ഭീകരരെ പിന്തുണക്കുന്നവര്‍ അതിന് വിലയൊടുക്കണം –സുഷമ

ന്യൂഡല്‍ഹി: ഭീകരരെ  പിന്തുണക്കുകയും നല്ല ഭീകരരെന്നും ചീത്ത ഭീകരരെന്നും തെറ്റായ വ്യാഖ്യാനം സൃഷ്ടിക്കുകയും ചെയ്യുന്നവര്‍ അതിന്‍െറ  വിലയൊടുക്കണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.  ഭരണകൂടം പ്രായോജകരാകുന്ന  ഭീകരത ലോകം നേരിടുന്ന വലിയ വെല്ലുവിളിയാണെന്നും  ന്യൂഡല്‍ഹിയില്‍ ബ്രിക്സ് മാധ്യമ ഫോറം ഉദ്ഘാടനം ചെയ്ത് അവര്‍ പറഞ്ഞു.

പാകിസ്താനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കടുത്ത ആരോപണത്തിന് ബ്രിക്സ് രാജ്യങ്ങളുടെ പൂര്‍ണ പിന്തുണ കിട്ടിയില്ളെന്ന വിമര്‍ശത്തിനിടയിലാണ് പാകിസ്താനെ പേരെടുത്തുപറയാതെ സുഷമയും രംഗത്തുവരുന്നത്.  ഭീകരതയുടെ കേന്ദ്രസ്ഥാനം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭീകരതയുടെ ഫാക്ടറി എന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും പാകിസ്താനെ വിശേഷിപ്പിച്ചതിന്‍െറ തുടര്‍ച്ചയായാണിത്.

ഭീകരതയെ നേരിടല്‍ ഒരു സാധാരണ കാര്യമായി എടുക്കാനാകില്ളെന്ന നിലപാടിന് അംഗീകാരം വര്‍ധിച്ചുവരുന്നത് ബ്രിക്സ് ഉച്ചകോടിയില്‍ കണ്ടുവെന്ന് സുഷമ പറഞ്ഞു. ഭീകരത ആഗോള ഭീഷണിയാണെന്നും  സമാധാനത്തിനും വികസനത്തിനും പുരോഗതിക്കും അത് വെല്ലുവിളിയാണെന്നുമുള്ള നിലപാട് അംഗീകരിക്കുന്നതില്‍ എല്ലാവരും ഒറ്റക്കെട്ടായി.   ഭീകരത സംബന്ധിച്ച ആഗോള ചര്‍ച്ച ഏതാനും ചില രാജ്യങ്ങളുടെ  ഇടുങ്ങിയ അജണ്ടയെ സംരക്ഷിക്കാനുള്ളതാകരുതെന്നാണ് ബ്രിക്സ് അടിവരയിട്ടത്.

ഗോവയില്‍ സമാപിച്ച ബ്രിക്സ് ഉച്ചകോടിയുടെ അനുബന്ധ പരിപാടിയെന്ന നിലയിലാണ് ബ്രിക്സ് അംഗരാജ്യങ്ങളില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കായി കേന്ദ്ര വിദേശ മന്ത്രാലയം മാധ്യമ ഫോറം സംഘടിപ്പിച്ചത്. വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറും പങ്കെടുത്തു.

 

Tags:    
News Summary - sushma SWARAJ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.