പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ മൂന്ന് വയസ്സുകാരനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്കേസിൽ ഒളിപ്പിച്ച നിലയിൽ. മേയ് ഒന്ന് വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത കൗമാരക്കാരനാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ ചോക്ലേറ്റ് നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പ്രതി തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.കുഞ്ഞിനെ കാണാതായതോടെ വീട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ കുഞ്ഞിനെ തിരക്കി അമ്മ പ്രതിയുടെ വീട്ടിലെത്തിയെങ്കിലും അവരെ തെറ്റിദ്ധരിപ്പിച്ച് ഇയാൾ മടക്കി അയച്ചു.
പീഡനത്തിന് ശേഷം കുറ്റകൃത്യം പുറത്തറിയാതിരിക്കാൻ കുഞ്ഞിനെ കുത്തിക്കൊലപ്പെടുത്തുകയും മൃതദേഹം സ്യൂട്ട്കേസിലാക്കി ഒളിപ്പിക്കുകയുമായിരുന്നു. ഒളിച്ചോടാൻ ശ്രമിക്കുന്നതിനിടെ പൂനെ റെയിൽവേ സ്റ്റേഷന് പുറത്തുനിന്നാണ് ബീഹാർ സ്വദേശിയായ പ്രതിയെ പൊലീസ് പിടികൂടിയത്. ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചിട്ടുണ്ട്.
പൂനെയിൽ ഒരാഴ്ചക്കിടെ നടക്കുന്ന രണ്ടാമത്തെ സമാന സംഭവമാണിത്. ഇതേ ദിവസം തന്നെ പൂനെയ്ക്ക് സമീപമുള്ള ഗ്രാമത്തിൽ നാല് വയസ്സുകാരിയെ 65കാരനായ തൊഴിലാളി പീഡിപ്പിച്ചു കൊലപ്പെടുത്തി. മുത്തശ്ശിയുടെ വീട്ടിലെത്തിയ കുഞ്ഞിനെ ഭക്ഷണ സാധനങ്ങൾ നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കന്നുകാലി തൊഴുത്തിലെത്തിച്ചാണ് ഇയാൾ പീഡിപ്പിച്ചത്. ക്രിമിനൽ പശ്ചാത്തലമുള്ള ഈ പ്രതിയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മൂന്ന് വയസ്സുകാരന്റെ കൊലപാതകത്തിൽ ഭാരതീയ ന്യായ സംഹിതയിലെ (ബി.എൻ.എസ്) കൊലപാതകം (സെക്ഷൻ 103(1)), തെളിവ് നശിപ്പിക്കൽ (സെക്ഷൻ 238), കൂടാതെ, പോക്സോ നിയമപ്രകാരമുള്ള വകുപ്പുകളും ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സി.സി.ടി.വി ദൃശ്യങ്ങളും സാങ്കേതിക തെളിവുകളും പരിശോധിച്ചാണ് ബീഹാർ സ്വദേശിയായ പ്രതിയെ പൊലീസ് പിടികൂടിയത്. നാല് വയസ്സുകാരി കൊല്ലപ്പെട്ട കേസിൽ 15 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്നും ഫാസ്റ്റ് ട്രാക്ക് കോടതിയിൽ വിചാരണ നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.