ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക് വീഡിയോ അബദ്ധത്തിൽ നീക്കം ചെയ്ത സംഭവത്തിൽ മെറ്റക്ക് പാർലമെന്ററി സ്ഥിരം സമിതിയുടെ അന്ത്യശാസനം. മൂന്ന് ദിവസത്തിനകം തൃപ്തികരമായ നടപടി സ്വീകരിക്കണമെന്നും അല്ലെങ്കിൽ കമ്പനിക്ക് ഐ.ടി നിയമത്തിലെ സെക്ഷൻ 79 പ്രകാരമുള്ള ‘സേഫ് ഹാർബർ’നിയമപരിരക്ഷ നഷ്ടമാകുമെന്നുമാണ് മുന്നറിയിപ്പ്.
ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാരിനോട് ശിപാർശ ചെയ്യുമെന്ന് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി പാർലമെന്ററി സമിതി അധ്യക്ഷൻ നിഷികാന്ത് ദുബെ വ്യക്തമാക്കി. 140 കോടി ഇന്ത്യക്കാരുടെ പ്രതിനിധിയായ മോദിയുടെ വീഡിയോ നീക്കംചെയ്ത നടപടി ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണെന്ന് നിഷികാന്ത് ദുബെ പറഞ്ഞു. ഈ വിഷയത്തിൽ ഉത്തരവാദികളായവർക്കെതിരെ ഫേസ്ബുക് നടപടിയെടുക്കണമെന്നാണ് ആവശ്യം. കൂടാതെ മാർക്ക് സക്കർബർഗ് മാപ്പുപറയണമെന്നും അല്ലെങ്കിൽ കേസ് രജിസ്റ്റർ ചെയ്തേക്കുമെന്നും സമിതി അറിയിച്ചു.
സമിതിക്ക് മുന്നിൽ ഹാജരായ മെറ്റ പ്രതിനിധികൾ വീഡിയോ നീക്കം ചെയ്തത് സാങ്കേതിക പിഴവിനെ തുടർന്നാണെന്ന് വ്യക്തമാക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ കമ്പനിയുടെ വിശദീകരണം സമിതിയെ തൃപ്തിപ്പെടുത്തിയില്ല. മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗ് നേരിട്ട് മാപ്പ് പറയണമെന്നും വെറും കോർപ്പറേറ്റ് വിശദീകരണം മതിയാകില്ലെന്നുമാണ് സമിതിയുടെ നിലപാട്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, സെർച്ച് എൻജിനുകൾ, വെബ്‌സൈറ്റുകൾ, ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാർ തുടങ്ങിയ ഇന്ററർമീഡിയറികൾക്ക് ഉപയോക്താക്കൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് നൽകുന്ന നിയമപരമായ സംരക്ഷണമാണ് ഐ.ടി നിയമത്തിലെ സെക്ഷൻ 79ൽ പറയുന്ന ‘സേഫ് ഹാർബർ’ സംരക്ഷണം. സേഫ് ഹാർബർ സംരക്ഷണം ലഭിക്കുന്നതിനാലാണ് സോഷ്യൽ മീഡിയ ഇടനിലക്കാരായ കമ്പനികൾ ഉപയോക്താക്കൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിന്റെ നിയമബാധ്യതയിൽ നിന്ന് സംരക്ഷിക്കപ്പെടുന്നത്. ഈ പരിരക്ഷ പിൻവലിക്കുകയാണെങ്കിൽ ഉപയോക്തൃ ഉള്ളടക്കവുമായി ബന്ധപ്പെട്ട നിയമ നടപടികളിൽ മെറ്റക്ക് കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരും.
പ്രധാനമന്ത്രിയുടെ വിഡിയോ ഫേസ്ബുക്കിൽ ലഭ്യമാകാതിരുന്നതിനെ തുടർന്ന് കേന്ദ്ര സർക്കാരും മെറ്റയോട് വിശദീകരണം തേടിയിരുന്നു. പിന്നീട് വീഡിയോ പുനഃസ്ഥാപിച്ച കമ്പനി, ഇത് മനഃപൂർവമല്ലാത്ത സാങ്കേതിക പിഴവാണെന്ന് വിശദീകരിച്ച് ഖേദം പ്രകടിപ്പിച്ചു. എന്നാൽ, കണ്ടന്റ് മോഡറേഷൻ സംവിധാനം, അൽഗോരിതങ്ങളുടെ പ്രവർത്തനം, രാഷ്ട്രീയ നിഷ്പക്ഷത എന്നിവയെക്കുറിച്ച് പാർലമെന്ററി സമിതി മെറ്റയോട് കൂടുതൽ വ്യക്തത ആവശ്യപ്പെടുകയായിരുന്നു.
അതേസമയം സംഭവത്തിൽ വിശദീകരണം നൽകുന്നതിന് മെറ്റയുടെ ആഗോള നേതൃസംഘം ഡൽഹിയിലെത്തി. മെറ്റയുടെ പബ്ലിക് പോളിസി മേധാവി ജോയൽ കപ്ലാനും കൂട്ടത്തിലുണ്ടെന്നാണ് വിവരം. ബുധൻ, വ്യാഴം ദിവസങ്ങളിൽ സംഘം തലസ്ഥാനത്തുണ്ടാകുമെന്നും കമ്പനിയോട് വിശദീകരണം ചോദിക്കുമെന്നും കേന്ദ്ര ഐ.ടി. സെക്രട്ടറി എസ്. കൃഷ്ണൻ പറഞ്ഞു. വിദ്യാർഥികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ 23ന് പോസ്റ്റ് ചെയ്ത വീഡിയോ കുറച്ചുസമയത്തേക്ക് നീക്കംചെയ്തതിന്റെ പേരിലാണ് മെറ്റക്കെതിരായ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.