ന്യൂഡൽഹി: ചണ്ഡീഗഡുമായി ബന്ധപ്പെട്ട് കേന്ദ്രം കൊണ്ടുവരുന്ന പുതിയ ഭരണഘടനാ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തം. കേന്ദ്രം ഫെഡറൽ തത്വങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പഞ്ചാബിലും ഹരിയാനയിലും ഉടനീളം അപ്രതീക്ഷിതമായ ഒരു രാഷ്ട്രീയ ഏറ്റുമുട്ടലിന് വഴിവെച്ചിരിക്കുകയാണ് ബിൽ. ഇതെത്തുടർന്ന് അന്തിമ തീരുമാനം ഉടനടിയില്ലെന്ന് പറഞ്ഞ് തീരുമാനത്തിൽ നിന്ന് കേന്ദ്രം പിന്നോട്ടടിച്ചു.
പഞ്ചാബിന്റെയും ഹരിയാനയുടെയും സംയുക്ത തലസ്ഥാനമാണ് ചണ്ഡീഗഡ്. ഭരണഘടനയുടെ 240-ാം അനുച്ഛേദത്തിന്റെ പരിധിയിൽ ചണ്ഡീഗഡിനെ കൊണ്ടുവരാനായിരുന്നു കേന്ദ്ര സർക്കാറിന്റെ നീക്കം. ഈ അനുച്ഛേദത്തിന്റെ പരിധിയിൽ ചണ്ഡീഗഡിനെ വരുന്നതോടെ അവിടേക്കു മാത്രമായുള്ള നിയമങ്ങൾ നേരിട്ട് രൂപീകരിക്കാൻ രാഷ്ട്രപതിക്ക് അധികാരം ലഭിക്കും. നിലവിൽ, പഞ്ചാബ് ഗവർണറാണ് ചണ്ഡീഗഡിന്റെയും അഡ്മിനിസ്ട്രേറ്റർ. 1984 ജൂൺ 1 മുതൽ ഈ സംവിധാനമാണ് നിലനിൽക്കുന്നത്.
ശീതകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയെങ്കിലും വർധിച്ചുവരുന്ന രോഷം തടയാൻ പ്രഖ്യാപനത്തിന് കഴിഞ്ഞില്ല. ഈ നീക്കം കേന്ദ്ര സർക്കാറിന്റെ ‘ആദ്യം പ്രഖ്യാപിക്കുക, രണ്ടാമത് ചിന്തിക്കുക’ എന്ന സമീപനത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
ചണ്ഡീഗഢ് കേന്ദ്രഭരണ പ്രദേശത്തിനായുള്ള കേന്ദ്ര സർക്കാറിന്റെ നിയമനിർമാണ പ്രക്രിയ ലളിതമാക്കുക എന്നതാണ് ഈ നിർദേശത്തിന്റെ ലക്ഷ്യമെന്നാണ് കേന്ദ്രത്തിന്റെ അവകാശ വാദം. അതിന്റെ ഭരണഘടനയെയോ പഞ്ചാബും ഹരിയാനയുമായുള്ള പരമ്പരാഗത ക്രമീകരണങ്ങളെയോ ഇത് മാറ്റിയിട്ടില്ലെന്നും മന്ത്രാലയം പറയുന്നു. എന്നാൽ, ഈ നിർദേശം ഫെഡറലിസത്തെ ദുർബലപ്പെടുത്തുന്ന ആക്രമണത്തിന് തുല്യമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല വിമർശിച്ചു. 1966 ലെ പഞ്ചാബ് പുനഃസംഘടന നിയമപ്രകാരം സംയുക്ത തലസ്ഥാനമായി പ്രവർത്തിക്കുന്ന ചണ്ഡീഗഢിന് മേലുള്ള പഞ്ചാബിന്റെയും ഹരിയാനയുടെയും അവകാശങ്ങളെ ഇത് ദുർബലപ്പെടുത്തുമെന്ന് ഒരു പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു.
രണ്ട് അയൽ സംസ്ഥാനങ്ങൾക്കിടയിൽ സംഘർഷം സൃഷ്ടിക്കാൻ കേന്ദ്രം ശ്രമിക്കുന്നുവെന്നും ജനങ്ങളുടെ വികാരങ്ങളെയോ ആത്മാവിനെയോ അവഗണിച്ച് ചണ്ഡീഗഡിന്റെ സമ്പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കാനുള്ള ആർത്തിയോടെയുള്ള ആഗ്രഹം പിന്തുടരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
പഞ്ചാബിന്റെ സ്വത്വത്തിനെതിരായ നേരിട്ടുള്ള ആക്രമണം എന്നാണ് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ ഇതിനെ വിശേഷിപ്പിച്ചത്. ഫെഡറൽ ഘടനയെ ദുർബലപ്പെടുത്തുകയും പഞ്ചാബികളുടെ അവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്ന ഒരു മാനസികാവസ്ഥയാണ് ഈ നീക്കത്തെ പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അത്തരമൊരു മാറ്റത്തിലൂടെ പഞ്ചാബിന് ചണ്ഡീഗഢിന് മേലുള്ള അവകാശം പൂർണമായും നഷ്ടപ്പെടുമെന്ന് അവർ പറഞ്ഞു. പട്ടികപ്പെടുത്തലിനെ പഞ്ചാബിന്റെ അവകാശങ്ങളുടെ കൊള്ളയും ഫെഡറൽ ഘടനയുടെ തത്വങ്ങളുടെ ലംഘനവുമാണ് എന്ന് അവർ വിശേഷിപ്പിച്ചു.
ശിരോമണി അകാലിദൾ മുതിർന്ന നേതാവ് ഹർസിമ്രത് കൗർ ബാദലും നീക്കത്തെ വിമർശിച്ചു. പ്രതികരണം രേഖപ്പെടുത്താൻ പാർട്ടി അടിയന്തര കോർ കമ്മിറ്റി യോഗം വിളിച്ചു. പഞ്ചാബ് കോൺഗ്രസിന്റെ പ്രതാപ് സിങ് ബജ്‌വ ഈ നീക്കം സംസ്ഥാനത്ത് ഗവർണറുടെ ഭരണത്തിന് വഴിയൊരുക്കുമെന്ന് മുന്നറിയിപ്പ് നൽകി.
പഞ്ചാബിനെ അവസാനിപ്പിക്കാൻ കേന്ദ്രം പുതിയ ശ്രമം നടത്തുകയാണെന്ന് പഞ്ചാബ് ധനമന്ത്രി ഹർപാൽ സിങ് ചീമ ആരോപിച്ചു. ഭക്ര ബിയാസ് മാനേജ്‌മെന്റ് ബോർഡ്, പഞ്ചാബ് സർവകലാശാല തുടങ്ങിയ സ്ഥാപനങ്ങളിൽ നിയന്ത്രണം സ്ഥാപിക്കാനുള്ള മുൻ ശ്രമങ്ങളും ഇതേ മാതൃകയുടെ ഭാഗമാണെന്ന് വാദിച്ചു. ഈ ശ്രമങ്ങളെല്ലാം പഞ്ചാബിലെ ധീരരായ ജനങ്ങൾ പരാജയപ്പെടുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.