ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കോക്രോച്ച് ജനതാ പാർട്ടി ജൂലൈ 20-ന് സംഘടിപ്പിച്ച ‘ചലോ സൻസദ്’ മാർച്ചിനിടയിലെ പ്രതിഷേധക്കാരെ ക്രൂരമായി മർദ്ദിച്ചു എന്ന ഹർജിയിൽ ഡൽഹി പോലീസിനോട് ഹൈക്കോടതി വിശദീകരണം തേടി. ആരോപണങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുന്നതിനായി എല്ലാ ദൃശ്യങ്ങളും രേഖകളും സൂക്ഷിച്ചുവെക്കാനും ഹൈക്കോടതി ഉത്തരവിട്ടു.
പരിക്കേറ്റവർ വ്യക്തിപരമായി നിയമനടപടി സ്വീകരിക്കണം എന്ന ഡൽഹി പോലീസിന്റെ വാദം ഡൽഹി ഹൈക്കോടതി അംഗീകരിച്ചില്ല. പ്രതിഷേധക്കാർക്കെതിരെ അമിത ബലപ്രയോഗം നടത്തിയെന്ന് ആരോപിച്ച് സമർപ്പിച്ച രണ്ട് പൊതുതാൽപ്പര്യ ഹർജികൾ പരിഗണിച്ച ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായയും ജസ്റ്റിസ് തേജസ് കരിയയും അടങ്ങിയ ഡിവിഷൻ ബെഞ്ച്, നിലവിലുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജർ (എസ്.ഒ.പി) പ്രകാരമുള്ള എല്ലാ പോലീസ് രേഖകളും ദൃശ്യങ്ങളും സൂക്ഷിക്കാനും ഉത്തരവിട്ടു.
ഹർജികൾ പരിഗണിക്കാൻ അർഹതയില്ലെന്നായിരുന്നു അഡീഷണൽ സോളിസിറ്റർ ജനറൽ (എ.എസ്.ജി) എസ്.വി. രാജുവിന്റെ വാദം. പരിക്കേറ്റ വ്യക്തികൾ നേരിട്ട് കോടതിയെ സമീപിക്കണമെന്നായിരുന്നു എസ്.വി. രാജുവിന്റെ വാദം. എന്നാൽ ഇതൊരു ഒറ്റപ്പെട്ട വ്യക്തിഗത സംഭവമാണോയെന്നായിരുന്നു കോടതിയുടെ ചോദ്യം. മാത്രമല്ല, അതൊരു നിയമവിരുദ്ധ കൂട്ടായ്മയായിരുന്നുവെങ്കിൽ അതിനെ എങ്ങനെ നേരിടണം എന്നതിനെക്കുറിച്ച് നിയമമുണ്ടെന്നും അത് സംബന്ധിച്ച് സുപ്രീം കോടതി വിധിയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ വിഷയങ്ങൾ പൊതുതാൽപ്പര്യ ഹർജിയായി ഉന്നയിക്കുമ്പോൾ, ഓരോ വ്യക്തിയും പോയി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് എങ്ങനെ പറയാൻ കഴിയുമെന്ന് കോടതി ചോദിച്ചു.
സീനിയർ അഭിഭാഷകരായ ഗോപാൽ ശങ്കരനാരായണൻ, ഡൽഹി ഹൈക്കോടതി ബാർ അസോസിയേഷൻ (ഡി.എച്ച്.സി.ബി.എ) പ്രസിഡന്റ് എൻ. ഹരിഹരൻ, സുപ്രീം കോടതി ബാർ അസോസിയേഷൻ (എസ്.സി.ബി.എ) പ്രസിഡന്റ് വികാസ് സിങ് എന്നിവരാണ് ഹർജിക്കാർക്ക് വേണ്ടി ഹാജരായത്. പോലീസ് അതിക്രമത്തിന്റെ തെളിവുകളും ഇവർ കോടതിയിൽ ഹാജറാക്കിയിരുന്നു. സുപ്രീം കോടതിയുടെ മാർഗനിർദ്ദേശങ്ങളുടെ നഗ്നമായ ലംഘനമാണ് ഡൽഹി പോലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും അഡ്വ. ശങ്കരനാരായണൻ പറഞ്ഞു.
സോനം വാങ്ചുക്കിനെ അന്യായമായി തടങ്കലിൽ വെച്ചതിനെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാൽപ്പര്യ ഹർജി കോടതി തള്ളി. വിഷയം വാങ്ചുക്കിന്റെ ഭാര്യ ഗീതഞ്ജലി അങ്മോയുടെ ഹർജിയിലൂടെ ഇതിനകം പരിഹരിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
രാവിലെ സമരക്കാർക്കെതിരെ അഭിഭാഷകൻ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വിസമ്മതിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.