തെലങ്കാനയിൽ ‘ഇന്ദിരമ്മ സാരി’ പദ്ധതിയുമായി രേവന്ത് റെഡ്ഡി സർക്കാർ; വിതരണം ചെയ്യുന്നത് 64 ലക്ഷം സാരികൾ

ഹൈദരാബാദ്: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് നവംബർ 19ന് സംസ്ഥാനത്തുടനീളമുള്ള 64 ലക്ഷത്തിലധികം വനിതാ സ്വയം സഹായ സംഘ അംഗങ്ങൾക്ക് സാരി വിതരണവുമായി തെലങ്കാന സർക്കാർ. മുൻ ബി.ആർ.എസ് ഭരണകൂടം നടപ്പിലാക്കിയ ‘ബത്തുകമ്മ സാരി’ പദ്ധതിക്ക് പകരമായി കോൺഗ്രസ് സർക്കാർ ആരംഭിച്ച ‘ഇന്ദിരമ്മ സാരി’ പദ്ധതിയിൽ ഓരോ സ്ത്രീക്കും രണ്ട് സാരികൾ വീതം ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ഒക്ടോബറിലെ ബത്തുകമ്മ, ദസറ ഉത്സവങ്ങളുടെ സമയത്താണ് വിതരണം ആദ്യം നിശ്ചയിച്ചിരുന്നത്, എന്നാൽ, തെരഞ്ഞെടുപ്പിനുള്ള മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നത് കണക്കിലെടുത്ത് മാറ്റിവെക്കുകയായിരുന്നു. ഉപതിരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് സർക്കാർ പദ്ധതി പുനഃരാരംഭിക്കുന്നതായി പ്രഖ്യാപിക്കുന്നത്.

ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും വനിതാ സ്വയം സഹായ സംഘങ്ങൾ വഴി സാരിവിതരണത്തിന് ജില്ല കലക്ടർമാർ മേൽനോട്ടം വഹിക്കും. നിലവിൽ തെലങ്കാനയുടെ ഗ്രാമപ്രദേശങ്ങളിൽ 4.35 ലക്ഷവും നഗരപ്രദേശങ്ങളിൽ 1.70 ലക്ഷവും സ്വയം സഹായ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ 64.69 ലക്ഷം സ്ത്രീകളാണ് ഇന്ദിരാമ്മ സാരി പദ്ധതിയുടെ ഗുണഭോക്താക്കളാവുക. സുഗമമായ വിതരണം ഉറപ്പാക്കാൻ എല്ലാ ജില്ലകളിലുമുള്ള വെയർഹൗസുകളിലേക്ക് ആവശ്യമായ സ്റ്റോക്ക് ഇതിനകം എത്തിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.

കഴിഞ്ഞ വർഷം ഓഗസ്റ്റ് ഏഴിന് നടന്ന ദേശീയ കൈത്തറി ദിനാഘോഷത്തിനിടെയാണ് വനിതാ സ്വയം സഹായ സംഘ അംഗങ്ങൾക്ക് പ്രതിവർഷം രണ്ട് സാരികൾ വിതരണം ചെയ്യാനുള്ള പദ്ധതി മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചത്. സാരിയൊന്നിന് 480 രൂപ നിരക്കിൽ രാജണ്ണ-സിർസില്ല, കരിംനഗർ, ഹനുമകൊണ്ട ജില്ലകളിലെ കൈത്തറി നെയ്ത്തുകാരുടെ സൊസൈറ്റികളാണ് ‘ഇന്ദിര മഹിളാ ശക്തി’ സംരംഭത്തിന് കീഴിൽ സാരികൾ നിർമ്മിക്കുന്നത്. ഏകദേശം 6,900 നെയ്ത്തുകാർ ഉൽ‌പാദന പ്രക്രിയയിൽ പങ്കാളികളായതായാണ് സർക്കാറിന്റെ കണക്കുകൾ. കൈത്തറിമേഖ​ലയെ ശക്തിപ്പെടുത്തുന്നതിന് പുറമെ, ഡിസംബറിൽ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും പദ്ധതി ഗുണം ചെയ്യുമെന്നാണ് സർക്കാറിന്റെ കണക്കുകൂട്ടൽ.

Tags:    
News Summary - Telangana Government To Give 64 L Saris On Indira Birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.