മമത ബാനർജി

11 വയസ്സുകാരിയുടെ കൊലപാതകം: കുടുംബത്തെ കാണാൻ ശ്രമിച്ച മമത ബാനർജി  വീട്ടുതടങ്കലിൽ; ബംഗാളിൽ കനത്ത പ്രതിഷേധം

കൊൽക്കത്ത: പശ്ചിമബംഗാളിലെ തെക്കൻ 24 പർഗാനാസ് ജില്ലയിൽ 11 വയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ സംസ്ഥാനത്ത് സംഘർഷം രൂക്ഷമാകുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ബരുയിപ്പൂരിൽ വ്യാപക ആക്രമം പൊട്ടിപ്പുറപ്പെട്ടു. ഇതിനിടെ, കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ ശ്രമിച്ച മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജിയെ സർക്കാർ വീട്ടുതടങ്കലിലാക്കിയെന്ന് ടി.എം.സി ആരോപിച്ചു.

ഞായറാഴ്ചയാണ് ബരുയിപ്പൂരിൽ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട 11 വയസുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച കാണാതായ പെൺകുട്ടിയുടെ മൃതദേഹം ബരുയിപ്പൂരിലെ സുർജാപൂർ ഹാട്ടിന് സമീപം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് ആക്രമണാസക്തരായ പ്രദേശവാസികൾ റോഡുകളും റെയിൽവേ ട്രാക്കുകളും ഉപരോധിക്കുകയും പ്രതിയെന്ന് സംശയിക്കുന്ന 26 വയസുകാരനെ പിടികൂടി മർദ്ദിച്ചു കൊലപ്പെടുത്തുകയും ചെയ്തു. ജനങ്ങൾ തെരുവിലിറങ്ങിയതോടെ ബരുയിപ്പൂരിൽ സ്ഥിതിഗതികൾ നിയന്ത്രണാതീതമായി.

ഇതിനിടെ സംഭവസ്ഥലത്തേക്ക് പോയി പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ മമത ബാനർജി തീരുമാനിച്ചിരുന്നു. എന്നാൽ ഞായറാഴ്ച വൈകുന്നേരത്തോടെ കൊൽക്കത്ത കാളിഘട്ടിലുള്ള മമതയുടെ വസതിക്ക് പുറത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിക്കുകയും അവരുടെ നീക്കങ്ങൾ തടയുകയുമായിരുന്നു. തന്നെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്ന് മമത ബാനർജി ആരോപിച്ചു. പിന്നാലെ മമതയുടെ വസതിക്ക് പുറത്ത് പൊലീസുകാർ പരേഡ് നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുമെന്ന വാഗ്ദാനവുമായി അധികാരത്തിലെത്തിയ ബി.ജെ.പി സർക്കാരിനെ സംബന്ധിച്ചിടത്തോളം വലിയൊരു രാഷ്ട്രീയ പരീക്ഷണമാണ് ഈ കൊലപാതകം. ബംഗാളിലെ ക്രമസമാധാന നിലയെച്ചൊല്ലി പ്രതിപക്ഷം സർക്കാരിനെതിരെ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. കഴിഞ്ഞ കുറച്ചു കാലങ്ങളായി സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ഉയർന്നുവന്ന ജനരോഷം ഭരണകൂടത്തിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ വർഷം കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളജിൽ നടന്ന സംഭവത്തിന് സമാനമായ രോഷമാണ് ഇപ്പോൾ ബംഗാളിലുടനീളം ഉയരുന്നത്.

സംസ്ഥാനത്ത് അക്രമം നിയന്ത്രിക്കാൻ സർക്കാർ കടുത്ത നടപടികൾ സ്വീകരിക്കുമ്പോഴും, പെൺകുട്ടിയുടെ മരണവും തുടർന്നുണ്ടായ രാഷ്ട്രീയ വിവാദങ്ങളും ബംഗാളിന്റെ അന്തരീക്ഷം കൂടുതൽ കലുഷിതമാക്കിയിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - 11-year-old girl's 'rape-murder; TMC alleges Mamata under 'house arrest'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.