കർഷക സമരം ചർച്ച ചെയ്യാൻ ബ്രിട്ടീഷ് പാർലമെൻറിന് അവകാശമുണ്ട് -തരൂർ

ന്യൂഡൽഹി: കർഷക സമരത്തെക്കുറിച്ച് ചർച്ച നടത്തിയ ബ്രീട്ടീഷ് പാർലമെൻറിനെതിരെ തിരിഞ്ഞ കേന്ദ്ര സർക്കാർ നിലപാടിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. മറ്റു രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്ത്യക്കുള്ള അതേ അവകാശം ബ്രിട്ടീഷ് പാർലമെൻറിനുമുണ്ട് എന്നാണ് തരൂർ പറഞ്ഞിരിക്കുന്നത്.

'മുമ്പ് ഫലസ്തീന്‍ - ഇസ്രയേല്‍ പ്രശ്‌നം ഇന്ത്യ ചര്‍ച്ച ചെയ്തതാണ്. മറ്റൊരു രാജ്യത്തെ ആഭ്യന്തര പ്രശ്‌നം ചർച്ച ചെയ്യാൻ ഇന്ത്യക്കുള്ള അതേ അവകാശം ബ്രിട്ടീഷ് പാര്‍ലമെൻറിനുമുണ്ട്. സ്വന്തം കാഴ്ചപ്പാട് പറഞ്ഞതിന് ഞാൻ കേന്ദ്ര സർക്കാറിനെ കുറ്റപ്പെടുത്തുന്നില്ല. പക്ഷേ, മറ്റൊരു വശംകൂടിയുണ്ടെന്ന് തിരിച്ചറിയണം. ജനാധിപത്യത്തിൽ ജനപ്രതിനിധികൾക്ക് തങ്ങളുടെ ഭാഗം പറയാൻ അവകാശമുണ്ട്' -തരൂർ കേന്ദ്ര സർക്കാറിനെ വിമർശിച്ചു.

രാജ്യത്ത് നടക്കുന്ന കർഷക പ്രക്ഷോഭത്തെക്കുറിച്ച് ബ്രിട്ടീഷ് പാർലമെൻറ് ചർച്ച ചെയ്തപ്പോൾ, ബ്രീട്ടീഷ് ഹൈകമ്മീഷ്ണറെ ഇന്ത്യ വിളിച്ചുവരുത്തിയിരുന്നു. തുടർന്ന് വിദേശകാര്യ മന്ത്രാലയവും ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷനും രൂക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു.

അടിസ്ഥാനപരമായ വസ്തുതകളോ തെളിവുകളോ ഇല്ലാതെ തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ചത് അപലപിക്കുന്നതായും, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തെക്കുറിച്ചും അതിന്‍റെ സ്ഥാപനങ്ങളെക്കുറിച്ചും ആക്ഷേപം ഉന്നയിക്കുകയാണെന്നും ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷൻ വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തി. ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ അഭാവമുണ്ടെന്ന ചോദ്യം ഉയരുന്നില്ലെന്നും ഇന്ത്യൻ ഹൈക്കമീഷന്‍ വ്യക്തമാക്കിയിരുന്നു.

ഇന്ത്യൻ വംശജനും മൈദെൻഹെഡ് ലിബറൽ ഡെമോക്രാറ്റിക് നേതാവുമായ ഗുർച് സിങ് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ 90 മിനിറ്റ് ദൈർഘ്യമുള്ള ചർച്ച ബ്രിട്ടീഷ് പാർലമെന്‍റിൽ തിങ്കളാഴ്ച‍യാണ് നടന്നത്. ലേബർ പാർട്ടി, ലിബറൽ ഡെമോക്രാറ്റ്സ്, ദ് സ്കോട്ടിഷ് പാർട്ടി എന്നിവയുടെ എം.പിമാർ ചർച്ചയിൽ പങ്കെടുത്തിരുന്നു. ലക്ഷത്തിലധികം യു.കെ നിവാസികളാണ് അപേക്ഷയിൽ ഒപ്പുവെച്ചത്.

Tags:    
News Summary - The British Parliament has the right to discuss the farmers protest says Shashi Tharoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.