‘മതം നോക്കിയാണോ സുഹൃത്തുക്കളെ തിരഞ്ഞെടുക്കേണ്ടത്?’ -‘ലവ് ജിഹാദ്’ ആരോപിച്ച് സുഹൃത്തുക്കളെ ആക്രമിച്ചതിൽ ചോദ്യവുമായി യുവതി

ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ പിറന്നാൾ ആഘോഷത്തിനിടെ ‘ലവ് ജിഹാദ്’ ആരോപിച്ച് സുഹൃത്തുക്കളെ ആക്രമിച്ച സംഭവത്തിൽ ചോദ്യവുമായി വിദ്യാർഥിനി. സംഭവത്തിന് ശേഷം നാണക്കേടും ഭയവും കാരണം വീടിന് പുറത്തിറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയിലാണെന്ന് വിദ്യാർഥിനി പറയുന്നു.

‘മതത്തിന്റെ പേരിൽ എന്റെ സുഹൃത്തുക്കൾ ആക്രമിക്കപ്പെടുമ്പോൾ എനിക്ക് താങ്ങാൻ കഴിയാത്ത അപമാനമാണ് അനുഭവപ്പെട്ടത്. വീട്ടിൽനിന്നും ഒറ്റക്ക് പുറത്തിറങ്ങാൻ ഭയമാണ്. ആക്രമണം എന്റെ വ്യക്തിത്വത്തിന് കോട്ടം വരുത്തി. എന്റെ സുഹൃത്തുക്കൾ ആരൊക്കെ ആകണം എന്ന് തീരുമാനിക്കാൻ ഇവർ ആരാണ്? എന്റെ മാതാപിതാക്കളുടെ പൂർണ സമ്മതത്തോടെയായിരുന്നു ആഘോഷം. എന്റെ സുഹൃത്തുക്കൾ ആരൊക്കെയായിരുന്നു എന്ന് എന്റെ മാതാപിതാക്കൾക്ക് അറിയാം. അവർക്ക് അതിൽ എതിർപ്പൊന്നുമില്ല. സുഹൃത്തുക്കളെ മതം നോക്കിയാണോ തിരഞ്ഞെടുക്കേണ്ടത്?’ -വിദ്യാർഥിനി ചോദിച്ചു.

സംഭവത്തിന് ശേഷം മാനസികമായി തകർന്ന പെൺകുട്ടി കോളേജിൽനിന്നും ഹോസ്റ്റലിൽനിന്നും ഒഴിഞ്ഞു. സുഹൃത്തുക്കളെ ആക്രമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ താൻ ജീവനൊടുക്കുമെന്നും വിദ്യാർഥിനി ഭീഷണിപ്പെടുത്തി.

ശനിയാഴ്ച രാത്രി പ്രേംനഗർ പ്രദേശത്തെ റെസ്റ്റൊറന്റിൽ ഒന്നാം വർഷ ബി.എസ്‌.സി നഴ്‌സിങ് വിദ്യാർഥിനിയുടെ പിറന്നാൾ ആഘോഷത്തിനിടെയാണ് ബജ്റങ് ദൾ പ്രവർത്തകർ ആക്രമണം നടത്തിയത്. അഞ്ച് സ്ത്രീകളും നാല് പുരുഷന്മാരും ഉൾപ്പെടെ ഒമ്പത് സുഹൃത്തുക്കളാണ് പരിപാടിക്കെത്തിയിരുന്നത്. ഇതിൽ രണ്ട് യുവാക്കൾ മുസ്‍ലിംകളായിരുന്നു. ഹിന്ദു സ്ത്രീയോടൊപ്പം മുസ്‍ലിം യുവാക്കൾ ഒരുമിച്ചത് അറിഞ്ഞെത്തിയ ഹിന്ദുത്വ പ്രവർത്തകർ ആ​ഘോഷം തടസ്സപ്പെടുത്തുകയും മുദ്രാവാക്യം വിളിക്കുകയും ‘ലവ് ജിഹാദ്’ ആരോപിക്കുകയുമായിരുന്നു.

വിവരം ലഭിച്ചതിനെത്തുടർന്നെത്തിയ പ്രേംനഗർ പൊലീസ് വിദ്യാർഥിനിയെയും മറ്റുള്ളവരെയും ചോദ്യംചെയ്യുന്നതിനായി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടർന്ന് ക്രമസമാധാനം തകർത്തതിന് കേസെടുത്ത് പിഴ ചുമത്തുകയായിരുന്നു. പിന്നീടാണ് ബജ്റങ് ദൾ നേതാവ് ഋഷഭ് താക്കൂർ അടക്കം കണ്ടാലറിയുന്ന 25 പേർക്കെതിരെ ബറേലി പൊലീസ് കേസെടുത്തത്.

Tags:    
News Summary - Teen 'Ashamed' Over Birthday Party Ruckus In Bareilly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.