ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ സൗജന്യങ്ങൾ വിലക്കണമെന്ന ബി.ജെ.പി നേതാവിന്റെ ഹരജി മൂന്നംഗ ബെഞ്ച് അടിയന്തരമായി കേൾക്കണമെന്ന് ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നിർദേശം നൽകി. വിവാദത്തിന്റെ സ്വഭാവവും വിവിധ കക്ഷികൾ ഇതിനകം നടത്തിയ വാദങ്ങളും പരിഗണിക്കുമ്പോൾ ഈ കേസ് പരമാവധി നേരത്തെ പരിഗണിക്കേണ്ടതാണെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ബി.ജെ.പി ഡൽഹി വക്താവ് അഡ്വ. അശ്വിനി കുമാർ ഉപാധ്യായ ചീഫ് ജസ്റ്റിസ് മുമ്പാകെ ഇക്കാര്യം ആവശ്യപ്പെട്ടതിനെ തുടർന്നാണ് നിർദേശം.
മുൻ ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ച് മൂന്നംഗ ബെഞ്ചിന് വിട്ടതായിരുന്നു ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് അജണ്ട കൂടിയായ കേസ്. ആം ആദ്മി പാർട്ടി അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ മുന്നേറ്റം തടയിടാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പിയും കേന്ദ്ര സർക്കാറും സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നത് വിലക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നത്. അതിന്റെ ഭാഗമായാണ് ബി.ജെ.പി വക്താവിന്റെ സുപ്രീംകോടതിയിലെ ഹരജി.
സൗജന്യങ്ങൾ നിയന്ത്രിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ചെയർമാനും റിസർവ് ബാങ്ക് ഗവർണർ, നീതി ആയോഗ്, വൈസ് ചെയർപേഴ്സൺ, സി.എ.ജി, ജി.എസ്.ടി കൗൺസിൽ സെക്രട്ടറി തുടങ്ങിയവർ അംഗങ്ങളായും സമിതി ഉണ്ടാക്കണമെന്ന് ബി.ജെ.പി നേതാവ് ആവശ്യപ്പെട്ടപ്പോൾ മൂന്നംഗ ബെഞ്ച് തീരുമാനിക്കട്ടെ എന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.