റാപ്പിഡോ സർവീസിന് പൊലീസ് ബൈക്ക്; വൈറൽ വീഡിയോക്ക് പിന്നാലെ എസ്.ഐക്കെതിരെ അന്വേഷണം

ഹൈദരാബാദ്: തെലങ്കാനയിലെ വാറങ്കലിൽ പൊലീസ് പട്രോളിങ്ങിനായി അനുവദിച്ച ബൈക്ക് റാപ്പിഡോ ബൈക്ക് ടാക്സി സർവീസിന് ഉപയോഗിച്ചതിൽ അന്വേഷണം. സംഭവത്തിൽ സബ് ഇൻസ്പെക്ടർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു.

റാപ്പിഡോ സർവിസിനായി പൊലീസ് ബൈക്ക് ഉപയോഗിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് നടപടി. സംഭവത്തിൽ ഒരു യാത്രക്കാരൻ പരാതി നൽകുകയും ചെയ്തിരുന്നു.

വാറങ്കൽ അംബേദ്കർ ജങ്ഷനിൽ നിന്ന് സുബേദാരിയിലേക്ക് റാപ്പിഡോ വഴി ബൈക്ക് ബുക്ക് ചെയ്ത യാത്രക്കാരനെ പിക്ക് ചെയ്യാനായി എത്തിയത് വാറങ്കൽ എനുമാമുല പൊലീസ് സ്റ്റേഷന് അനുവദിച്ചിരുന്ന ‘ബ്ലൂ കോൾട്ട്’ പൊലീസ് മോട്ടോർ സൈക്കിളായിരുന്നു. സർക്കാർ വാഹനത്തിൽ സ്വകാര്യ യാത്രാ സേവനം നടത്തുന്നത് കണ്ട യാത്രക്കാരൻ സംശയം പ്രകടിപ്പിക്കുകയും അതിന്റെ വീഡിയോ പകർത്തുകയും ചെയ്തു. പിന്നീട് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

യാത്രക്കാരൻ സംഭവം ചോദ്യം ചെയ്തപ്പോൾ, ബൈക്ക് ഓടിച്ചയാൾ അത് തന്റെ പൊലീസ് കോൺസ്റ്റബിൾ സുഹൃത്ത് നൽകിയതാണെന്ന് പറയുന്നത് വീഡിയോയിൽ കേൾക്കാം. എന്നാൽ അന്വേഷണത്തിൽ ബൈക്ക് സബ് ഇൻസ്പെക്ടറായ ശങ്കറിന് അനുവദിച്ച സർക്കാർ വാഹനമാണെന്നും, അത് അദ്ദേഹത്തിന്റെ മകനായ ഗുവ്വ സിദ്ധാർഥ് റാപ്പിഡോ സർവീസിന് ഉപയോഗിച്ചതെന്നുമാണ് പ്രാഥമിക കണ്ടെത്തൽ.

ടി.എസ് 09 പി.സി 2795 രജിസ്ട്രേഷൻ നമ്പറുള്ള ഈ ബൈക്ക് അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ സംഭവസ്ഥലത്തെത്താൻ ഉപയോഗിക്കുന്ന ബ്ലൂ കോൾട്ട് വിഭാഗത്തിൽപ്പെട്ട വാഹനമാണ്. ഇത്തരമൊരു സർക്കാർ വാഹനം സ്വകാര്യ വാണിജ്യ ആവശ്യത്തിന് ഉപയോഗിച്ചത് ഗുരുതര ചട്ടലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കി.

സംഭവത്തിൽ സബ് ഇൻസ്പെക്ടർക്ക് മുന്നറിയിപ്പ് നൽകിയതായും അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി ശിപാർശ ചെയ്ത് റിപ്പോർട്ട് വാറങ്കൽ പൊലീസ് കമീഷണർക്ക് കൈമാറിയതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. വൈറൽ വീഡിയോയുടെ ആധികാരികത, വാഹനത്തിന്റെ ഉപയോഗ രേഖകൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പങ്ക് എന്നിവ വിശദമായി പരിശോധിച്ച ശേഷമായിരിക്കും തുടർ നടപടി സ്വീകരിക്കുക.

Tags:    
News Summary - റാപ്പിഡോ സർവീസിന് പൊലീസ് ബൈക്ക് | വൈറൽ വീഡിയോക്ക് പിന്നാലെ എസ്ഐക്കെതിരെ അന്വേഷണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.