ചർച്ചക്ക് ആരുടെയും ഓഫിസിൽ പോകാൻ തയാറല്ല: ജെ.പി നഡ്ഡയുടെ ക്ഷണം നിരസിച്ച് സി.ജെ.പി വക്താവ് സൗരവ് ദാസ്

ന്യൂഡൽഹി: കേന്ദ്രമന്ത്രി ജെ.പി. നഡ്ഡയുടെ വസതിയിൽ വെച്ച് നടത്താനിരുന്ന ചർച്ചക്കുള്ള ക്ഷണം കോക്ക്റോച്ച് ജനതാ പാർട്ടി  നിരസിച്ചു. മൂന്നാം ദിവസത്തിലേക്ക് കടന്ന തങ്ങളുടെ പ്രതിഷേധം നടക്കുന്ന ജന്തർ മന്തറിൽ വെച്ചാണ് സർക്കാരുമായി ഏത് ചർച്ചയും നടക്കേണ്ടതെന്ന് പാർട്ടി തറപ്പിച്ചുപറഞ്ഞു.

പാർട്ടി നേതൃത്വവുമായി സംസാരിക്കാൻ ജെ.പി നഡ്ഡ ആഗ്രഹിക്കുന്നുവെന്ന് അറിയിക്കാൻ രാവിലെ പൊലീസ് തങ്ങളെ ബന്ധപ്പെട്ടിരുന്നതായി ജന്തർ മന്തറിലെ പ്രതിഷേധ സ്ഥലത്ത് വാർത്താ സമ്മേളനത്തിൽ സി.ജെ.പി വക്താവ് സൗരവ് ദാസ് പറഞ്ഞു. ചർച്ചക്ക് നഡ്ഡ തന്‍റെ വസതിയിലേക്ക് ക്ഷണിച്ചെങ്കിലും ആരുടെയും വീട്ടിലേക്കോ ഓഫിസിലേക്കോ പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും സൗരവ് വ്യക്തമാക്കി. "ഇവിടെയൊരു 'ജനതാ ദർബാർ' നടക്കുകയാണ്, മന്ത്രിമാർക്ക് സംസാരിക്കണമെന്നുണ്ടെങ്കിൽ അവർ ജനങ്ങൾക്ക് മുന്നിലേക്ക് വരണം. ചർച്ചകൾ ജന്തർ മന്തറിൽ വെച്ച് തന്നെ നടക്കണം," അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിഷേധ സ്ഥലത്ത് ചർച്ച നടത്തുന്നതിൽ സർക്കാറിന് സുരക്ഷാ ആശങ്കകളുണ്ടെങ്കിൽ ജന്തർ മന്തറിന് സമീപമുള്ള ഏതെങ്കിലും പൊതുസ്ഥലത്ത് വെച്ച് കൂടിക്കാഴ്ച നടത്താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.  പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കാൻ സർക്കാറിന് യഥാർഥത്തിൽ താല്പര്യമുണ്ടോ എന്ന് ആദ്യം വ്യക്തമാക്കണമെന്ന് സൗരവ് ദാസ് ആവശ്യപ്പെട്ടു.

"ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാനുള്ള മനസ് സർക്കാറിനുണ്ടാകണം, അല്ലാതെ അർഥശൂന്യമായ ചർച്ചകൾക്ക് തങ്ങളെ വിളിച്ചിട്ട് ഒരു കാര്യവുമില്ല. ഞങ്ങളുടെ സമയം വിലപ്പെട്ടതാണ്. ആയിരക്കണക്കിന് ആളുകളാണ് ഇപ്പോഴും ഈ പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്, അത് നിയന്ത്രിക്കേണ്ട ചുമതലയും ഞങ്ങൾക്കുണ്ട്," സൗരവ് ദാസ് പറഞ്ഞു..

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കുക, ആത്മഹത്യ ചെയ്ത നീറ്റ്  ഉദ്യോഗാർഥികളുടെ കുടുംബങ്ങൾക്ക് 1 കോടി രൂപ വീതം നഷ്ടപരിഹാരം നൽകുക, സമാധാനപരമായി പ്രതിഷേധിച്ചവർക്കെതിരെ എടുത്ത എഫ്.ഐ.ആറുകൾ  പിൻവലിക്കുക, ഭാവിയിൽ സമാധാനപരമായ പ്രതിഷേധക്കാർക്കെതിരെ കേസ് എടുക്കില്ല എന്ന് ഉറപ്പ് നൽകുക തുടങ്ങിയ തങ്ങളുടെ ആവശ്യങ്ങളിൽ മാറ്റമില്ലെന്ന് സൗരവ് ദാസ് ആവർത്തിച്ചു. 

Tags:    
News Summary - CJP spokesperson Sourav Das declines J.P. Nadda's invitation.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.