മുംബൈ: മുംബൈയിൽ റെക്കോർഡ് ഭേദിച്ച നിലയിൽ പെയ്ത മഴയിൽ 13 പേർ മരിച്ചു. റെക്കോർഡ് മഴ തുടരുന്നു. ശക്തമായ മഴയിലും കാറ്റിലും മണ്ണിടിച്ചിലിലും 13 പേർ മരിച്ചു. മുംബൈ, പാൽഘർ, റായ്ഗഡ് എന്നിവിടങ്ങളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. മുംബൈയിലും പരിസര പ്രദേശങ്ങളിലും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ലോണാവാലയിൽ 670 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി.
അന്ധേരി ഈസ്റ്റ് പ്രദേശത്ത് കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ടുള്ള റോഡുകളിലൂടെ യാത്രക്കാർ ദുരിതത്തിലായി.ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) റെഡ് അലർട്ട് മുന്നറിയിപ്പിനെ തുടർന്ന് മുംബൈ സർവകലാശാല ജൂലൈ 6-ന് (ഇന്ന്) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.
മഴ കനത്ത സാഹചര്യത്തിൽ മുംബൈ, പുനെ, താനെ, പാൽഘർ ജില്ലകളിലെ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകൾക്കും കോളേജുകൾക്കും തിങ്കളാഴ്ച അധികൃതർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയെത്തുടർന്ന് മഹാരാഷ്ട്ര നിയമസഭാ സമ്മേളനം നിർത്തിവെച്ചു. സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യം അനുവദിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. സർക്കാർ ജീവനക്കാർക്ക് ഹാഫ് ഡേ ലീവ് അനുവദിച്ചു.
കനത്ത മഴയിൽ മുംബൈയിൽ വ്യാപക നാശനഷ്ടം. പലയിടങ്ങളിലും മിന്നൽ പ്രളയവും മണ്ണിടിച്ചിലും ഉണ്ടായി. മരങ്ങൾ വ്യാപകമായി കടപുഴകി. ഞായറാഴ്ച രാത്രിയോടെ മഴയുടെ ശക്തി വർദ്ധിച്ചതോടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും റോഡ്-റെയിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.
കർജാത്-ലോണാവാല ബോർഘട്ട് സെക്ഷനിൽ മണ്ണിടിഞ്ഞു വീണതിനെ തുടർന്നാണ് മുംബൈ-പുണെ റെയിൽ സർവീസുകൾ തിങ്കളാഴ്ച പുലർച്ചെയോടെ നിർത്തിവെച്ചത്. സെൻട്രൽ റെയിൽവേയുടെ പരിധിയിൽ വരുന്ന താക്കൂർവാടിക്ക് സമീപവും, ഖണ്ടാലയ്ക്കും മങ്കി ഹില്ലിനും ഇടയിലുള്ള മിഡിൽ ലൈനിലുമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഈ റൂട്ടിലെ മൂന്ന് റെയിൽവേ ലൈനുകളെയും മണ്ണിടിച്ചിൽ ബാധിച്ചതോടെ നിരവധി ദീർഘദൂര ട്രെയിനുകൾ റദ്ദാക്കുകയോ, വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്.
സി.എസ്.എം.ടി-പുണെ ഇന്ദ്രായണി എക്സ്പ്രസ്, ഇന്റർസിറ്റി എക്സ്പ്രസ്, ഡെക്കാൻ എക്സ്പ്രസ്, ഡെക്കാൻ ക്വീൻ, പ്രഗതി എക്സ്പ്രസ്, ധൂലെ എക്സ്പ്രസ് എന്നിവ റദ്ദാക്കിയ സർവീസുകളിൽ ഉൾപ്പെടുന്നു. കൂടാതെ നിരവധി ട്രെയിനുകളുടെ സമയക്രമം മാറ്റിയിട്ടുണ്ട്. ഖോപോലി-കുസ്ഗാവ് 'മിസ്സിംഗ് ലിങ്ക്' പാതയിലെ ടണൽ 2-ന്റെ എക്സിറ്റിന് സമീപമുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് റോഡ് ഗതാഗതവും സ്തംഭിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി പുണെയിൽ നിന്ന് മുംബൈയിലേക്കുള്ള വാഹനങ്ങൾ വഴിതിരിച്ചുവിട്ടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.