കട വൃത്തിയാക്കുകയാണെന്ന് പറഞ്ഞ് രോഗികൾക്ക് മരുന്ന് നിഷേധിച്ചു; ജൻ ഔഷധി കേന്ദ്രത്തിന്റെ ലൈസൻസ് റദ്ദാക്കി ഡൽഹി മുഖ്യമന്ത്രി

ന്യൂഡൽഹി: ദ്വാരകയിലെ സർക്കാർ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ജൻ ഔഷധി കേന്ദ്രത്തിൽ എത്തിയ രോഗികൾക്ക് മരുന്ന് നൽകാതെ മടക്കി അയച്ച സംഭവത്തിൽ കർശന നടപടിയുമായി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. പൊതുജനങ്ങൾക്ക് വിലക്കുറവിൽ ജനറിക് മരുന്നുകൾ ലഭ്യമാക്കുന്നതിനായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ ലൈസൻസ് അടിയന്തരമായി റദ്ദാക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. ജനങ്ങൾക്ക് സേവനം നൽകുന്നതിൽ യാതൊരുവിധ അനാസ്ഥയോ അഹങ്കാരമോ വെച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കിയാണ് സർക്കാർ കടുത്ത തീരുമാനത്തിലേക്ക് കടന്നത്.

സോഷ്യൽ മീഡിയയിൽ വൈറലായ ഒരു ഇൻസ്റ്റാഗ്രാം റീലാണ് ഈ വിഷയത്തിലേക്ക് അധികൃതരുടെ ശ്രദ്ധ ക്ഷണിച്ചത്. വിഡിയോയിൽ പറയുന്നതനുസരിച്ച് കടയുടെ തറ തുടച്ചു വൃത്തിയാക്കുകയാണെന്ന് പറഞ്ഞ് ജീവനക്കാർ രോഗികൾക്കും അവരുടെ കൂടെയെത്തിയവർക്കും മരുന്ന് നൽകാൻ വിസമ്മതിക്കുകയായിരുന്നു. ഇതേച്ചൊല്ലി തർക്കമുണ്ടായപ്പോൾ ഇത് എവിടെ വേണമെങ്കിലും പോയി പരാതിപ്പെട്ടോളൂ എന്ന തരത്തിലാണ് ജീവനക്കാർ പ്രതികരിച്ചത്. ഈ വിഡിയോ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് വിഷയത്തിൽ അടിയന്തര അന്വേഷണത്തിനും നടപടിക്കും മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്.

പൊതുജനസേവന മേഖലയിൽ ഇത്തരം ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റം ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത വ്യക്തമാക്കി. ജനങ്ങൾക്ക് അർഹമായ സേവനങ്ങൾ കൃത്യസമയത്ത് നിഷേധിക്കുന്നവരും ഉദ്യോഗസ്ഥ അഹന്ത കാണിക്കുന്നവരും നിയമത്തിന്റെ പൂർണമായ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് അവർ കൂട്ടിച്ചേർത്തു. പൊതുസ്ഥാപനങ്ങൾ നിലകൊള്ളുന്നത് ജനങ്ങളെ ബുദ്ധിമുട്ടിക്കാനല്ല മറിച്ച് അവർക്ക് സേവനം ഉറപ്പാക്കാനാണെന്നും ഈ കാര്യത്തിൽ ഡൽഹി സർക്കാരിന് സഹനമില്ലാത്ത നയമാണുള്ളതെന്നും അവർ എക്സിലൂടെ കുറിച്ചു.

Tags:    
News Summary - cancels licence of jan aushadhi after patients denied medicine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.