കേശവ് പ്രസാദ് മൗര്യ

‘മദ്റസ വിദ്യാഭ്യാസം നേടുന്നവർ ഭീകരവാദികൾ’; വിദ്വേഷ പരാമർശവുമായി യു.പി ഉപമുഖ്യമന്ത്രി; ബി.ജെ.പിയാണ് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതെന്ന് എസ്.പി

ലഖ്നോ: മദ്റസ വിദ്യാഭ്യാസത്തിനെതിരെ വിവാദ പരാമർശവുമായി ഉത്തർ പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. മദ്റസ വിദ്യാഭ്യാസം നേടുന്നവരുടെ മാനസികാവസ്ഥ ഭീകരവാദിയുടേതിന് സമാനമായി മാറുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

മദ്റസ വിദ്യാഭ്യാസം നേടുന്നവർ ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിക്കുകയോ ‘വന്ദേമാതരം’ ആലപിക്കുകയോ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച വിധാൻ ഭവനിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം. ‘ഇത് ആദ്യത്തെ സംഭവമാണോ? ഇതാണ് യാഥാർഥ്യം, ഇതാണ് സത്യം. മദ്രസാ വിദ്യാഭ്യാസമാണ് ഇതിന് ഉത്തരവാദി. ഇന്ത്യക്കുള്ളിലോ, ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളിലോ നടക്കുന്ന ആക്രമണങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള ഭീകരർ മദ്രസാ വിദ്യാഭ്യാസത്തിന്‍റെ ഉൽപന്നങ്ങളാണ്’ -കേശവ് മാധ്യമങ്ങളോട് പറഞ്ഞു.

താൻ ഇത് മുമ്പും പറഞ്ഞിട്ടുണ്ട്, വീണ്ടും ആവർത്തിക്കുന്നു. മദ്രസാ വിദ്യാഭ്യാസം നേടുന്ന ആരും തന്നെ ഭാരത് മാതാ കീ ജയ് എന്ന് പറയുന്നില്ല, വന്ദേമാതരം പാടുന്നില്ല, അവരുടെ ചിന്താഗതി ഒരു ഭീകരന്റേതിന് സമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ഭീകരവാദികളെ പ്രോത്സാഹിപ്പിക്കുന്നത് ബി.ജെ.പിയാണെന്നും അവരുടെ ഓഫിസുകളിൽ നിന്നാണ് അവരെ കണ്ടെത്തുന്നതെന്നും സമാജ്‍വാദി പാർട്ടി നേതാവ് ശിവപാൽ യാദവ് പറഞ്ഞു. തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി ബി.ജെ.പി വർഗീയ പ്രസംഗങ്ങൾ നടത്തുകയാണെന്ന് എസ്.പി എം.എൽ.എ ബ്രിജേഷ് യാദവ് ആരോപിച്ചു.

അവർ ഹിന്ദുക്കളെക്കുറിച്ചും മുസ്ലീങ്ങളെക്കുറിച്ചും സംസാരിക്കുന്നത് നിർത്തിയാൽ നാല് സീറ്റുകൾ പോലും ജയിക്കില്ല. മതം പ്രചരിപ്പിക്കുക, വർഗീയത പറഞ്ഞ് ജനങ്ങളെ മയക്കുക, ജനങ്ങളോട് കള്ളം പറയുക, രാജ്യത്തെ കൊള്ളയടിക്കുക എന്നിവയാണ് അവരുടെ അജണ്ടയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരെ ധ്രുവീകരിക്കാനാണ് ബി.ജെ.പി ലക്ഷ്യമെന്ന് മറ്റൊരു എസ്.പി എം.എൽ.എയായ മുഹമ്മദ് ഹസൻ റൂമിയും ആരോപിച്ചു.

നേരത്തെയും മുസ്ലീം വിരുദ്ധ പരാമർശങ്ങൾ നടത്തി കേശവ് പ്രസാദ് മൗര്യ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. 2021ൽ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, കുറ്റവാളികളെന്ന് ആരോപിക്കപ്പെടുന്നവരെ തൊപ്പി ധരിച്ച ഗുണ്ടകൾ എന്ന് അദ്ദേഹം വിശേഷിപ്പിച്ചിരുന്നു. മുസ്ലീങ്ങളെ പരോക്ഷമായി ലക്ഷ്യമിട്ടായിരുന്നു ഈ പ്രസ്താവന. അയോധ്യക്കും കാശിക്കും ശേഷം മഥുരക്കായുള്ള തയാറെടുപ്പുകൾ പുരോഗമിക്കുകയാണെന്ന് ട്വീറ്റ് ചെയ്തുകൊണ്ട് അദ്ദേഹം മറ്റൊരു വിവാദത്തിനും തിരികൊളുത്തി. കൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാഹ് തർക്കത്തെ സൂചിപ്പിക്കുന്നതായിരുന്നു ഈ പരാമർശം.

Tags:    
News Summary - UP Deputy CM Keshav Prasad Maurya draws criticism for hate speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.