കർണി സേനയുടെ നേതൃത്വത്തിൽ ബി.ജെ.പി ഓഫിസിലേക്ക് നടത്തിയ മാർച്ച്
ജയ്പൂർ: യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്റെ (യു.ജി.സി) പുതിയ ഇക്വിറ്റി മാനദണ്ഡങ്ങൾക്കെതിരെയും സവർണ സമുദായങ്ങളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും രാജസ്ഥാനിൽ പ്രതിഷേധം. സവർണ സംഘടനയായ കർണി സേനയുടെ നേതൃത്വത്തിൽ ബി.ജെ.പി ഓഫിസിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും ലാത്തിച്ചാർജും പ്രയോഗിച്ചു.
കർണി സേന ദേശീയ പ്രസിഡന്റ് മഹിപാൽ സിംഗ് മക്രാനയുടെ നേതൃത്വത്തിൽ കൽവാർ റോഡിലെ രാവൺ ഗേറ്റിൽ നിന്നാണ് ‘സവർണ ന്യായ യാത്ര’ എന്ന പേരിൽ പ്രതിഷേധ മാർച്ച് ആരംഭിച്ചത്. രാജസ്ഥാനിലെ സവർണ സമുദായങ്ങൾക്കെതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിവേചനം കാണിക്കുന്നതായി ആരോപിച്ചായിരുന്നു മാർച്ച്. ജയ്പൂർ ജില്ലാ കളക്ടറേറ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി നിവേദനം നൽകാനായിരുന്നു സംഘാടകരുടെ ആദ്യ തീരുമാനം. എന്നാൽ കളക്ടറേറ്റിലേക്ക് നീങ്ങിയ പ്രതിഷേധക്കാരെ കൽവാർ പുളിയയിലും മറ്റ് പ്രധാന നഗരവീഥികളിലും പൊലീസ് കൂറ്റൻ ബാരിക്കേഡുകൾ വെച്ച് തടഞ്ഞു. പൊലീസിന്റെ പ്രതിരോധ നിര തകർത്ത് ബാരിക്കേഡുകൾ മറിച്ചിട്ട പ്രതിഷേധക്കാർ കളക്ടറേറ്റ് വളപ്പിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ചു. തുടർന്ന് പ്രതിഷേധക്കാർ ബി.ജെ.പി സംസ്ഥാന ഓഫീസിന് നേരെ നീങ്ങാൻ ശ്രമിച്ചതോടെ പ്രദേശത്ത് സംഘർഷാവസ്ഥ രൂക്ഷമായി. പൊലീസ് വഴി തടഞ്ഞതോടെ ഇരുവിഭാഗവും തമ്മിൽ രൂക്ഷമായ തള്ളലും വാഗ്വാദവുമുണ്ടായി.
സ്ഥിതിഗതികൾ കൈവിട്ടുപോയതോടെ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജല പീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയുമായിരുന്നു. പൊലീസിന്റെ ജല പീരങ്കി വാഹനത്തിന് മുകളിൽ കയറി പ്രതിഷേധിക്കാൻ ശ്രമിച്ച ചിലരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. സമാധാനപരമായി നടത്തിയ മാർച്ചിന് നേരെ പൊലീസ് ക്രൂരമായ അതിക്രമമാണ് അഴിച്ചുവിട്ടതെന്ന് കർണി സേന ഭാരവാഹികൾ ആരോപിച്ചു. പ്രകടനത്തിൽ പങ്കെടുത്ത സ്ത്രീകൾക്കും മുതിർന്നവർക്കും നേരെ പോലും പൊലീസ് ജല പീരങ്കിയും ലാത്തിയും പ്രയോഗിച്ചതായി നേതാക്കൾ ആരോപിച്ചു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പിലാക്കാൻ ഒരുങ്ങുന്ന യു.ജി.സിയുടെ പുതിയ സമത്വ മാർഗനിർദ്ദേശങ്ങൾ സവർണ വിഭാഗങ്ങളിലെ വിദ്യാർഥികളോട് വിവേചനം കാണിക്കുന്നതാണെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആരോപണം. ഈ നിർദേശങ്ങൾ ഉടനടി പിൻവലിക്കണമെന്ന് കർണി സേന ആവശ്യപ്പെടുന്നു. കൂടാതെ, കേന്ദ്രത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള സംവരണ മാനദണ്ഡങ്ങൾ ലളിതമാക്കുക, രാജസ്ഥാനിലെ പഞ്ചായത്ത്, നഗരസഭാ തിരഞ്ഞെടുപ്പുകളിൽ ഇ.ഡബ്ല്യു.എസ് സംവരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളും ഇവർ മുന്നോട്ടുവെക്കുന്നുണ്ട്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജാതി വിവേചനം തടയുന്നതിനും എല്ലാ വിഭാഗം വിദ്യാർഥികൾക്കും തുല്യ അവസരം ഉറപ്പാക്കുന്നതിനുമായി അടുത്തിടെയാണ് യു.ജി.സി പുതിയ മാർഗനിർദേശങ്ങൾ മുന്നോട്ടുവെച്ചത്. എന്നാൽ ഈ പരിഷ്കാരങ്ങൾ ജനറൽ കാറ്റഗറി വിദ്യാർഥികളെ പ്രതികൂലമായി ബാധിക്കുമെന്നും സർവകലാശാലകളിൽ പുതിയ തരം വിവേചനത്തിന് വഴിതുറക്കുമെന്നുമാണ് കർണി സേന അടക്കമുള്ള സവർണ സംഘടനകളുടെ വാദം. തീവ്രമായ നിലപാടുകളിലൂടെയും അക്രമാസക്തമായ പ്രതിഷേധങ്ങളിലൂടെയും മുൻപും പലതവണ വാർത്തകളിൽ ഇടംപിടിച്ച സംഘടനയാണ് രാജ്പുത് കർണി സേന. ചരിത്ര സിനിമകൾക്ക് നേരെ ഭീഷണിയുയർത്തി ബോക്‌സ് ഓഫീസ് റിലീസുകൾ തടയൽ, സി.എ.എ പ്രതിഷേധങ്ങൾക്കിടയിലെ പ്രകോപനപരമായ ഇടപെടലുകൾ, വിദ്വേഷ പ്രചാരണങ്ങൾ, ഉപരോധങ്ങൾ തുടങ്ങി രാജ്യത്ത് ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിച്ച നിരവധി സംഭവങ്ങളിൽ ഇവർ മുമ്പും പ്രതിക്കൂട്ടിൽ നിന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.