നവനീത് റാണ

നവനീത് റാണയുടെ പട്ടിക ജാതി സർട്ടിഫിക്കറ്റ് അസാധുവാക്കിയത് സുപ്രീംകോടതി റദ്ദാക്കി

ന്യൂഡൽഹി: ബി.ജെ.പിയിൽ ചേർന്ന് അമരാവതിയിൽ പാർട്ടി സ്ഥാനാർഥിയായ നവനീത് കൗർ റാണയുടെ പട്ടിക ജാതി സർട്ടിഫിക്കറ്റ് റദ്ദാക്കിയ ബോംബെ ഹൈകോടതി വിധി സുപ്രീംകോടതി റദ്ദാക്കി. 2019-ൽ അമരാവതിയിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി ലോക്സഭയിലെത്തിയ തെന്നിന്ത്യൻ സിനിമാ നടിയും ‘ലൗ ഇൻ സിങ്കപ്പൂർ’ എന്ന മലയാള സിനിമയിൽ മമ്മുട്ടിയുടെ നായികയുമായിരുന്ന നവനീത് കൗർ റാണ സംവരണ മണ്ഡലത്തിൽ മൽസരിക്കാനായി പട്ടിക ജാതി സർട്ടിഫിക്കറ്റുണ്ടാക്കാൻ വ്യാജ രേഖകൾ കെട്ടിച്ചമച്ചുവെന്ന ഹൈകോടതി വിധിയാണ് ജസ്റ്റിസുമാരായ ജെ.കെ മഹേശ്വരി, സഞ്ജയ് കരോൾ എന്നിവരടങ്ങുന്ന ബെഞ്ച് റദ്ദാക്കിയത്. വ്യാജരേഖകൾ ചമച്ചതിന് അവർക്ക് രണ്ട് ലക്ഷം രൂപ ഹൈകോടതി പിഴയിടുകയും ചെയ്തിരുന്നു.

‘സിഖ് ഛമർ’ സമുദായക്കാരിയായ നവനീത് കൗർ റാണ താൻ ‘മോച്ചി’ ജാതിക്കാരിയാണ് എന്ന് സർട്ടിഫിക്കറ്റുണ്ടാക്കിയാണ് 2019-ൽ അമരാവതി പട്ടിക ജാതി സംവരണ മണ്ഡലത്തിൽ മൽസരിച്ച് ലോക്സഭയിലെത്തിയത്. പട്ടിക ജാതികയായ ഛമറും സിഖ് ഛമറും ഒന്നല്ലെന്നും അവ ഇന്ത്യൻ ഭരണഘടനയിലെ 11-ാം പട്ടികയിൽ പട്ടിക ജാതി വിഭാഗമായി കണക്കാക്കുന്ന ‘മോച്ചി’ ജാതിയിൽപ്പെടുന്നതല്ലെന്നും വ്യക്തമാക്കിയാണ് ബോംബെ ഹൈകോടതി ജാതി സർട്ടിഫിക്കറ്റ് റദ്ദാക്കി നവനീത് കൗറിന് പിഴയിട്ടത്. എന്നാൽ, നവനീതിന്റെ ജാതി സർട്ടിഫിക്കറ്റ് പരിശോധിച്ച കമ്മിറ്റിയുടെ റിപ്പോർട്ടിൽ ഹൈകോടതി ഇടപെടേണ്ടിയിരുന്നില്ല എന്ന് സുപ്രീംകോടതി അഭി​പ്രായപ്പെട്ടു.

Tags:    
News Summary - Supreme Court upholds Amravati MP Navneet Rana's caste certificate, sets aside Bombay HC verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.