താനെ: സാരി വാങ്ങിനൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഭാര്യ ഭർത്താവിനെ പ്രഷർ കുക്കറിന്‍റെ മൂടി കൊണ്ട് അടിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ബദ്ലാപൂർ ഈസ്റ്റിലാണ് സംഭവം. ബീഹാറിലെ റോഹ്താസ് ജില്ലയിലെ ഹരിറാം കിഷുഞ്ചി സിങ് (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ സുനിത ഹരിറാം സിങിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഏഴ് വയസ്സുള്ള മകനോടൊപ്പം ഒമ്പത് വർഷമായി ബദ്ലാപൂരിൽ വാടക വീട്ടിൽ താമസിച്ച് വരികയായിരുന്നു ഹരിറാമിന്‍റെ കുടുംബം. ഭാര്യക്ക് സാരി കൊണ്ടുവരാത്തതിനെ തുടർന്ന് വാക്കുതർക്കം ഉണ്ടാവുകയായിരുന്നു. അക്രമാസക്തമായതോടെ മകൻ സഹായം തേടി ഉടമയുടെ വീട്ടിലേക്ക് ഓടി. ഈ സമയം ഭാര്യ പ്രഷർകുക്കറിന്‍റെ മൂടി കൊണ്ട് ഹരിറാമിനെ ആക്രമിക്കുകയും തുടർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകം മറയ്ക്കാൻ തർക്കത്തിനിടെ ഹരിറാമിന് ഹൃദയാഘാതം സംഭവിച്ചതാണെന്ന് ഉടമയോട് പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് ആദ്യം അപകടമരണമായി റിപ്പോർട്ട് രജിസ്റ്റർ ചെയ്തു.
എന്നാൽ സ്വാഭാവിക മരണവുമായി പൊരുത്തപ്പെടാത്ത പരിക്കുകൾ പോസ്റ്റ്മോർട്ടം പരിശോധനയിൽ ഡോക്ടർമാർ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ചോദ്യം ചെയ്യലിൽ ഭാര്യ കുറ്റം സമ്മതിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ഏഴു വയസ്സുള്ള മകനെ ബന്ധുക്കൾ ഏറ്റെടുത്തിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.