ടി.വി.കെ സർക്കാറിന്റെ സത്യപ്രതിജ്ഞയിൽ ‘തമിഴ് തായ് വാഴ്ത്ത്’ മൂന്നാമതായി ആലപിച്ചതിനെതിരെ പ്രതിഷേധം

ചെന്നൈ: തമിഴ്നാട്ടിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് മന്ത്രിസഭയിലെ 23 മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ‘തമിഴ് താഴ് വാഴ്ത്ത്’ അവസാനമായി ആലപിച്ചതിനെതിരെ പ്രതിഷേധം. ആദ്യം വന്ദേമാതരവും രണ്ടാമത് ദേശീയ ഗാനമായ ജനഗണമനയും ആലപിക്കുകയുമായിരുന്നു. മൂന്നാമതാണ് തമിഴ് തായ് വാഴ്ത്ത് ആലപിച്ചത്.

വിജയ് യുടെ സത്യപ്രതിജ്ഞാ ചടങ്ങിലും ഇതേ ക്രമം ആവർത്തിച്ചതിനെ തുടർന്ന് പ്രധാന പ്രതിപക്ഷമായ ഡി.എം.കെയും പ്രധാന സഖ്യകക്ഷികളും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. അന്ന് ഗവർണറുടെ ഓഫീസിൽ നിന്നുള്ള പ്രത്യേക നിർദ്ദേശപ്രകാരമാണ് വന്ദേമാതരത്തിന് മുൻഗണന നൽകിയതെന്നായിരുന്നു വിജയ് സർക്കാറിന്റെ വിശദീകരണം. തുടർന്ന് എല്ലാ സർക്കാർ പരിപാടികളിലും ആദ്യം തമിഴ് ഗാനം ആലപിക്കുമെന്ന് വിജയിയും ടി.വി.കെയും ഉറപ്പ് നൽകിയിരുന്നു. എന്നാൽ, അതിന് ഒരാഴ്ചക്ക് ശേഷമാണ് വിജയ് യുടെ നേതൃത്വത്തിലുള്ള സഖ്യ സർക്കാറിൽ 23 പേർ മന്ത്രിമാരായി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തപ്പോൾ തമിഴ് തായ് വാഴ്ത്ത് വീണ്ടും അവസാനമായി ആലപിച്ചത്.

സംഭവം വിവാദമായതോടെ, പുതിയ സർക്കാർ വീണ്ടും പരാജയപ്പെട്ടുവെന്ന് ഡി.എം.കെ ആരോപിച്ചു. ‘നിങ്ങൾ നൽകിയ ഉറപ്പിന് എന്ത് സംഭവിച്ചു?’ എന്നായിരുന്നു ഡി.എം.കെ വക്താവ് ശരവണൻ അണ്ണാദുരെയുടെ ചോദ്യം. ഇത് കീഴ്വഴക്കങ്ങളുടെ ലംഘനമാണെന്നും ഈ വീഴ്ചയുടെ ഉത്തരവാദികൾ ആരാണെന്ന് പൊതുജനങ്ങളോട് വിശദീകരിക്കണമെന്നും സി.പി.ഐ​ സെ​ക്രട്ടറി എം. വീരപാണ്ഡ്യൻ പറഞ്ഞു. തമിഴ് ഗാനം അവസാനമായി ആലപിച്ചത് അന്യായമാണെന്ന് പറഞ്ഞ കോൺഗ്രസ് ബി.ജെ.പിയെ കുറ്റപ്പെടുത്തുകയും ചെയ്തു.

Tags:    
News Summary - Tamil Anthem Position Sparks Fresh Outrage At TVK Governments Oath Event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.