'ചോദ്യപേപ്പർ ചോർച്ചയിൽ യുവാക്കളുടെ വിശ്വാസം നേടിയെടുക്കണം'; എൻ.ഡി.എ എം.പിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി

നീറ്റ് ഉൾപ്പെടെയുള്ള മത്സരപരീക്ഷകളിലെ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ച പശ്ചാത്തലത്തിൽ രാജ്യത്തെ യുവാക്കളുടെ വിശ്വാസം വീണ്ടെടുക്കാൻ എൻ.ഡി.എ എം.പിമാർ മുന്നിട്ടിറങ്ങണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ചു. പാർലമെന്ററി പാർട്ടി യോഗമായ 'മംഗൾ മിലനിൽ' സംസാരിക്കവെയാണ് വിഷയത്തിൽ വിദ്യാർഥികളുടെ ആശങ്കകൾ പരിഹരിക്കാനും സർക്കാരിന്റെ നടപടികൾ വിശദീകരിക്കാനും ജനപ്രതിനിധികളോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. അതോടൊപ്പം വിഷയത്തെ രാഷ്ട്രീയമായി മുതലെടുക്കാനും ഭയം സൃഷ്ടിക്കാനും ശ്രമിക്കുന്ന പ്രതിപക്ഷത്തിന്റെ ഗൂഢാലോചനകളെക്കുറിച്ച് യുവാക്കളെ ബോധവൽക്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചോദ്യപേപ്പർ ചോർച്ചകൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന റാക്കറ്റുകൾ ഒരു സംസ്ഥാനത്ത് മാത്രം ഒതുങ്ങുന്നതല്ലെന്നും വിവിധ സംസ്ഥാനങ്ങളിൽ പടർന്നുപന്തലിച്ച ഇത്തരം സംഘങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികളുടെ ഭാവിവെച്ച് കളിക്കാൻ ആരെയും അനുവദിക്കില്ല. തട്ടിപ്പ് നടത്തിയവർക്ക് നിയമപരമായി നൽകാവുന്ന ഏറ്റവും കടുത്ത ശിക്ഷ തന്നെ ഉറപ്പാക്കും. ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കുകയും കേസുമായി ബന്ധപ്പെട്ട് 13 പേരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം യോഗത്തിൽ അറിയിച്ചു.

വിദ്യാർഥികളുടെ പഠനത്തെയും ഭാവിയെയും ബാധിക്കാതിരിക്കാൻ പുനഃപരീക്ഷകൾ കൃത്യസമയത്ത് പരാതികൾക്കിടയില്ലാത്ത വിധം പൂർത്തിയാക്കാൻ സാധിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ബഹിരാകാശ രംഗത്തും ഐ.ടി, എ.ഐ മേഖലകളിലും ഇന്ത്യൻ യുവാക്കൾ കൈവരിക്കുന്ന നേട്ടങ്ങളെ അഭിനന്ദിച്ച അദ്ദേഹം സ്വകാര്യ ബഹിരാകാശ സംരംഭമായ 'സ്കൈറൂട്ട്' നിർമിച്ച റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച യുവാക്കളുടെ ഉദാഹരണവും യോഗത്തിൽ പങ്കുവെച്ചു. ഇത്തരം യുവപ്രതിഭകളെയാണ് രാജ്യം മാതൃകയാക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് തലസ്ഥാനത്ത് വിദ്യാർഥികളും പ്രതിപക്ഷ സംഘടനകളും വലിയ രീതിയിലുള്ള പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഈ നിർണായക പ്രതികരണം. വിദ്യാർഥികളുടെയും കർഷകരുടെയും താല്പര്യങ്ങൾ സംരക്ഷിക്കാൻ സർക്കാർ പൂർണമായും പ്രതിജ്ഞാബദ്ധമാണെന്നും പാർലമെന്റിൽ വിഷയം ഉയർന്നുവരുമ്പോൾ വസ്തുതകൾ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കാൻ എം.പിമാർ ശ്രദ്ധിക്കണമെന്നും പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു യോഗത്തിന് ശേഷം മാധ്യമങ്ങളോട് വ്യക്തമാക്കി.

Tags:    
News Summary - PM Modi asks NDA MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.