ചെന്നൈ: തമിഴ്നാടിനെ തലകുനിക്കാൻ അനുവദിക്കില്ലെന്നും സംസ്ഥാനത്തിന്‍റെ അവകാശങ്ങൾ, ഭാഷ, സ്വത്വം എന്നിവ സംരക്ഷിക്കുമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. പാർട്ടി സ്ഥാപക ദിനവും പെരിയാറിന്റെയും അണ്ണായുടെയും ജന്മവാർഷികത്തോടും അനുബന്ധിച്ച് കരൂരിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു സ്റ്റാലിൻ.
സർക്കാരിന്‍റെ ക്ഷേമ പ്രർത്തനങ്ങൾ പരിപാടിയിൽ പ്രധാന വിഷയമായി സ്റ്റാലിൻ ഉന്നയിച്ചു. സർക്കാരിന്റെ പ്രധാന പദ്ധതികളെയും നേട്ടങ്ങളും എടുത്തുകാണിച്ച സ്റ്റാലിൻ കേന്ദ്ര സർക്കാരിനെ ശക്തമായി കടന്നാക്രമിക്കുകയും ചെയ്തു. ഇരട്ട അക്ക സാമ്പത്തിക വളർച്ച കൈവരിച്ച ഒരേയൊരു സംസ്ഥാനം തമിഴ്‌നാടാണെന്ന് അദ്ദേഹം പറഞ്ഞു.
ഹിന്ദി അടിച്ചേൽപ്പിക്കൽ മുതൽ വിദ്യാഭ്യാസ ധനസഹായം തടഞ്ഞുവക്കൽ ഉൾപ്പെടെ തമിഴ്നാടിനോട് കേന്ദ്രം കാണിക്കുന്ന അവഗണനകളെ സ്റ്റാലിൻ ചൂണ്ടികാണിച്ചു. കേന്ദ്രം സാംസ്കാരികവും ഭരണപരവുമായ അടിച്ചേൽപ്പിക്കലുകൾ സംസ്ഥാനത്തിന്‍റെ മേൽ നടത്തിയതായും അതിർത്തി നിർണയം പോലുള്ള നടപടികളിലൂടെ സംസ്ഥാനങ്ങളുടെ അധികാരങ്ങൾക്ക് ഭീഷണിയാണെന്നും സ്റ്റാലിൻ ആരോപിച്ചു.
അപകടകരമായ കേന്ദ്രീകരണ പ്രവണതയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ അദ്ദേഹം അത്തരം പൊള്ളയായ കേന്ദ്ര നയങ്ങളെ പാർട്ടി പൊറുപ്പിക്കില്ലെന്നും പറഞ്ഞു. ഫെഡറലിസത്തിന്റെയും ഭാഷാപരമായ അവകാശങ്ങളുടെയും സംരക്ഷണം ഇപ്പോൾ തലമുറകളുടെ കടമയാണ്. ഇപ്പോൾ നമ്മൾ ബി.ജെ.പിയെ തടഞ്ഞില്ലെങ്കിൽ അടുത്തതായി അത് സംസ്ഥാനങ്ങളില്ലാത്ത ഒരു രാജ്യമുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് പാർട്ടിയുടെ പോരാട്ടമല്ലെന്നും തമിഴ്‌നാടിനുവേണ്ടിയുള്ള പോരാട്ടമാണെന്നും അതിനാൽ ബഹുജനങ്ങൾ സംസ്ഥാനത്തുടനീളം അണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിക്ക് ഇവിടെ പ്രവേശനമില്ല. മൂന്നാം തവണയും മോദി അധികാരത്തിൽ വന്നിട്ടും തമിഴ്‌നാട്ടിൽ മോദി മാജിക് പ്രവർത്തിച്ചില്ലെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. സംസ്ഥാനത്തിന്‍റെ വൈവിധ്യമുള്ള രാഷ്ട്രീയ സാഹചര്യം അതിന് കാരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുൻ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ എടപ്പാടി കെ.പളനിസാമിയെയും സ്റ്റാലിൻ ശക്തമായി വിമർശിച്ചു. കെ. പളനിസാമി പാർട്ടിയുടെ സ്വാതന്ത്ര്യം ബി.ജെ.പിക്ക് മുന്നിൽ അടിയറവ് വച്ചിരിക്കുകയാണെന്ന് സ്റ്റാലിൻ ആരോപിച്ചു. റെയ്ഡിൽ നിന്ന് സ്യം രക്ഷനേടുന്നതിനായി പാർട്ടിയെ അടിയറവ് വെച്ചു. പാർട്ടിയുടെ നിലവിലെ നിലപാട് അണ്ണാദുരൈയുടെ തത്വങ്ങളോടുള്ള വഞ്ചനയാണെന്നും പഴയ 'അണ്ണായിസം' നിലവിലെ 'അടിമയിസം' അഥവാ അടിമത്വം ആയി മാറിയിരിക്കുന്നുവെന്നും സ്റ്റാലിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.