ചു വീഴുമ്പോൾ അനുഭവിച്ച വേദന വിവരിക്കാനാവില്ല; നീതി കിട്ടണമെങ്കിൽ കുറ്റവാളികളെ തൂക്കിലേറ്റണം; അല്ലെങ്കിൽ മരണംവരെ ജയിലിലടക്കണം

അഹ്മദാബാദ്: ഗുജറാത്ത് കലാപത്തിനിടെ ബിൽകീസ് ബാനുവിനെ അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും 14 പേരെ കൊലപ്പെടുത്തുകയും ചെയ്ത പ്രതികളെ തൂക്കിലേറ്റുകയോ മരണം വരെ ജയിലിലടക്കുകയോ ചെയ്യണമെന്ന് കേസിലെ ഏക ദൃക്സാക്ഷി. 2002​ൽ ഗുജറാത്ത് കലാപം നടക്കുമ്പോൾ  ദൃക്സാക്ഷിക്ക് ഏഴുവയസായിരുന്നു പ്രായം. ഇപ്പോൾ 28 വയസുള്ള ഈ യുവാവ് ഭാര്യക്കും അഞ്ചുവയസുള്ള മകനുമൊപ്പം അഹ്മദാബാദിൽ താമസിക്കുകയാണ്.

​''പ്രിയപ്പെട്ടവരെല്ലാം ഒന്നൊന്നായി കൺമുന്നിൽ മരിച്ചുവീഴുമ്പോൾ വലിയൊരു ട്രോമയിലേക്കാണ് ഞാൻ വീണുപോയത്. അതിന്റെ ആഘാതം ഇപ്പോഴുമെന്നെ വിട്ടുപോയിട്ടില്ല. ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും അതെന്നെ വേട്ടയാടുകയാണ്. പേടിപ്പെടുത്തുന്ന സ്വപ്നങ്ങൾ കാണാതെ ഒരു ദിവസം പോലും ഞാൻ ഉറക്കമുണർന്നിട്ടില്ല അന്നുതൊട്ടിന്നുവരെ.​''-അദ്ദേഹം താനനുഭവിച്ച വേദന വിവരിച്ചു.

കൂട്ടബലാത്സം​ഗം ചെയ്യപ്പെടുന്ന സമയത്ത് അഞ്ച് മാസം ​ഗർഭിണിയായിരുന്ന ബിൽക്കീസിന്റെ മൂന്ന് മാസം പ്രായമായ മകൾ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ കുടുംബത്തിലെ മറ്റ് ഏഴ് പേരും കലാപത്തിൽ കൊല്ലപ്പെട്ടിരുന്നു. ബോംബെ ഹൈകോടതി ജീവപര്യന്തം തടവിനു ​ശിക്ഷിച്ച പ്രതികളെ 2022 ആഗസ്റ്റ് 15ന് സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം പ്രമാണിച്ചാണ് വിട്ടയച്ചത്. ജനുവരി എട്ടിനാണ് 11 പ്രതികളുടെയും ശിക്ഷ ഇളവ് റദ്ദാക്കി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

''പ്രതികളെ മുഴുവൻ വെറുതെവിട്ടപ്പോൾ എനിക്ക് വളരെയധികം വേദനിച്ചു. ഇപ്പോൾ ആ വേദനക്ക് ശമനമുണ്ട്. കാരണം ഒരിക്കൽ കൂടി അവരെല്ലാം അഴികൾക്കുള്ളിലായിരിക്കുന്നു. ആ ദിവസം ഉമ്മയും മൂത്തസഹോദരിയുമടക്കം 14 പേരെയാണ് അവരെന്റെ കൺമുന്നിൽ കൊന്നുകൂട്ടിയിട്ടത്. കേസിലെ എല്ലാ പ്രതികളെയും തൂക്കിലേറ്റുകയോ അല്ലെങ്കിൽ മരണം വരെ ജയിലിലടക്കുകയോ ചെയ്യണം. എങ്കിൽ മാത്രമേ നീതി പുലരുകയുള്ളൂ. ഈ പൈശാചിക മനുഷ്യർ ഇനിയൊരിക്കലും വെളിച്ചം കാണരുത്.''അദ്ദേഹം തുടർന്നു.

