ഹുസൈൻ സാഗർ തടാകത്തിൽ പ്ലാസ്റ്റർ ഓഫ് പാരീസ് ഗണേശ വിഗ്രഹ നിമജ്ജനം നിരോധിച്ച് തെലങ്കാന ഹൈകോടതി

ഹൈദരാബാദ്: പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമിച്ച ഗണേശ വിഗ്രഹങ്ങൾ ഹുസൈൻ സാഗർ തടാകത്തിൽ നിമജ്ജനം ചെയ്യുന്നത് തെലങ്കാന ഹൈകോടതി നിരോധിച്ചു. ചീഫ് ജസ്റ്റിസ് അലോക് ആരാധെ, ജസ്റ്റിസ് എൻ.വി ശ്രാവൺ കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് അനുമതി നിഷേധിച്ചത്. ഇത്തരം വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ ഹൈദരാബാദ് പൊലീസ് കമ്മീഷണർ സി.വി ആനന്ദിനോടും സർക്കാറിനോടും തദ്ദേ​ശ സ്ഥാപന അധികൃതരോടും കോടതി ഉത്തരവിട്ടു.

പ്ലാസ്റ്റർ ഓഫ് പാരിസിൽ നിർമ്മിച്ച ഗണേശ വിഗ്രഹങ്ങൾ പൂർണമായി നിരോധിക്കണമെന്ന മലിനീകരണ നിയന്ത്രണ ബോർഡിന്റെ (പി.സി.ബി) മാർഗനിർദേശങ്ങളെ ചോദ്യം ചെയ്ത് തെലങ്കാന ഗണേഷ് മൂർത്തി കലാകാർ വെൽഫെയർ അസോസിയേഷൻ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതി ഉത്തരവ്. ഇത് കർശനമായി പാലിക്കാൻ സർക്കാർ, ഗ്രേറ്റർ ഹൈദരാബാദ് മുനിസിപൽ കോർപറേഷൻ (ജി.എച്ച്.എം.സി), ഹൈദരാബാദ് മെട്രോപൊളിറ്റൻ ഡെവലപ്‌മെന്റ് അതോറിറ്റി (എച്ച്.എം.ഡി.എ), പൊലീസ് എന്നിവരോട് നിർദേശിച്ചു. നഗരഹൃദയത്തിലെ ജലാശയം മലിനമാകുന്നത് പരിശോധിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാനും കോടതി നിർദേശിച്ചു.

2021 സെപ്റ്റംബർ 9ന് അന്നത്തെ ചീഫ് ജസ്റ്റിസ് എം.എസ് രാമചന്ദ്ര റാവുവി​ന്റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് ഹുസൈൻ സാഗറിൽ പ്ലാസ്റ്റർ ​ഓഫ് പാരിസ് വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യുന്നത് വിലക്കിയിരുന്നു. ഇത് ലംഘിച്ചതായി പത്രവാർത്തകൾ വന്നതിന്റെ അടിസ്ഥാനത്തിൽ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപൽ കോർപറേഷനോടും പൊലീസിനോടും ചീഫ് ജസ്റ്റിസ് അലോക് ആരാധെ വിശദീകരണം തേടി.

അതേസമയം, ഗണേശ പ്രതിമകൾ പ്ലാസ്റ്റർ ​ഓഫ് പാരിസിൽ നിർമിക്കുന്നതിനോ വിൽക്കുന്നതിനോ കോടതി ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല. പ്രത്യേകം തയാറാക്കുന്ന താൽക്കാലിക കുളങ്ങളിലോ ജലസംഭരണിക​ളിലോ മാത്രമേ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യാൻ പാടുള്ളൂ. മൂന്നാഴ്ചയ്ക്ക് ശേഷം കേസ് പരിഗണിക്കുമ്പോൾ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാരിനോട് കോടതി നിർദേശിച്ചു.

Tags:    
News Summary - Telangana HC refuses to allow immersion of PoP idols in Hussain Sagar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.