ചെന്നൈ: തമിഴക വെട്രി കഴകം (ടി.വി.കെ) അധികാരത്തിൽ എത്തിയതിന് ശേഷമുള്ള സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി എൻ. മാരി വിൽസൺ തമിഴ്നാട് നിയമസഭയിൽ അവതരിപ്പിച്ചു. 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കന്നി ബജറ്റിൽ വിദ്യാഭ്യാസം, സാങ്കേതികവിദ്യ, സ്ത്രീക്ഷേമം, യുവജനങ്ങളുടെ തൊഴിൽ നൈപുണ്യം എന്നിവക്കാണ് സർക്കാർ മുഖ്യ പരിഗണന നൽകിയിരിക്കുന്നത്.
നീറ്റ് പരീക്ഷ പൂർണ്ണമായും ഒഴിവാക്കി, പ്ലസ് ടു പബ്ലിക് പരീക്ഷാ മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം പുനഃസ്ഥാപിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് തമിഴ്നാട് സർക്കാർ ഔദ്യോഗികമായി ആവശ്യപ്പെട്ടു. ദേശീയ തലത്തിലുണ്ടായ വിവിധ ചോദ്യപേപ്പർ ചോർച്ചകളും ക്രമക്കേടുകളും വിദ്യാർഥികളുടെ ഭാവിയെ സാരമായി ബാധിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് തമിഴ്നാട് സർക്കാർ നീറ്റിനെതിരെ രംഗത്തുവന്നിരിക്കുന്നത്. മെഡിക്കൽ പ്രവേശനത്തിനായി വിദ്യാർഥികൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും പ്രതിസന്ധികളും ഒഴിവാക്കാൻ മുൻകാലങ്ങളിലെപ്പോലെ പ്ലസ് ടൂ ബോർഡ് പരീക്ഷാ മാർക്ക് മാനദണ്ഡമാക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം.
സ്വർണ നാണയവും പട്ടുസാരിയും: വനിതകൾക്കായി വിവാഹസമയത്ത് 8 ഗ്രാം സ്വർണ നാണയവും പട്ടുസാരിയും നൽകുന്ന പദ്ധതിക്കായി ₹812 കോടി രൂപ വകയിരുത്തി.
നവജാത ശിശുക്കൾക്ക് സ്വർണ മോതിരം: സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണ മോതിരം നൽകുന്ന തായ്മാമൻ തങ്ക മോതിരം പദ്ധതിക്കായി 560 രൂപ കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. 2026 ജൂൺ 22 മുതൽ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുട്ടികൾക്ക് ഈ പദ്ധതിയുടെ ആനുകൂല്യത്തിന് അർഹതയുണ്ട്.
കായിക രംഗവും നവീകരണവും
ഒളിമ്പിക്സ് സെന്ററുകൾ: അന്താരാഷ്ട്ര കായിക രംഗത്ത് തമിഴ്നാടിന്റെ നിലവാരം ഉയർത്തുന്നതിനും ഒളിമ്പിക്സ് സ്വർണ്ണ മെഡലുകൾ ലക്ഷ്യമിടുന്നതിനുമായി 10 ഒളിമ്പിക്സ് സെന്ററുകൾ സ്ഥാപിക്കാൻ 5.50 കോടി രൂപ വകയിരുത്തി.
ന്യൂനപക്ഷ ക്ഷേമം: ഹജ്ജ് തീർത്ഥാടനത്തിനുള്ള സബ്‌സിഡി 25,000ൽ നിന്ന് 35,000 രൂപയായി ഉയർത്തി. ക്രിസ്ത്യൻ, മുസ്ലീം വനിതാ ക്ഷേമ സംഘടനകൾക്കായി 1.05 കോടിയും, അഞ്ച് മുസ്ലീം ഖബർസ്ഥാനുകളുടെ വികസനത്തിനായി 34 കോടിയും അനുവദിച്ചു.
മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ: 'ലഹരിമുക്ത തമിഴ്നാട്' പദ്ധതിക്കായി 7 കോടി വകയിരുത്തി. കൂടാതെ, 717 മദ്യശാലകൾ പൂട്ടിയതായും, ഗാർഹിക ഉപഭോക്താക്കൾക്ക് 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകിവരുന്നതായും സർക്കാർ വ്യക്തമാക്കി. ആഗസ്റ്റ് 6ന് കാർഷിക ബജറ്റ് അവതരിപ്പിക്കും.
ഇതിനുപുറമേ സ്ത്രീകളുടെ സുരക്ഷക്കായി 'സിംഗപ്പെണ്ണ് പ്രത്യേക ദൗത്യസേന', ലഹരിവസ്തുക്കൾ നിർമാർജ്ജനം ചെയ്യാൻ ജില്ലാതലത്തിലുള്ള പ്രത്യേക സംഘങ്ങൾ, ആരാധനാലയങ്ങൾക്കും സ്കൂളുകൾക്കും സമീപമുള്ള 717 മദ്യശാലകൾ അടച്ചുപൂട്ടിയത് തുടങ്ങിയ സർക്കാരിന്റെ സുപ്രധാന നേട്ടങ്ങളും ബജറ്റ് പ്രസംഗത്തിൽ എടുത്തുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.