നീറ്റ്-യു.ജി: ജെ.ഇ.ഇ മാതൃകയിൽ രണ്ട് ഘട്ടങ്ങളായുള്ള പരീക്ഷാ രീതി പരിഗണനയിലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

ന്യൂഡൽഹി: നീറ്റ്-യു.ജി പരീക്ഷ എഞ്ചിനീയറിങ് കോഴ്സുകൾക്കായുള്ള ജെ.ഇ.ഇ പോലെ രണ്ട് ഘട്ടങ്ങളായി നടത്തുന്നതിനെ കുറിച്ച് ആലോചിച്ചുവരികയാണെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. എൻ.ടി.എ പരീക്ഷാ പ്രക്രിയകളിൽ സമഗ്രമായ മാറ്റം വരുത്തുന്നതിന്‍റെ ഭാഗമായി നീറ്റ്-യു.ജി പെൻ-ആൻഡ്-പേപ്പർ രീതിയിൽ നിന്ന് കമ്പ്യൂട്ടർ അധിഷ്ഠിത ഫോർമാറ്റിലേക്ക് മാറ്റുന്നതും സജീവമായ പരിഗണനയിലാണെന്ന് സർക്കാർ വ്യക്തമാക്കി.

ചോദ്യപേപ്പർ ചോർച്ച തടയുന്നതിനായി എൻ.ടി.എ സംവിധാനത്തിൽ അടിയന്തരമായി വരുത്തേണ്ട പരിഷ്കാരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജികൾ പരിഗണിക്കുന്നതിനിടയിലാണ് കേന്ദ്രം സത്യവാങ്മൂലം സമർപ്പിച്ചത്. മുൻകാലങ്ങളിലെ അനുഭവങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടും ഭാവിയിൽ വീഴ്ചകൾ ഉണ്ടാകാതിരിക്കാനും നീറ്റ് പരീക്ഷാ നടത്തിപ്പ് കൂടുതൽ സുരക്ഷിതമാക്കുന്നത് സംബന്ധിച്ച് മെയ് 29ലെ കോടതി ഉത്തരവിന് മറുപടിയായാണ്, ദേശീയ പ്രവേശന പരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാൻ മൾട്ടി ലെയർ സെക്യൂരിറ്റി സിസ്റ്റം നടപ്പിലാക്കിയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചത്. നന്ദൻ നിലേകനിയുടെ അധ്യക്ഷതയിലുള്ള ഉന്നതതല കമ്മിറ്റിയുടെ ശുപാർശകൾക്ക് ശേഷമേ നീറ്റ്-യു.ജിയുടെ ഘടനയിലോ മാതൃകയിലോ ഉള്ള മാറ്റങ്ങളിൽ അന്തിമ തീരുമാനം എടുക്കൂ എന്നും സർക്കാർ അറിയിച്ചു.

ചോദ്യ ചോർച്ച, ആൾമാറാട്ടം തുടങ്ങിയ അനധികൃത പ്രവൃത്തികൾക്കെതിരെ കടുത്ത ശിക്ഷാ നടപടികളും അതിവേഗ കോടതികളും ഉൾപ്പെടുത്തിക്കൊണ്ട് കൊണ്ടുവന്ന 'പബ്ലിക് എജ്യുക്കേഷൻ (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ഭേദഗതി നിയമം സത്യവാങ്മൂലത്തിൽ പരാമർശിക്കുന്നുണ്ട്.

മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ്, മുൻ ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ തപൻ ഡെക, ഐ.ഐ.ടി മദ്രാസ് ഡയറക്ടർ വി. കാമകോട്ടി, മുൻ സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി അനിത കർവാൾ, മുൻ ബീഹാർ ചീഫ് സെക്രട്ടറി അമിത് ലാൽ മീണ എന്നിവർ ഉൾപ്പെടുന്നതാണ് ഉന്നത തല സമിതി. എൻ.ടി.എ നടത്തുന്ന നീറ്റ് പരീക്ഷയിലെ പരിഷ്കാരങ്ങളെക്കുറിച്ച് അവലോകനം ചെയ്ത് നിർദ്ദേശങ്ങൾ നൽകുന്ന ഈ സംഘം മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.

ജെ.ഇ.ഇ (മെയിൻ), സി.യു.ഇ.ടി (യു.ജി, പി.ജി), യു.ജി.സി-നെറ്റ്, സി.എസ്.ഐ.ആർ-നെറ്റ് എന്നിവ ഉൾപ്പെടെ എൻ.ടി.എയുടെ പ്രധാനപ്പെട്ട എട്ട് പരീക്ഷകളിൽ ഏഴും അടുത്തിടെ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകളിലേക്കും മൾട്ടി-സെഷൻ, മൾട്ടി-ഡേ ഷെഡ്യൂളുകളിലേക്കും മാറ്റിയിട്ടുണ്ടെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പെൻ-ആൻഡ്-പേപ്പർ രീതിയിൽ തുടരുന്ന ഒരേയൊരു പ്രധാന പരീക്ഷ നീറ്റ്-യു.ജി മാത്രമാണ്.

Tags:    
News Summary - NEET-UG: Centre tells Supreme Court that two-stage exam pattern on JEE model is being considered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.