കെജ്‍രിവാളിന്റെ ഒൗദ്യോഗിക വസതിക്കു പുറത്ത് മാലിന്യം തള്ളി സ്വാതി മലിവാളിന്റെ പ്രതിഷേധം

ന്യൂഡൽഹി: ഡൽഹിയിലെ മാലിന്യ സംസ്കരണത്തിൽ എ.എ.പി സർക്കാർ പരാജയപ്പെട്ടുവെന്നാരോപിച്ച് ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റ ഔദ്യോഗിക വസതിക്ക് പുറത്ത് ടൺ കണക്കിന് മാലിന്യം തള്ളി എ.എ.പിയുമായി ഇടഞ്ഞു നിൽക്കുന്ന സ്വാതി മലിവാൾ എം.പി. ഡൽഹിയുടെ അടിസ്ഥാന വികസനം എ.എ.പി തകർക്കുകയാണെന്നും സ്വാതി മലിവാൾ ആരോപിച്ചു. ഫെബ്രുവരി അഞ്ചിന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടുമുമ്പാണ് രാജ്യ സഭ എം.പിയായ സ്വാതിയുടെ പ്രതിഷേധം.

ഒരുകൂട്ടം പ്രദേശവാസികൾക്കൊപ്പമാണ് സ്വാതി കെജ്രിവാളിന്റെ വസതിക്കു സമീപം എത്തിയത്. ആദ്യം ഇവർ വികാസ്പുരിയിലെ മാലിന്യക്കൂമ്പാരം സന്ദർശിച്ചു. അവിടെ നിന്ന് മാലിന്യം മൂന്ന് ടെംപോകളിലായി കയറ്റി കെജ്രിവാളിന്റെ വസതിക്കു മുന്നിൽ കൊണ്ടിടുകയായിരുന്നു. ഡൽഹിയിലെ എല്ലാ ഭാഗത്തും കെജ്രിവാളും കൂട്ടരും സംഭാവനയായി നൽകിയ ഈ വിലകൂടിയ സമ്മാനം എന്തുചെയ്യണമെന്ന് പറഞ്ഞുതര​ണമെന്നും അവർ ആവശ്യപ്പെട്ടു.

ഡൽഹിയിലെ മാലിന്യ പ്രശ്നം അനുദിനം വഷളാവുകയാണെന്നും അവർ പറഞ്ഞു. പ്രദേശിക ഭരണകർത്താക്കളോട് മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് നിരവധി തവണ സംസാരിച്ചിട്ടും ഫലമുണ്ടായില്ല. ഡൽഹിയിലെ മുക്കിലും മൂലയിലും മാലിന്യമാണ്. റോഡുകളും ഡ്രെയിനേജുകളും തകർന്ന് മാലിന്യം ഒഴുകുകയാണ്.നഗരത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കെജ്രിവാളിന് സമയമില്ല. ഡൽഹിയിലെ അടിസ്ഥാന പ്രശ്നങ്ങളെ കുറിച്ച് അദ്ദേഹത്തിന് ഒരറിവുമില്ല.- സ്വാതി മലിവാൾ ചൂണ്ടിക്കാട്ടി.

ഈ പ്രതിഷേധം ഒരു പ്രത്യേക പാർട്ടിക്ക് എതിരെയല്ലെന്നും അധികാരികളുടെ കണ്ണ് തുറപ്പിക്കാനാണെന്നും സ്വാതി മലിവാൾ കൂട്ടിച്ചേർത്തു. പ്രതിഷേധത്തിന് പിന്നാലെ സ്വാതി മലിവാളിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Tags:    
News Summary - Swati Maliwal dumps trash outside AAP chief's home in protest over cleanliness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.