ന്യൂഡൽഹി: കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മാധ്യമങ്ങളും തമ്മിൽ കുറെകാലമായി അത്ര രസത്തിലല്ല. മാധ്യമപ്രവർത്തകർ മൈക്കുമായി ഓടിവരുന്നത് കാണുമ്പോഴേ കേരളത്തിലെ ഒരേയൊരു ബി.ജെ.പി എം.പിക്ക് കലിയിളകും. പിന്നെ ചോദ്യങ്ങൾക്കെല്ലാം വായിൽ തോന്നുന്ന രീതിയിലുള്ള മറുപടിയാണ് സുരേഷ് ഗോപി നൽകുക.
അങ്ങനെയിരിക്കെ ഒരവസരം കിട്ടിയപ്പോൾ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ആളുകൾക്ക് മുന്നിൽ എങ്ങനെ പെരുമാറണമെന്ന് സുരേഷ് ഗോപിക്ക് ഉപദേശം നൽകുകയുണ്ടായി. ന്യൂസ് മേക്കർ പുരസ്കാരം സ്വീകരിക്കാനായി എത്തിയതായിരുന്നു സുരേഷ് ഗോപി. അവിടെ വെച്ചാണ് ഉപരാഷ്ട്രപതിയെ കണ്ടുമുട്ടിയത്.
സഹോദര തുല്യനായ സുഹൃത്തും വഴികാട്ടിയും എന്നാണ് സുരേഷ് ഗോപി സി.പി. രാധാകൃഷ്ണനെ കുറിച്ച് പറയാറുള്ളത്. പൊതുജനങ്ങൾക്ക് മുന്നിലെത്തുമ്പോൾ രോഷാകുലനാകരുതെന്നും ശാന്തനായിരിക്കണമെന്നുമാണ് സുരേഷ് ഗോപിയോട് ഉപരാഷ്ട്രപതി പറഞ്ഞത്. മാധ്യമങ്ങൾക്കു മുന്നിലെത്തുമ്പോഴും സംയമനം വിടരുതെന്നും രാധാകൃഷ്ണൻ പറഞ്ഞു. ''ആളുകൾ ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഒരിക്കലും വികാരഭരിതനാകരുത്. മറുപടി പറയാൻ താൽപര്യമുണ്ടെങ്കിൽ അങ്ങനെ ചെയ്യുക. അല്ലെങ്കിൽ ഒന്നുമിണ്ടാതെ പോവുക''-ഇതായിരുന്നു സി.പി. രാധാകൃഷ്ണന്റെ ഉപദേശം. സുരേഷ് ഗോപി എല്ലാം ഒരു ചിരിയോടെ തലയാട്ടി കേൾക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.