2002 ഫെബ്രുവരി 27ൽ ഗോധ്രയിൽ ട്രെയിൻ തീവെച്ചതിനു പിന്നാലെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്.

കലാപത്തിൽ രക്ഷ​തേടി സ്ത്രീകളും കുട്ടികളും ഏറെയുള്ള 17 പേരടങ്ങുന്ന ഒരു സംഘം ദാഹോദ് ജില്ലയിലെ ലിംഖേഡ താലൂക്കിലെ രന്ധിക്പൂർ ഗ്രാമം വിട്ട് വനത്തിലൂടെ ദേവഗഢ് ബാരിയ പട്ടണത്തിലേക്ക് നീങ്ങുകയായിരുന്നുവെന്ന് കുട്ടിക്ക് അഭയം നൽകിയ സാമൂഹിക പ്രവർത്തകൻ പറഞ്ഞു. ബിൽകീസ് ബാനുവും ദൃക്സാക്ഷിയായ ഈ കുട്ടിയും അവന്റെ അമ്മയും മൂത്ത സഹോദരിയും ആ സംഘത്തിലുണ്ടായിരുന്നു. അവരെയാണ് ജനക്കൂട്ടം മാർച്ച് മൂന്നിന് ആക്രമിച്ചത്. ആ 17ൽ 14 പേരെയും ജനക്കൂട്ടം കൊലപ്പെടുത്തി. കൊച്ചുകുഞ്ഞുമുണ്ടായിരുന്നു അക്കൂട്ടത്തിൽ. അതിനു ശേഷം ബിൽകീസിനെ കൂട്ടബലാത്സംഗം ചെയ്തു. ബിൽകീസിനെയും ആ ബാലനെയും കൊല്ലാനായിരുന്നു അവരുടെ ശ്രമം. എങ്ങനെയോ അവർ ഇരുവരും രക്ഷപ്പെട്ടു. നാലുവയസുള്ള ബാലനും കൂടി രക്ഷ​പ്പെട്ടവരുടെ കൂട്ടത്തിലുണ്ടായിരുന്നു. അവർ മൂവരും മരിച്ചുവെന്ന് കരുതി ആൾക്കൂട്ടം ഉപേക്ഷിച്ചു പോവുകയായിരുന്നു.-സാമൂഹിക പ്രവർത്തകൻ തുടർന്നു.

ഗോധ്രയിലെ ക്യാമ്പിലായിരുന്നു ആ കുട്ടി കുറച്ചുകാലം കഴിഞ്ഞത്. പിന്നീട് അവനെ കച്ചിലെ റെസിഡൻഷ്യൽ സ്കൂളിലേക്ക് മാറ്റി.

പേര് വെളിപ്പെടുത്താത്ത ആ സാമൂഹിക പ്രവർത്തകന്റെ സംരക്ഷണത്തിലാണ് അവൻ വളർന്നത്. ആ സംഭവത്തിലെ ഏക ദൃക്സാക്ഷി ആ കുട്ടിയാണ്. 2005ൽ മുംബൈയിലെ സി.ബി.ഐയുടെ പ്രത്യേക കോടതിയിൽ അവൻ മൊഴി നൽകി.പരാതിക്കാരിയായ ബിൽകീസ് ബാനു വിവരിച്ച സംഭവങ്ങളുമായി പൊരുത്തപ്പെടുന്നതിനാൽ കുട്ടിയുടെ മൊഴി നിർണായകമായി. വിചാരണക്കിടെ കേസിലെ 11 പ്രതികളിൽ നാലുപേരെ കുട്ടി തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - The convicts should be hanged or kept in jail for life: Bilkis Bano case eyewitness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.