പ്രിയങ്ക ഗാന്ധി

‘ഇതാണോ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം?’; നീറ്റ് ചർച്ച വൈകിപ്പിച്ചതിൽ കേന്ദ്ര സർക്കാറിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ പാർലമെന്റിൽ പ്രത്യേക ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം വൈകിപ്പിച്ചതിൽ കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ഗാന്ധി എം.പി.

ഇതാണോ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമെന്ന് അവർ ചോദിച്ചു. ‘മാധ്യമങ്ങളെല്ലാം എന്താണ് പറയുക -ഇതാണോ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം?

ഇനി നിങ്ങളെങ്കിലും സത്യം കാണിക്കാനും പറയാനും തുടങ്ങണം’ -പാർലമെന്‍റിന് പുറത്ത് പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാർഥി പ്രക്ഷോഭത്തിനും പ്രിയങ്ക പിന്തുണ പ്രഖ്യാപിച്ചു. വിദ്യാർഥികളുടെ പോരാട്ടം ന്യായമാണ്, അവർ അവകാശങ്ങളാണ് ചോദിക്കുന്നത്. ചോദ്യപ്പേപ്പർ ചോർച്ചകൾ ആവർത്തിക്കുകയാണ്. സമാധാനപരമായ പ്രതിഷേധത്തിൽ ജനാധിപത്യവിരുദ്ധമായി ഒന്നുമില്ല, എന്നാൽ വിദ്യാർഥികളോടും കാണിക്കുന്നതും പാർലമെന്റിനുള്ളിൽ നടക്കുന്നതും ജനാധിപത്യവിരുദ്ധമായ കാര്യങ്ങളാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

അതേസമയം, നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയം ചർച്ച ചെയ്യുന്നതിനായി രാജ്യസഭയിൽ റൂൾ 267 പ്രകാരം പ്രതിപക്ഷം നോട്ടീസ് നൽകിയിട്ടുണ്ടെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യം വീണ്ടും ഉന്നയിക്കുമെന്നും കോൺഗ്രസ് നേതാവ് പവൻ ഖേര വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി പാർലമെന്റിന്റെ ഇരുസഭകളിലും വിശദമായ പ്രസ്താവന നടത്തണം. എന്നാൽ സർക്കാർ ഒന്നിനും തയാറല്ലെന്നും ഖേര പറഞ്ഞു. പ്രതിഷേധം ശക്തമായതോടെ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ ചർച്ചക്ക് തയാറാണെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു വ്യക്തമാക്കി.

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച വിഷയം ചർച്ച ചെയ്യാൻ സർക്കാർ സന്നദ്ധമാണ്. ചർച്ചയുടെ സമയദൈർഘ്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചട്ടങ്ങൾ അനുസരിച്ചായിരിക്കും നടക്കുക. എപ്പോൾ, എങ്ങനെ ചർച്ച നടത്തണമെന്ന് തീരുമാനിക്കാൻ എല്ലാ പാർട്ടികളുടെയും നിയമസഭ കക്ഷി നേതാക്കളുടെ യോഗം ചേരേണ്ടതുണ്ടെന്നും രാജ്യത്തെ യുവാക്കളെ ബാധിക്കുന്ന വിഷയത്തിൽ ഫലപ്രദമായ ആശയവിനിമയമാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് റിജിജു പറഞ്ഞു.

സർക്കാറിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷ എം.പിമാർ കറുത്ത വസ്ത്രം ധരിച്ചെത്തി പാർലമെന്റ് വളപ്പിൽ പ്രതിഷേധിച്ചു. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, പ്രിയങ്ക ഗാന്ധി എന്നിവരുൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു.

Tags:    
News Summary - "Is this the world's largest democracy?": Priyanka Gandhi targets govt over NEET debate delay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.